സ്വകാര്യ സർവകലാശാല ബില്ലും സർവകലാശാല നിയമഭേദഗതി ബില്ലും സബ്ജക്ട് കമ്മിറ്റിക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള ബില്ലും അഞ്ച് പൊതുസർവകലാശാലകളുടെ നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള ബില്ലും നിയമസഭയിൽ അവതരിപ്പിച്ചു. രണ്ട് ബില്ലുകളും വിശദചർച്ചക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയ സഭ, ഇവ രണ്ടും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.
ബില്ലുകൾ അവതരിപ്പിക്കുന്നതിന് പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച നിയമ തടസ്സങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ തള്ളി. സംസ്ഥാനത്തെ പൊതു സർവകലാശാലകളെ ശക്തിപ്പെടുത്തുകയാണ് സർക്കാർ നയമെന്നും സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകൾക്ക് ബദലല്ലെന്നും ചർച്ചകൾക്ക് മറുപടി പറഞ്ഞ മന്ത്രി ബിന്ദു വ്യക്തമാക്കി. സ്വകാര്യ സർവകലാശാലകളോട് മത്സരിക്കാനുള്ള ശേഷി പൊതു സർവകലാശാലകൾക്കുണ്ടെന്ന് ഉറപ്പുവരുത്തിയാണ് സർക്കാർ നിയമനിർമാണം നടത്തുന്നത്.
സംവരണം, പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് ഫീസിളവ്/ സ്കോളർഷിപ് തുടങ്ങിയ സാമൂഹിക നിയന്ത്രണങ്ങൾ ഉറപ്പാക്കിയാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ പ്രശ്നപരിഹാരത്തിനുള്ള സംവിധാനവും ആവശ്യമുള്ള ഘട്ടത്തിൽ സർക്കാറിന് ഇടപെടാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്.
പൊതുസർവകലാശാലകളിൽ ചാൻസലറായ ഗവർണർക്കുള്ള അധികാരങ്ങളിൽ ഒരു കൈകടത്തലും നടത്താതെയാണ് സർവകലാശാല നിയമഭേദഗതി ബിൽ തയാറാക്കിയതെന്നും മന്ത്രി പറഞ്ഞു. പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധികാരങ്ങൾ സംബന്ധിച്ച് സമീപകാലത്ത് തർക്കങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഇതുസംബന്ധിച്ച് ബില്ലിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. എല്ലാകാലത്തും ആർ. ബിന്ദുവായിരിക്കില്ല ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ പ്രോ-ചാൻസലറെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
വൈസ്ചാൻസലറുടെ അധികാരങ്ങൾ ഇല്ലാതാക്കിയിട്ടില്ല; പകരം അവ കൂടുതൽ ഉത്തരവാദിത്ത പൂർണമാക്കുകയാണ് ബില്ലെന്നും മന്ത്രി വിശദീകരിച്ചു. തദ്ദേശസ്ഥാപന അധ്യക്ഷരാകുന്ന എയ്ഡഡ് കോളജ് അധ്യാപകർക്ക് നിയമാനുസൃത അവധി അനുവദിക്കാനുള്ള വ്യവസ്ഥ കൊണ്ടുവന്നത് മുൻകാല പ്രാബല്യത്തോടെയല്ല. മന്ത്രിക്ക് അനുകൂലമായ വ്യവസ്ഥയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ബില്ലിന്റെ വിശാല താൽപര്യങ്ങളെ തമസ്കരിക്കാനാണെന്നും മന്ത്രി പറഞ്ഞു. കോളജിൽ നിന്ന് സ്വമേധയാ വിരമിക്കൽ വാങ്ങിയാണ് താൻ നിയമസഭയിലേക്ക് മത്സരിച്ചത്.
കോളജ് അധ്യാപികയുടെ ഉയർന്ന ശമ്പളം ഒഴിവാക്കി ആറായിരം രൂപ ഓണറേറിയത്തിലാണ് തൃശൂർ കോർപറേഷൻ മേയറായി സേവനമനുഷ്ഠിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കുട്ടികളെ ഇവിടെത്തന്നെ പിടിച്ചുനിർത്താനും വിദേശ വിദ്യാർഥികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പരിഷ്കാരങ്ങൾക്കനുസൃതമായി സർവകലാശാല നിയമങ്ങളിലും ചട്ടങ്ങളിലും നിലനിൽക്കുന്ന കാലഹരണപ്പെട്ട വ്യവസ്ഥകൾ മാറ്റാനാണ് സർവകലാശാല നിയമഭേദഗതി ബില്ലെന്നും മന്ത്രി ബിന്ദു വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

