മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവം; പാരാമെഡിക്കൽ കോഴ്സുകൾക്ക് ഇനി ഒരേ പേര്, ഒരേ നിയമം
text_fieldsനാഷനൽ കമീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രഫഷൻസ് (എൻ.സി.എ.എച്ച്.പി) രാജ്യത്തെ മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ ഘടന അടിമുടി മാറ്റി സുപ്രധാന വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. ഇത്രയുംകാലം നിലനിന്നിരുന്ന അവ്യക്തതകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഇതോടെ വിരാമമാവും. ഇനി പാരാമെഡിക്കൽ കോഴ്സുകൾ എന്നല്ല അലൈഡ് ഹെൽത്ത് പ്രാക്ടീഷനർ കോഴ്സ് എന്ന പേരിലാണ് അറിയപ്പെടുക.
മെഡിക്കൽ രംഗത്ത് കരിയർ സ്വപ്നം കാണുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ അറിയാതെ ഇനി ഒരു എ.എച്ച്.പി കോഴ്സും തിരഞ്ഞെടുക്കരുത്.
എ.എച്ച്.പി ബിരുദധാരികൾ ഇന്ത്യൻ ആരോഗ്യരംഗത്ത് ഇനി ‘ടെക്നീഷ്യൻ’ എന്ന പേരിലല്ല, ‘സയന്റിസ്റ്റ്’ അല്ലെങ്കിൽ ‘തെറപ്പിസ്റ്റ്’ എന്ന നിലയിലാകും അറിയപ്പെടുക.
എന്താണ് ഈ മാറ്റത്തിന്റെ പ്രസക്തി?
ഇന്നലെവരെ കേരളത്തിൽ ഒരു പേരും, തമിഴ്നാട്ടിൽ മറ്റൊരു പേരും, കർണാടകയിൽ വേറൊരു കാലാവധിയുമായിരുന്നു പാരാമെഡിക്കൽ കോഴ്സുകൾക്ക് ഉണ്ടായിരുന്നത്. ഇത് വിദേശ ജോലിക്ക് ശ്രമിക്കുമ്പോൾ വലിയ തടസ്സമായിരുന്നു. എന്നാൽ, ഇനി മുതൽ യു.ജി.സി അംഗീകാരമുള്ള എല്ലാ സർവകലാശാലകളിലും ഈ കോഴ്സുകൾക്ക് ഒരേ പേര്, ഒരേ കാലാവധി, ഒരേ പ്രവേശന യോഗ്യത എന്നിവയായിരിക്കും.
മൂന്നു വർഷത്തെ ഡിഗ്രി നാലു വർഷവും അഞ്ചു വർഷവുമായി മാറുമ്പോൾ അത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് (ഓണേഴ്സ് തലം) ഉയരുകയാണ്. വിദേശ രാജ്യങ്ങളിൽ ജോലിക്കും ഉപരിപഠനത്തിനും ഇത് വലിയ മുതൽക്കൂട്ടാകും.
പ്രധാന വിഭാഗങ്ങളിൽ വന്ന മാറ്റങ്ങൾ
1. ഫിസിയോതെറപ്പി: നീറ്റ് നിർബന്ധമാകുന്നു
ഏറ്റവും കൂടുതൽ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന ഫിസിയോതെറപ്പിയിലാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം.
● കോഴ്സിന്റെ പേര്: ബാച്ലർ ഓഫ് ഫിസിയോതെറപ്പി (ബി.പി.ടി).
● കാലാവധി: അഞ്ചു വർഷം. ഇതിൽ നാലു വർഷം ക്ലാസ് റൂം പഠനവും ഒരു വർഷം നിർബന്ധിത ഇന്റേൺഷിപ്പും ഉണ്ടായിരിക്കും.
● പ്രവേശനം: പ്രവേശനത്തിന് വിദ്യാർഥി നീറ്റ് പരീക്ഷ എഴുതിയിരിക്കണം എന്നത് നിർബന്ധമാണ്. എം.ബി.ബി.എസിന് വേണ്ടതുപോലെ ഉയർന്ന കട്ട്-ഓഫ് മാർക്കോ, നിശ്ചിത പാസ് മാർക്കോ ഇതിന് ആവശ്യമില്ല. നീറ്റ് പരീക്ഷയിൽ പങ്കെടുത്തു എന്ന് ഉറപ്പുവരുത്തണം. നീറ്റ് സ്കോർ അല്ലെങ്കിൽ മെറിറ്റ് അടിസ്ഥാനമാക്കിയായിരിക്കും റാങ്ക് ലിസ്റ്റ് തയാറാക്കുക.
● യോഗ്യത: പ്ലസ് ടു സയൻസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (പി.സി.ബി) x എന്നിവക്ക് മൊത്തം 50 ശതമാനം മാർക്ക് വേണം. (സംവരണ വിഭാഗങ്ങൾക്ക് 40 ശതമാനം മതി).
