അധ്യാപകർക്ക് ആശ്വാസം; കെ -ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടുമെന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കെ-ടെറ്റ് യോഗ്യതയില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരെ പിരിച്ചുവിടാനും സ്ഥാനക്കയറ്റം റദ്ദാക്കാനുമായിരുന്നു ഉത്തരവ്.
പുതുക്കിയ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് 2026 ഒക്ടോബർ 29 മുതൽ നിയമനാംഗീകാരവും സ്ഥാനക്കയറ്റവും നൽകില്ലെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിൽ എയ്ഡഡ് സ്കൂളുകളുടെ കാര്യത്തിൽ വ്യക്തത വരുത്തിയാണ് ഇന്നലെ ഉത്തരവിറക്കിയത്. പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉൾപ്പെടെ ഉത്തരവിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
2025 സെപ്റ്റംബർ ഒന്നിനാണ് കെ-ടെറ്റ് നിർബന്ധമാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഈ തീയതിക്കോ ശേഷമോ യോഗ്യതയില്ലാതെ നിയമിക്കപ്പെട്ടവരെങ്കിൽ അവരെ മാനേജർമാർ പിരിച്ചുവിടണമെന്നാണ് ഉത്തരവിൽ പറയുന്നത്. മാതൃതസ്തികക്ക് ആവശ്യമായ കെ-ടെറ്റ് യോഗ്യത നേടാതെ 2025 സെപ്റ്റംബർ ഒന്നിനോ ശേഷമോ സ്ഥാനക്കയറ്റം നൽകപ്പെട്ട്, സ്ഥാനക്കയറ്റ തസ്തികയിൽ നിയമനാംഗീകാരം ലഭിക്കാതെ തുടരുന്നവരുണ്ടെങ്കിൽ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണം. കെ-ടെറ്റ് യോഗ്യത നേടാത്തതും എന്നാൽ, പി.എസ്.സിയിൽനിന്ന് നിയമന ശിപാർശ ലഭിച്ചതുമായ ഉദ്യോഗാർഥികളുണ്ടെങ്കിൽ താൽക്കാലിക നിയമനം നൽകാം.
ഇവർ അതത് തസ്തികക്ക് നിർദേശിച്ച യോഗ്യത നേടുന്ന മുറക്ക് അവരുടെ ശിപാർശ സീനിയോറിറ്റി നിലനിർത്തി ക്രമീകരിക്കാം. ഇപ്രകാരം കെ-ടെറ്റ് യോഗ്യത നേടാൻ സുപ്രീംകോടതി ഉത്തരവിൽ പരാമർശിച്ച പരിധിക്കപ്പുറം സമയം അനുവദിക്കില്ല. 2025 സെപ്റ്റംബർ ഒന്നിനു മുമ്പ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തതും കെ-ടെറ്റിന് പകരമായി അന്ന് പരിഗണിക്കാവുന്ന സമാന യോഗ്യതകളുണ്ടായിരുന്നിട്ടും കെ- ടെറ്റ് നേടിയില്ലെന്ന കാരണത്താൽ ശമ്പളം ലഭിക്കാത്ത അധ്യാപകർക്ക് ദിവസവേതനം അനുവദിക്കാം.
2025 സെപ്റ്റംബർ ഒന്നിനു മുമ്പ് നിയമനാംഗീകാരം ലഭിച്ച എയ്ഡഡ് സ്കൂൾ അധ്യാപകർക്കും സർക്കാർ സ്കൂൾ അധ്യാപകർക്കും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗ്രേഡ്, ഇൻക്രിമെന്‍റ് ആനുകൂല്യങ്ങൾ തടസ്സപ്പെടുത്തിയെങ്കിൽ അത് കാലതാമസമില്ലാതെ അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു.

