പരീക്ഷ തട്ടിപ്പ്: പി.എസ്.സി ചെയർമാനെതിരെ എസ്.ഐ.ടി മുമ്പാകെ മൊഴി
text_fieldsതിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ് കേസിൽ പി.എസ്.സി ചെയർമാനെതിരെ കമീഷനിലെ ഒരംഗം പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മൊഴി നൽകിയതായി വിവരം. പരീക്ഷ കൺട്രോളറെ പോലും മറികടന്ന് പരീക്ഷ നടത്തിപ്പിന്റെ എല്ലാ മേഖലകളിലും ചെയർമാൻ ഇടപെടാറുണ്ടെന്നാണ് മൊഴിയെന്നാണറിയുന്നത്.
ആസൂത്രണ ബോർഡിലേക്ക് നടന്ന എഴുത്തുപരീക്ഷയുടെ മാർക്ക് ചെയർമാൻ മുൻകൂട്ടി അറിഞ്ഞിരിക്കാം. ചട്ടങ്ങള്‍ മറികടന്ന് എഴുത്തുപരീക്ഷകളുടെ മാർക്ക് പരീക്ഷാവിഭാഗം ഉദ്യോഗസ്ഥരോട് ചോദിച്ചറിയുന്ന ശീലം അദ്ദേഹത്തിനുണ്ട്. അഡീഷനൽ സെക്രട്ടറി ആർ. ഹരി എഴുത്തുപരീക്ഷകളുടെ മാർക്ക് ചെയർമാനെ മുൻകൂട്ടി അറിയിക്കാറുണ്ട്.
ഇതിനെതിരെ ചില ജീവനക്കാർ തങ്ങളെ പരാതി അറിയിച്ചിരുന്നതായും അംഗം അന്വേഷണസംഘത്തെ അറിയിച്ചതായാണ് വിവരം. അതിനിടെ ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിനെച്ചൊല്ലി പി.എസ്.സിയിൽ കലഹമെന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന ചെയര്മാന് എം.ആര്. ബൈജുവിന്റെ നിർദ്ദേശം തള്ളിയാണ് അംഗങ്ങൾ മൊഴി നൽകിയത്. ഹൈകോടതി സിംഗിൾ ബെഞ്ചിൽ നിന്ന് തിരിച്ചടിയുണ്ടായാൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകാമെന്നായിരുന്നത്രേ ചെയർമാന്റെ നിർദ്ദേശം.
മടിയിൽ കനമില്ലാത്തതിനാൽ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സഹകരിക്കാതിരുന്നാൽ കമീഷൻ ഒന്നാകെ പിരിച്ചുവിടുന്ന തീരുമാനത്തിലേക്ക് രാഷ്ട്രപതി എത്തിയേക്കുമെന്നും അംഗങ്ങൾ തുറന്നടിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത് ചെയര്‍മാന്റെ മാത്രം താല്‍പര്യമായിരുന്നുവെന്നുമാണ് അംഗങ്ങളുടെ വിമര്‍ശനം.
ഹൈകോടതി നിലപാട് ചർച്ചചെയ്യാൻ ചെയർമാൻ വിളിച്ച യോഗത്തിൽ നിന്ന് ഒരു വിഭാഗം കമീഷൻ അംഗങ്ങൾ വിട്ടുനിന്നത് പ്രതിഷേധ ഭാഗമായാണെന്ന വിവരവുമുണ്ട്. ചെയർമാൻ വിശേഷാധികാരം ദുരുപയോഗം ചെയ്തുവെന്ന് കാട്ടി ഒരു വിഭാഗം അംഗങ്ങൾ നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സുപ്രധാന പരീക്ഷകളുടെ എഴുത്തുപരീക്ഷാ മാർക്കുകൾ ഇന്റർവ്യൂവിന് മുമ്പ് ക്രമവിരുദ്ധമായി ചെയര്മാന് മനസിലാക്കിയെന്നും, പ്രതിയായ അഡീഷനൽ സെക്രട്ടറി ഹരിയെ സെക്രട്ടറിയാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് ഈ വിവരങ്ങൾ ചോർത്തിയതെന്നുമാണ് പ്രധാന ആരോപണം.
പരീക്ഷ തട്ടിപ്പിൽ ചെയർമാൻ എം.ആർ. ബൈജുവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അദ്ദേഹം ഹാജരാകുമോയെന്നാണ് കാണേണ്ടത്.