2. ഒക്കുപേഷനൽ തെറപ്പി
● കോഴ്സിന്റെ പേര്: ബാച്ലർ ഓഫ് ഒക്കുപേഷനൽ തെറപ്പി (ബി.ഒ.ടി).
കാലാവധി: അഞ്ചു വർഷം (നാലു വർഷം പഠനം + ഒരു വർഷം ഇന്റേൺഷിപ്).
● പ്രവേശനം: ഇതിനും ഫിസിയോതെറപ്പി പോലെത്തന്നെ നീറ്റ് എഴുതിയവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
3. മെഡിക്കൽ ലബോറട്ടറി സയൻസ്
പഴയ ബി.എസ്സി എം.എൽ.ടി ഇനിയില്ല. പുതിയ പേര്: ബാച്ലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസ് (ബി.എം.എൽ.എസ്).
● കാലാവധി: നാലു വർഷം (സെമസ്റ്റർ രീതി).
● യോഗ്യത: പ്ലസ് ടു സയൻസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (സുവോളജി + ബോട്ടണി) എന്നിവ പഠിച്ചിരിക്കണം. പ്ലസ് ടു മാർക്കിന്റെ മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം.
● ലാറ്ററൽ എൻട്രി: ഡി.എം.എൽ.ടി (ഡി.എം.എൽ.ടി) കഴിഞ്ഞവർക്ക് ബിരുദത്തിന്റെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) നേരിട്ട് പ്രവേശനം ലഭിക്കും.
4ഒപ്റ്റോമെട്രി
കാഴ്ചശക്തി പരിശോധനയും ചികിത്സയുമായി ബന്ധപ്പെട്ട ഈ മേഖലയിൽ വലിയൊരു ഇളവ് നൽകിയിട്ടുണ്ട്. കണക്ക് പഠിച്ചവർക്കും ഇതിന് ചേരാം എന്നതാണത്.
● കോഴ്സിന്റെ പേര്: ബാച്ലർ ഓഫ് ഒപ്റ്റോമെട്രി (ബി.ഒപ്ടോം)
● കാലാവധി: അഞ്ചു വർഷം (നാലു വർഷം പഠനം + ഒരു വർഷം ഇന്റേൺഷിപ്).
● ആർക്കൊക്കെ ചേരാം?: പ്ലസ് ടു സയൻസ് സ്ട്രീംതന്നെ വേണം. എന്നാൽ, ബയോളജി നിർബന്ധമില്ല. ഫിസിക്സ്, കെമിസ്ട്രി എന്നിവക്കൊപ്പം മാത്തമാറ്റിക്സ് പഠിച്ചവർക്കും ഈ കോഴ്സിന് ചേരാം. എൻജിനീയറിങ് മോഹം ഉപേക്ഷിച്ച് മെഡിക്കൽ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.
5. റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി
രോഗനിർണയ രംഗത്തെ സ്കാനിങ് മെഷീനുകൾ (എം.ആർ.ഐ, സി.ടി, എക്സ്റേ) കൈകാര്യം ചെയ്യുന്നവരാണിവർ.
● കോഴ്സ് 1: ബാച്ലർ ഓഫ് മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി (ബി.എം.ആർ.ഐ.ടി). കാലാവധി നാലു വർഷം (മൂന്നു വർഷം + ഒരു വർഷം ഇന്റേൺഷിപ്).
● കോഴ്സ് 2 (കാൻസർ ചികിത്സ): ബാച്ലർ ഓഫ് റേഡിയേഷൻ തെറപ്പി ടെക്നോളജി (ബി.ആർ.ടി.ടി). കാലാവധി നാലു വർഷം (ആറു മാസം ഇന്റേൺഷിപ് ഉൾപ്പെടെ).
● യോഗ്യത: പ്ലസ് ടു സയൻസ് (പി.സി.ബി) പാസായിരിക്കണം.
6. ഓപറേഷൻ തിയറ്റർ ആൻഡ് എമർജൻസി കെയർ
● അനസ്തേഷ്യ: ബാച്ലർ ഓഫ് അനസ്തേഷ്യ ആൻഡ് ഓപറേഷൻ തിയറ്റർ ടെക്നോളജി (ബി.എ.ഒ.ടി.ടി). നാലു വർഷമാണ് കാലാവധി. ഇതിനും മാത്തമാറ്റിക്സ് പഠിച്ചവർക്ക് പ്രവേശനമുണ്ട്.
● എമർജൻസി മെഡിസിൻ: അത്യാഹിത വിഭാഗത്തിൽ (കാഷ്വാലിറ്റി) പ്രവർത്തിക്കാൻ ബാച്ലർ ഓഫ് എമർജൻസി മെഡിക്കൽ ടെക്നോളജിസ്റ്റ് (ബി.ഇ.എം.ടി) എന്ന നാലു വർഷ കോഴ്സ് വരുന്നു.പ്ലസ് ടു ബയോ സയൻസാണ് യോഗ്യത.
