പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വി. ശിവൻകുട്ടി
text_fieldsകൊച്ചി: പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വി. ശിവൻകുട്ടി. പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മന്ത്രി കാക്കനാട് കേരള ബുക്ക്സ് ആൻ്റ് പബ്ലിഷിംഗ് സൊസൈറ്റി (കെ.ബി.പി.എസ്.) സന്ദർശിച്ചു. പാഠപുസ്തകങ്ങളുടെ അച്ചടി അദ്ദേഹം നേരിട്ട് വിലയിരുത്തി.
രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിൽ പഴയ പാഠപുസ്തകങ്ങളാണ്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. ആകെ 3.5 കോടിയിലധികം പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. പുതിയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുൻപും പഴയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് ഒരു മാസം മുൻപും വിതരണം ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കാൻ ചർച്ചയിൽ തീരുമാനമായി.
15 ശതമാനം അച്ചടി പൂർത്തിയായി. മുൻവർഷം ഇതേ സമയം മുന്ന് ശതമാനം അച്ചടിയാണ് പൂർത്തിയായത്. മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും യൂനിയൻ നേതാക്കളുടെയും യോഗം ചേർന്നാണ് പാഠപുസ്തക അച്ചടി സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ സമയത്ത് തന്നെ പുസ്തകം എത്തിക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ അതിനേക്കാൾ നേരത്തേ അച്ചടി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായുള്ള അധിക സൗകര്യങ്ങൾ ആവശ്യമെങ്കിൽ മാനേജ്മെൻറ് ഒരുക്കും.
കേരളത്തിലെ പാoപുസ്തക പരിഷ്കരണം ദേശീയ തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് പാഠ പുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾക്കൊള്ളിക്കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്ന കാലത്താണിതെന്നത് ശ്രദ്ധേയമാണ്. ഏകകണ്ഠമായാണ് കരിക്കുലം കമ്മിറ്റി പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതെന്നും മന്ത്രി പറഞ്ഞു.
രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പരിഷ്കരണം 2025 ജൂണിൽ യാഥാർഥ്യമാകുമെന്ന് എസ്.സി.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാജഹാൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

