സ്വകാര്യ സർവകലാശാല, സർവകലാശാല നിയമഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന രണ്ട് സുപ്രധാന ബില്ലുകൾ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിനുള്ള ബില്ലും നിലവിലുള്ള സംസ്ഥാന സർവകലാശാലകളുടെ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുമുള്ള ബില്ലുകളാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിയമസഭയിൽ അവതരിപ്പിക്കുന്നത്. ബില്ല് സഭ പാസാക്കി ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും. സ്വകാര്യ സർവകലാശാല ബിൽ നിയമമാകുന്നതോടെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് വൻകിട ഗ്രൂപ്പുകൾ ഉൾപ്പെടെ സ്വകാര്യ മൂലധന നിക്ഷേപകർ കടന്നുവരും. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കിടമത്സരത്തിനുള്ള വഴിതുറക്കും. ഫീസ് നിർണയത്തിലും വിദ്യാർഥി പ്രവേശനത്തിലും സർക്കാർ നിയന്ത്രണങ്ങളില്ലാതെയാണ് സ്വകാര്യ സർവകലാശാലകൾക്കായുള്ള കരട് ബില്ല് തയാറാക്കിയിരിക്കുന്നത്. സ്വകാര്യ സർവകലാശാലകളിലെ 40 ശതമാനം സീറ്റിൽ സംസ്ഥാനത്തെ വിദ്യാർഥികൾക്കാണ് പ്രവേശനം നൽകേണ്ടത്. ഈ സീറ്റിലേക്ക് സംസ്ഥാനത്ത് നിലവിലുള്ള സംവരണരീതി പാലിക്കണം.
എന്നാൽ, ഫീസ് നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ സർവകലാശാലകൾക്ക് തന്നെയായിരിക്കും. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് നിലവിലുള്ള ഫീസ് ആനുകൂല്യം തുടരുമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വിസിറ്റർ ആക്കിയായിരുന്നു കരട് ബിൽ തയാറാക്കിയതെങ്കിലും സി.പി.ഐയുടെ എതിർപ്പിനെ തുടർന്ന് വിസിറ്റർ പദവി ഒഴിവാക്കി.
സ്വകാര്യ സർവകലാശാല കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ ജെയിൻ യൂനിവേഴ്സിറ്റി കോഴിക്കോട് ആസ്ഥാനമായി സ്വകാര്യ സർവകലാശാല ആരംഭിക്കുമെന്നും ഇതിനായി 350 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ ആസ്ഥാനമായി എം.ഇ.എസ് സ്വകാര്യ സർവകലാശാല തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 35 കോടി രൂപ അവർ വാർഷിക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എം.ഇ.എസ് മാനേജ്മെൻറിന് കീഴിലുള്ള മെഡിക്കൽ, ഡെൻറൽ, നഴ്സിങ്, എൻജിനീയറിങ് ഉൾപ്പെടെ സ്വാശ്രയ കോളജുകൾ പുതിയ സ്വകാര്യ സർവകലാശാലക്ക് കീഴിലേക്ക് മാറ്റുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിന് പുറത്ത് നിലവിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സർവകലാശാല ഗ്രൂപ്പുകളും നിലവിൽ സ്വാശ്രയ മേഖലയിൽ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലക്കായുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
സംസ്ഥാന സർവകലാശാലകളിൽ ചാൻസലറായ ഗവർണറുടെ അഭാവത്തിൽ മാത്രം അധികാരമുള്ള പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിപുലമായ അധികാരങ്ങൾ നൽകിയാണ് എട്ട് സർവകലാശാലകളുടെയും നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ബില്ല് സഭയിൽ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

