പ്രീപ്രൈമറി വിദ്യാഭ്യാസം ഇനി മൂന്ന് വർഷം; പാഠ്യപദ്ധതിയിലും മാറ്റംവരും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സാക്കുന്നതോടെ പ്രീപ്രൈമറി വിദ്യാഭ്യാസത്തിലും മാറ്റംവരുന്നു. നിലവിൽ രണ്ട് വർഷമാണ് കുട്ടികളുടെ പ്രീപ്രൈമറി കാലഘട്ടം. എന്നാൽ, 2026-27 അധ്യയന വർഷം മുതൽ അത് മൂന്നുവർഷമാകും.
നിലവിൽ മൂന്ന് വയസ്സിൽ പ്രീപ്രൈമറിയിലെത്തുന്ന കുഞ്ഞുങ്ങൾ അഞ്ച് വയസ്സിൽ ഒന്നാം ക്ലാസിൽ ചേരുന്നതായിരുന്നു രീതി. ഇനി ഒരു വർഷം കൂടി പ്രീപ്രൈമറിയിൽ ഇരിക്കേണ്ടിവരും. പ്രീപ്രൈമറിയിലെ പ്രവേശന പ്രായത്തിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, പാഠ്യപദ്ധതിയിൽ മാറ്റംവരും. എസ്.സി.ഇ.ആർ.ടി മൂന്ന് വർഷത്തെ പാഠ്യപദ്ധതിക്ക് രൂപംനൽകും.
അതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രീസ്കൂള്‍ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരവിറക്കിയിരുന്നു.
പഠനം മൂന്ന് വര്‍ഷമാക്കുമ്പോള്‍ അതിനുള്ളില്‍ കുട്ടികള്‍ ആര്‍ജിക്കേണ്ട മികവുകള്‍ വ്യക്തമാക്കുന്ന പാഠ്യപദ്ധതിയാകും എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ തയാറാക്കുക. നിലവിൽ കളിത്തോണി എന്ന പേരിലുള്ള പുസ്തകമാണ് പ്രീപ്രൈമറി വിദ്യാർഥികൾക്ക് പഠിക്കാനുള്ളത്.
സ്വകാര്യ പ്രീപ്രൈമറി വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിൽ പ്രീസ്കൂള്‍ ആരംഭിക്കുന്നതിനുള്ള അനുമതി, മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖയും അണിയറയിൽ തയാറാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

