അഞ്ചുലക്ഷം പേർക്ക് പ്രതിമാസം 1000 രൂപ; പ്രജ്വല സ്കോളർഷിപ്പിന് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കുമായി സർക്കാർ പ്രഖ്യാപിച്ച പുതിയ സ്കോളർഷിപ്പായ പ്രജ്വലയുടെ മാർഗരേഖകൾ പുറത്തിറങ്ങി. ഒരു വർഷത്തേക്ക് പ്രതിമാസം 1000 രൂപ വീതമാണ് സ്കോളർഷിപ്പായി ലഭിക്കുക. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റാണ് പദ്ധതി നടപ്പാക്കുക. eemployment.kerala.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകന് 18 വയസ് പൂർത്തിയാകണം. പ്രായ പരിധി 30 വയസാണ്. പ്ലസ്ടു, വി.എച്ച്.എസ്.സി, ഐ.ടി.ഐ ഡിപ്ലോമ, ഡിഗ്രി കഴിഞ്ഞതിനു ശേഷം നൈപുണ്യ കോഴ്സുകൾ പഠിക്കുന്നവരോ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവരോ ആയവർക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാറിന് കീഴിലെ സ്ഥാപനങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ പി.എസ്.സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയാറെടുപ്പ് നടത്തുന്നവരോ ആയിരിക്കണം അപേക്ഷകർ.
കേരളത്തിൽ സ്ഥിരമായി താമസിക്കുന്നവരായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. ആദ്യം അപേക്ഷിക്കുന്ന അഞ്ചുലക്ഷം പേർക്കാണ് സ്കോളർഷിപ്പ് നൽകുക. അപേക്ഷ ലഭിക്കുന്ന മുൻഗണനാക്രമം നോക്കിയാണ് അനുവദിക്കുക. മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കുന്നവരാകരുത്.
അപേക്ഷകരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചതായിരിക്കണം. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും സമർപ്പിക്കണം. പരീക്ഷക്ക് തയാറെടുക്കുന്നവർ അതിന്റെ രേഖകളും ഹാജരാക്കണം. ഇടക്ക് ജോലി ലഭിച്ചാൽ ആനുകൂല്യം ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

