ഗവേഷണം സുഗമമാക്കാൻ പ്രധാനമന്ത്രിയുടെ ഗ്രാന്റ്
text_fieldsശാസ്ത്ര-സാങ്കേതിക മേഖലയിൽ വൈവിധ്യമാർന്ന വിഷയങ്ങളിൽ ഗവേഷണ പഠനത്തിനും മികച്ച കരിയർ കണ്ടെത്താനും പ്രധാനമന്ത്രിയുടെ ഏർളി കരിയർ റിസർച് ഗ്രാന്റിന് അപേക്ഷിക്കാം. മൂന്നുവർഷത്തേക്ക് 60 ലക്ഷം രൂപവരെയാണ് ഗ്രാന്റ്. പ്രതിവർഷം 700 ഗ്രാന്റുകൾ അനുവദിക്കും. ഗവേഷണം സുഗമമാക്കുന്നതിന് ഗവേഷകർക്ക് നൽകുന്ന സാമ്പത്തിക സഹായമാണിത്. 2023 ഫെബ്രുവരി ഒന്നിനുശേഷം സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരാകണം. തുടക്കക്കാരായ ഗവേഷകർക്കുള്ള പ്രോത്സാഹന പദ്ധതിയാണിത്.
യോഗ്യത: പിഎച്ച്.ഡി (സയൻസ്/എൻജിനീയറിങ്) അല്ലെങ്കിൽ എം.ഡി/എം.എസ്/എം.ഡി.എസ്/എം.വി.എസ്‍സി ബിരുദം. അംഗീകൃത അക്കാദമിക/ഗവേഷണ സ്ഥാപനത്തിൽ റെഗുലർ ഗവേഷകരായിരിക്കണം. പ്രായപരിധി 42 വയസ്സ്. വനിതകൾക്കും എസ്.സി/എസ്.ടി/ഒ.ബി.സി/ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്കും മൂന്നുവർഷത്തെ ഇളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷിക്കേണ്ട രീതിയുമൊക്കെ www.anrfonline.in ൽ ലഭിക്കും.
ഇത് ഒറ്റത്തവണ കരിയർ ഗ്രാന്റാണ്. മൂന്നുവർഷത്തെ പ്രോജക്ട് കാലയളവിൽ യാത്രകൾക്ക് മൂന്നു ലക്ഷം, അന്താരാഷ്ട്ര കോൺഫറൻസുകൾക്കും മറ്റും കണ്ടിൻജൻസി ഫണ്ടിൽ മൂന്നു ലക്ഷം രൂപവരെയും അനുവദിക്കും. രജിസ്ട്രേഷൻ: അർഹതയുള്ളവർക്ക് ‘എ.എൻ.ആർ.എഫ്’ ഓൺലൈൻ പോർട്ടലിൽ ഡിസംബർ രണ്ടിനകം രജിസ്റ്റർ ചെയ്യാവുന്നതാണ്.
കരാർ അടിസ്ഥാനത്തിലുള്ള റിസർച് അസോസിയേറ്റ്സ്, പോസ്റ്റ് ഡോക്ടറൽ ഫെലോസ്, അഡ്ഹോക്ക്-ഫാക്കൽറ്റീസ്, ഗെസ്റ്റ് ഫാക്കൽറ്റീസ്, വിസിറ്റിങ് സയന്റിസ്റ്റ്, കൺസൽട്ടന്റ്സ്, പ്രോജക്ട് ഫെലോസ്, ഫാക്കൽറ്റി മെംബേഴ്സ് എന്നീ വിഭാഗങ്ങളിൽപെടുന്നവർ ഈ റിസർച് ഗ്രാന്റിന് അപേക്ഷിക്കാൻ അർഹരല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

