എം. ഇ. എസ് എയ്ഡഡ് സ്ഥാപനങ്ങളിൽ ഭിന്നശേഷി സംവരണം
text_fieldsപെരിന്തൽമണ്ണ: എം.ഇ.എസ് എയ്ഡഡ് കോളജുകളിലും എയ്ഡഡ് സ്കൂളുകളിലും സർക്കാർ നിർദേശിക്കുന്ന രൂപത്തിൽ ഭിന്നശേഷിക്കാർക്ക് നിയമനം നടത്താൻ പെരിന്തൽമണ്ണയിൽ ചേർന്ന സംസ്ഥാന ജനറൽ ബോഡി യോഗം യോഗം തീരുമാനിച്ചു. എയ്ഡഡ് സ്കൂളിൽ ഭിന്നശേഷിക്കാർക്ക് ഇതിനകം നിയമനം നടപ്പാക്കിയത് അംഗീകരിച്ചു.
2020ലെ കേന്ദ്ര ഫിനാൻസ് ആക്ട് ഭേദഗതി ആക്ട് പ്രകാരം എം.ഇ.എസ് നിയമാവലി ഭേദഗതി അംഗീകരിച്ചു. 546 കോടിയുടെ വാർഷിക ബജറ്റ് പാസാക്കി. എയ്ഡഡ് കോളജുകൾക്ക് 26 കോടി, എയ്ഡഡ് സ്കൂളുകൾക്ക് ആറ് കോടി, മെഡിക്കൽ കോളജിനും അനുബന്ധ സ്ഥാപനങ്ങൾക്കും 31 കോടി, കുറ്റിപ്പുറം, കക്കോടി, ചാത്തന്നൂർ, കുന്നുകര എന്നിവിടങ്ങളിലെ എൻജിനീയറിങ് കോളജുകൾക്ക് ഒമ്പത് കോടി എന്നിങ്ങനെയാണ് നീക്കിവെച്ചത്.
തിരുവനന്തപുരത്തും ആലപ്പുഴയിലും അടുത്ത അധ്യയനവർഷം പുതിയ കോളജുകൾ ആരംഭിക്കും. വിദേശ യൂനിവേഴ്സിറ്റികൾക്ക് രാജ്യത്ത് കാമ്പസുകൾ സ്ഥാപിച്ച് അവരുടെ കോഴ്സുകൾ നടത്താൻ അനുമതി നൽകുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനംകൂടി ഏർപ്പെടുത്തണമെന്നും പ്രവേശനം രാജ്യത്ത് നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും ആവശ്യപ്പെട്ടു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. അബൂബക്കറിനെ ആദരിച്ചു. എം.എ. യൂസുഫലിക്കെതിരെ അനാവശ്യമായി നടത്തുന്ന കുപ്രചാരണത്തെ അപലപിച്ചു. പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു.