ഹയർസെക്കൻഡറി ബാച്ചുകളുടെ പുനഃക്രമീകരണം; സമിതി റിപ്പോർട്ട് സമർപ്പിച്ചു
text_fieldsതിരുവനന്തപുരം: മതിയായ കുട്ടികളില്ലാത്ത ഹയർസെക്കൻഡറി ബാച്ചുകൾ സീറ്റ് ക്ഷാമം നേരിടുന്ന മേഖലകളിലേക്ക് പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രഫ.വി. കാർത്തികേയൻ നായർ അധ്യക്ഷനായ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിന്റെ വിശദാംശം വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിട്ടില്ല.
ബാച്ച് നിലനിർത്താനാവശ്യമായ 25 കുട്ടികളില്ലാത്ത 105 ബാച്ചുള്ളതായി റിപ്പോർട്ടിൽ പറയുന്നു. 12 എയ്ഡഡ് സ്കൂളുകളിലായി 15 ബാച്ചും 70 സർക്കാർ സ്കൂളുകളിലായി 90 ബാച്ചുമാണുള്ളത്. ഈ ബാച്ചുകളുടെയും അൺഎയ്ഡഡ് സ്കൂളുകളിൽ കുട്ടികളില്ലാത്ത ബാച്ചുകളുടെയും പുനഃക്രമീകരണത്തിന് സമിതി ശിപാർശ സമർപ്പിച്ചതായാണ് സൂചന.
പ്രവേശനത്തിൽ ബോണസ് പോയന്റ് നൽകുന്നതിലെ അശാസ്ത്രീയതയും ഉൾപ്പെടുത്തിയതായറിയുന്നു. മെറിറ്റ് സീറ്റുകളിലേക്കുള്ള ഏകജാലക പ്രവേശന നടപടികളിൽ മാറ്റത്തിനും ശിപാർശയുണ്ട്. സീറ്റ് ക്ഷാമമുള്ള സ്ഥലങ്ങളിൽ പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം സിറ്റിങ്ങുകളിൽ ഉയർന്നിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി സമിതി മൂന്ന് സിറ്റിങ്ങാണ് നടത്തിയത്. നേരിട്ടും നിർദേശങ്ങൾ സ്വീകരിച്ചിരുന്നു.
ഹയർസെക്കൻഡറി ബാച്ചിൽ പ്രവേശനം നൽകേണ്ട കുട്ടികളുടെ എണ്ണം 50 ആയിരിക്കെ സീറ്റ് ക്ഷാമം പരിഹരിക്കാൻ 65 വരെ കുട്ടികൾക്ക് പ്രവേശനം നൽകുന്നതിലെ അശാസ്ത്രീയതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷഫലം പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കും. ശിപാർശകൾ ഈ വർഷത്തെ പ്രവേശനത്തിൽ നടപ്പാക്കാൻ തയാറാകുമോ എന്നതും നിർണായകമാണ്. ഹയർസെക്കൻഡറി അക്കാദമിക് ജോയന്റ് ഡയറക്ടർ ആർ. സുരേഷ് കുമാർ മെംബർ സെക്രട്ടറിയായ സമിതിയിൽ എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, ഹയർസെക്കൻഡറി ആർ.ഡി.ഡിമാരായ പി.എം. അനിൽ, അശോക്കുമാർ എന്നിവർ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

