കെ.ടി.യുവിലെ പരിശോധന; രാജ്ഭവൻ വിശദീകരണം തേടിയേക്കും
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവിന് ലഭിച്ച പരാതിയിൽ സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) ഗവ. അഡീഷനൽ സെക്രട്ടറി പരിശോധനക്കെത്തിയ സംഭവത്തിൽ രാജ്ഭവൻ വിശദീകരണം തേടിയേക്കും. സർവകലാശാലയിൽ പരിശോധനക്കെത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അഡീഷനൽ സെക്രട്ടറി അജയനെ രാജ്ഭവനിൽ വിളിപ്പിച്ച് വിശദീകരണം തേടുമെന്നാണ് സൂചന.
ഗവ. സെക്രട്ടറി അനധികൃതമായി സർവകലാശാലയിലെത്തി തെളിവെടുപ്പും പരിശോധനയും നടത്തിയതായി രജിസ്ട്രാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വി.സി, ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഗവർണർ ഗവ. സെക്രട്ടറിയെ നേരിട്ട് വിളിച്ച് വിശദീകരണം തേടാൻ രാജ്ഭവൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. മന്ത്രി ബിന്ദുവിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സാങ്കേതിക സർവകലാശാലയിൽ പരിശോധന നടത്തുന്നതെന്ന് ഗവൺമെൻറ് സെക്രട്ടറി രജിസ്ട്രാറെ അറിയിച്ചത്. സർവകലാശാല സിൻഡിക്കേറ്റിലെ മുൻ വിദ്യാർഥി പ്രതിനിധി ആഷിഖ് ഇബ്രാഹിംകുട്ടിക്ക് പിഎച്ച്.ഡി പ്രവേശനം നിഷേധിച്ചതായി മന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്.
സർവകലാശാലകളിൽ പ്രോ-ചാൻസലർ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് നേരിട്ട് ഇടപെടാൻ അവസരമൊരുക്കുന്ന നിയമഭേദഗതി നിയമസഭ പാസാക്കി ഗവർണറുടെ പരിഗണനയിലാണ്. നിയമം പ്രാബല്യത്തിൽ വരും മുമ്പാണ് മന്ത്രി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അഡീഷനൽ സെക്രട്ടറിയെ സർവകലാശാലയിൽ അന്വേഷണത്തിന് അയച്ചതെന്നാണ് ആക്ഷേപം. ഗവ. സെക്രട്ടറി രാജ്ഭവനിൽ ഹാജരാകണമെന്ന നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

