Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഭിന്നശേഷി...

ഭിന്നശേഷി ശാക്തീകരണത്തിന് പ്രഫഷനൽ കരുത്ത്; പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം

text_fields
bookmark_border
ഭിന്നശേഷി ശാക്തീകരണത്തിന് പ്രഫഷനൽ കരുത്ത്;  പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം
cancel

സാമൂഹിക പ്രതിബദ്ധതയും മികച്ച വരുമാനവും ഉറപ്പുനൽകുന്ന കരിയർ തേടുന്നവർക്ക് ഭിന്നശേഷി പുനരധിവാസ മേഖല ഒരു തുറന്ന പുസ്തകമാണ്. കേവലം ജോലി എന്നതിനപ്പുറം, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ പ്രഫഷനൽ വൈദഗ്ധ്യം നൽകുന്ന കോഴ്സുകളാണിവ. ഭിന്നശേഷി പുനരധിവാസ മേഖലയിൽ ലോകോത്തര നിലവാരമുള്ള വിദഗ്ധരെ വാർത്തെടുക്കുന്നതിനായി കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന് കീഴിലുള്ള വിവിധ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്ന സംയുക്ത പ്രവേശന പരീക്ഷയായ ‘സെറ്റ്’ (CET-2026) വിജ്ഞാപനം പുറത്തിറങ്ങി. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഈ പ്രഫഷനൽ കോഴ്സുകൾ അഭ്യസിക്കാനുള്ള അസുലഭ അവസരമാണിത്.

ഈ മേഖലയിലെ പ്രധാന കോഴ്സുകളും അവയുടെ സവിശേഷതകളും

  • ബാച്‍ലർ ഓഫ് ഫിസിയോതെറപ്പി (ബി.പി.ടി)

അപകടങ്ങൾ, രോഗങ്ങൾ, അല്ലെങ്കിൽ പ്രായംമൂലമുണ്ടാകുന്ന ശാരീരിക ചലന പരിമിതികളെ വ്യായാമങ്ങളിലൂടെയും മറ്റു ഫിസിക്കൽ ഏജന്റുകളിലൂടെയും ചികിത്സിച്ചു ഭേദമാക്കുന്ന രീതിയാണിത്. മരുന്നുകളില്ലാത്ത ചികിത്സാരീതി എന്ന നിലയിൽ ഇതിന് ആധുനിക കാലത്ത് വലിയ പ്രസക്തിയുണ്ട്. സ്പോർട്സ് മെഡിസിൻ, ഓർത്തോപീഡിക്സ്, ന്യൂറോളജി തുടങ്ങിയ മേഖലകളിൽ ബി.പി.ടി കഴിഞ്ഞവർക്ക് വിദേശത്തും സ്വദേശത്തും മികച്ച തൊഴിൽ സാധ്യതകളാണുള്ളത്.

  • ബാച്‍ലർ ഓഫ് ഒക്യുപ്പേഷനൽ തെറപ്പി (ബി.ഒ.ടി)

ജന്മനാ ഉള്ളതോ അല്ലാത്തതോ ആയ ശാരീരിക-മാനസിക വൈകല്യമുള്ളവരെ അവരുടെ ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം. കുട്ടികളിലെ പഠനവൈകല്യങ്ങൾ, ഓട്ടിസം, മാനസികമായ വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസം എന്നിവയിൽ ഒക്യുപ്പേഷനൽ തെറപ്പിസ്റ്റുകൾ നിർണായക പങ്ക് വഹിക്കുന്നു. കരിയർ ഗ്രാഫിൽ വലിയ വളർച്ച സാധ്യതയുള്ള മേഖലയാണിത്.

  • ബാച്‍ലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബി.പി.ഒ)

ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമ അവയവങ്ങൾ നിർമിച്ചു നൽകുന്നതും, അസ്ഥിസംബന്ധമായ തകരാറുകൾ ഉള്ളവർക്ക് താങ്ങായി നിൽക്കുന്ന ബാഹ്യ ഉപകരണങ്ങൾ രൂപകൽപന ചെയ്യുന്നതുമാണ് ഈ പഠനമേഖല. എൻജിനീയറിങ്ങും മെഡിക്കൽ സയൻസും ഒത്തുചേരുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ആശുപത്രികളിലും കൃത്രിമ അവയവ നിർമാണ യൂനിറ്റുകളിലും മികച്ച അവസരങ്ങൾ ലഭിക്കും.

