എൻജി. റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെ എണ്ണത്തിൽ റെക്കോഡ് വർധന
text_fieldsഎൻജിനീയറിങ്ങിൽ രണ്ടാം റാങ്ക് നേടിയ ഹരി കിഷൻ, മൂന്നാം റാങ്ക് നേടിയ അക്ഷയ് ബിജു, ഫാർമസിയിൽ രണ്ടാം റാങ്ക് നേടിയ ഋഷികേശ്, മൂന്നാം റാങ്ക് നേടിയ ഫാത്തിമത്ത് സഹ്റ
തിരുവനന്തപുരം: കേരള എൻജിനീയറിങ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെ എണ്ണത്തിൽ ഇത്തവണ റൊക്കോഡ് വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15,005 പേരാണ് ഇത്തവണ അധികമായി റാങ്ക് പട്ടികയിലെത്തിയത്. കഴിഞ്ഞ വർഷം 52,500 പേരാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതെങ്കിൽ ഇത്തവണ 67,505 പേരുണ്ട്. പട്ടികയുടെ വലിപ്പം കൂടിയത് എൻജിനീയറിങ് പ്രവേശനത്തിനുള്ള ഡിമാന്റ് വർധിപ്പിക്കും. സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ സീറ്റൊഴിവിന്റെ എണ്ണം കുറയാനും ഇത് സഹായിക്കും.
ഇത്തവണ പരീക്ഷ എഴുതിയവരുടെ എണ്ണത്തിലും വർധനയുണ്ട്. 86,549 പേരാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ വർഷം ഇത് 79,044 പേരായിരുന്നു. ഈ വർഷം 76,230 പേർ യോഗ്യത നേടി. പ്ലസ് ടു മാർക്ക് സമർപ്പിച്ച് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് 67505 പേരാണ്. കഴിഞ്ഞ വർഷം 58,340 പേർ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയപ്പോൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത് 52,500 പേരായിരുന്നു. 2023ൽ 49,671 പേരായിരുന്നു റാങ്ക് പട്ടികയിലുണ്ടായിരുന്നത്.
പ്രവേശനപരീക്ഷ കമീഷണറുടെ അലോട്ട്മെന്റിനുശേഷം സ്വാശ്രയ കോളജുകളിൽ ഒഴിവുവരുന്ന എൻജിനീയറിങ് സീറ്റുകളിൽ പ്രവേശന പരീക്ഷ യോഗ്യത നേടാത്തവർക്കും പ്രവേശനം നൽകാൻ രണ്ടു വർഷം മുമ്പ് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ, എൻജിനീയറിങ് പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിരുന്നു. ഇത്തവണ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിൽ തന്നെ വലിയ വർധനയുണ്ടായത് എൻജിനീയറിങ് പ്രവേശനം വർധിക്കാൻ സാധ്യത തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