7. സയൻസ് ഇല്ലാത്തവർക്കുള്ള അവസരങ്ങൾ
സയൻസ് ഗ്രൂപ് എടുക്കാത്തതുകൊണ്ട് മെഡിക്കൽ രംഗം സ്വപ്നം കാണാൻ കഴിയാത്തവർക്ക് ആശ്വാസമാകുന്ന കോഴ്സുകൾക്ക് വ്യക്തത വന്നിരിക്കുന്നു.
● ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് (ബി.എസ്സി എച്ച്.ഐ.എം): ആശുപത്രികളിലെ ഇൻഷുറൻസ്, രോഗികളുടെ റെക്കോഡുകൾ എന്നിവ കൈകാര്യം ചെയ്യുന്ന ജോലിയാണിത്.
നാലു വർഷം. സയൻസ്, കോമേഴ്സ്, അല്ലെങ്കിൽ ആർട്സ് (ഇംഗ്ലീഷ് ഒരു വിഷയം ആയിരിക്കണം) കഴിഞ്ഞ ആർക്കും അപേക്ഷിക്കാം.
● ബാച്ലർ ഓഫ് മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് (ബി.എം.പി.എസ്.ഡബ്ല്യു):
നാലു വർഷം. പ്ലസ് ടു ഏത് സ്ട്രീം കഴിഞ്ഞവർക്കും ഇതിന് അപേക്ഷിക്കാം.
● ബാച്ലർ ഓഫ് സൈക്കോളജി (ബി.പി.എസ്.വൈ): നാലു വർഷം. സയൻസ്/ആർട്സ്/സൈക്കോളജി എടുത്തവർക്ക് അപേക്ഷിക്കാം.
8. മറ്റു കോഴ്സുകൾ
● ന്യൂട്രീഷൻ: ബാച്ലർ ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് (ഓണേഴ്സ്). നാലു വർഷം. 50 ശതമാനം മാർക്ക് നിർബന്ധം.
● ഫിസിഷ്യൻ അസോസിയേറ്റ് (ബി.പി.എ): ഡോക്ടർമാരെ സഹായിക്കാൻ. നാലു വർഷത്തെ കോഴ്സ്. പ്ലസ് ടു ബയോളജി (ബോട്ടണി & സുവോളജി) നിർബന്ധം.
● റെസ്പിറേറ്ററി ടെക്നോളജി (ബി.ആർ.ടി): നാലു വർഷം (3+1)
● ഡയാലിസിസ് ടെക്നീഷ്യൻ (ബി.ഡി.ടി.ടി): നാലു വർഷം.
പൊതുവായ പ്രവേശന നിയമങ്ങൾ
● പ്രായപരിധി: പ്രവേശനം എടുക്കുന്ന വർഷം ഡിസംബർ 31ന് വിദ്യാർഥിക്ക് 17 വയസ്സ് പൂർത്തിയായിരിക്കണം.
● ഡിപ്ലോമക്കാർക്ക് ലാറ്ററൽ എൻട്രി: മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമ (ഉദാഹരണത്തിന്, ഡി.എം.എൽ.ടി) പാസായവർക്ക്, ബിരുദ കോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാം. ഓരോ കോഴ്സിലും 10 ശതമാനം സീറ്റുകൾ ഇതിനായി മാറ്റിവെക്കും.
● വിദേശ വിദ്യാർഥികൾ: വിദേശത്തുനിന്ന് പഠിക്കാൻ വരുന്നവർക്ക് നീറ്റ് ബാധകമായ കോഴ്സുകളിൽ നീറ്റ് എഴുതേണ്ടത് നിർബന്ധമാണ്. കൂടാതെ സംസ്ഥാന കൗൺസിലിൽനിന്ന് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങണം.
● പി.ജി പഠനം: ഈ ബിരുദങ്ങൾക്ക് ശേഷം രണ്ടു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സുകളും (പി.ജി), പിഎച്ച്.ഡിയും ചെയ്യാനുള്ള അവസരവുമുണ്ട്.
ഈ വർഷം മുതൽ കോഴ്സ് തിരഞ്ഞെടുക്കുന്നവർ പഴയ പേരുകളും (ഉദാഹരണത്തിന്, മൂന്നു വർഷത്തെ ബി.എസ്സി എം.എൽ.ടി) പഴയ രീതികളും കണ്ട് അബദ്ധത്തിൽ ചാടരുത്. പുതിയ വിജ്ഞാപനം അനുസരിച്ചുള്ള കോഴ്സുകൾതന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തുല്യത പ്രശ്നങ്ങളിൽ പെടാതിരിക്കാനും കരിയർ സാധ്യതകൾക്കും അതാണ് സഹായകരമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