  • ബാച്‍ലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി.എ.എസ്.എൽ.പി)

ശ്രവണ വൈകല്യങ്ങളും സംസാര സംബന്ധമായ തകരാറുകളും കണ്ടുപിടിക്കാനും അവ പരിഹരിക്കാനുമുള്ള വിദഗ്ധരെയാണ് ഈ കോഴ്സ് വാർത്തെടുക്കുന്നത്. കേൾവി സഹായികൾ നിർദേശിക്കുന്നതിനും സ്പീച്ച് തെറപ്പി നൽകുന്നതിനും ഇവർക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നു. സ്പെഷൽ സ്കൂളുകൾ, മൾട്ടി-സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിൽ ഇവർക്ക് വലിയ ഡിമാൻഡുണ്ട്.

ഓരോ കോഴ്സും ഒന്നര വർഷത്തെ നിർബന്ധിത ഇന്റേൺഷിപ് ഉൾപ്പെടെ നാലര വർഷമാണ് നീണ്ടുനിൽക്കുന്നത്.

പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രത്യേകതകളും

1. പി.ഡി.യു.എൻ.ഐ.പി.പി.ഡി, ന്യൂഡൽഹി: ഫിസിയോതെറപ്പി, ഒക്യുപ്പേഷനൽ തെറപ്പി, പ്രോസ്തെറ്റിക്സ് എന്നീ മേഖലകളിൽ ബാച്‍ലർ, മാസ്റ്റർ ബിരുദങ്ങൾ നൽകുന്ന ഈ സ്ഥാപനം രാജ്യതലസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്.

2. എൻ.ഐ.എൽ.ഡി, കൊൽക്കത്ത: ലോക്കോമോട്ടർ ഡിസബിലിറ്റി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവിടെ 50 കിടക്കകളുള്ള ആശുപത്രിയും നൂതന ശസ്ത്രക്രിയാ സൗകര്യങ്ങളുമുണ്ട്.

3. എൻ.ഐ.ഇ.പി.എം.ഡി, ചെന്നൈ: മൾട്ടിപ്ൾ ഡിസബിലിറ്റി ഉള്ളവരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ദേശീയ റിസോഴ്സ് സെന്ററാണിത്.

4. എസ്.വി.എൻ.ഐ.ആർ.ടി.എ.ആർ, കട്ടക്ക്: 200 കിടക്ക ആശുപത്രി സൗകര്യമുള്ള ഇവിടെ ഡിഫോർമിറ്റി കറക്ഷൻ ശസ്ത്രക്രിയകളിൽ വലിയ പ്രാധാന്യം നൽകുന്നു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി കോഴ്സും ഇവിടെ ലഭ്യമാണ്.

5. എ.വൈ.ജെ.എൻ.ഐ.എസ്.എച്ച്.ഡി, മുംബൈ: സ്പീച്ച് ആൻഡ് ഹിയറിങ് മേഖലയിലെ പ്രമുഖ സ്ഥാപനമായ ഇവിടെ പിഎച്ച്.ഡി വരെ പഠന സൗകര്യങ്ങളുണ്ട്.

6. സി.ആർ.സി ഗുവാഹതി & പട്ന: പ്രാദേശിക തലത്തിൽ സേവനങ്ങളും പ്രഫഷനലുകളെയും ലഭ്യമാക്കുന്ന ഈ സെന്ററുകളിൽ ബി.എ.എസ്.എൽ.പി, ബി.പി.ഒ കോഴ്സുകൾ ലഭ്യമാണ്.

യോഗ്യതയും അപേക്ഷാ രീതിയും

ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. എസ്‌.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് മാർക്കിൽ ഇളവുണ്ട്. ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. അപേക്ഷാ ഫീസ് ജനറൽ/ഒ.ബി.സി വിഭാഗത്തിന് 1500 രൂപയും മറ്റുള്ളവർക്ക് 1100 രൂപയുമാണ്. ബെഞ്ച്മാർക്ക് ഡിസബിലിറ്റിയുള്ള യു.ഡി.ഐ.ഡി കാർഡ് ഉടമകളെ അപേക്ഷാ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരീക്ഷ

2026 ജൂൺ 28നാണ് രണ്ട് മണിക്കൂർ പ്രവേശന പരീക്ഷ നടക്കുന്നത്. നെഗറ്റിവ് മാർക്കിങ് ഇല്ലാത്ത 100 ഒബ്ജക്ടിവ് ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. സ്ഥാപനങ്ങൾക്കനുസരിച്ച് വാർഷിക കോഴ്സ് ഫീസിൽ മാറ്റമുണ്ടാകും. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ കൃത്യമായ വിവരങ്ങൾക്കുമായി https://admission.svnirtar.nic.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക. അവസാന തീയതി ജൂൺ അഞ്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrance examsCareer Newsprofessional coursesEdu NewsDisability Empowerment
News Summary - Professional strength for differently abled empowerment; You can apply for the entrance exam
Next Story