ന്യൂഡൽഹി: അടുത്ത വർഷം മുതൽ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷക്ക് കൂടുതലും പ്രയോഗാധിഷ്ഠിത ചോദ്യങ്ങളായിരിക്കുമെന്ന് സി.ബി.എസ്.ഇ അക്കാദമിക് ഡയറക്ടർ ജോസഫ് ഇമ്മാനുവൽ പറഞ്ഞു.
പ്രത്യേക വിഷയങ്ങളെ അധികരിച്ചുള്ള വിശദീകരണം ചോദ്യപേപ്പറിൽ ഉൾപ്പെടുത്തും. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾക്കാണ് വിദ്യാർഥികൾ ഉത്തരം നൽകേണ്ടത്. കൂടുതലും ഇത്തരത്തിലുള്ള ചോദ്യങ്ങളായിരിക്കും.
ഇതുവഴി വിദ്യാർഥികളുടെ വായന, ഉൾക്കൊള്ളൽ, വ്യാഖ്യാനം, ഉത്തരം എഴുതാനുള്ള ശേഷി എന്നിവ വിലയിരുത്താൻ സാധിക്കും. അതോടൊപ്പം മനപ്പാഠമാക്കി പഠിക്കുന്ന ശീലം മാറ്റാൻ സാധിക്കും. പുതിയ രീതിയിലുള്ള ചോദ്യപേപ്പറിെൻറ മാതൃക സി.ബി.എസ്.ഇ പുറത്തിറക്കിയിട്ടുണ്ട്. ഇത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചെറിയൊരു ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 12ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സി.ബി.എസ്.ഇ ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. ജനുവരി ഒന്നിന് തുടങ്ങി ഫെബ്രുവരി എട്ടുവരെ പരീക്ഷ നടക്കുമെന്നായിരുന്നു സി.ബി.എസ്.ഇയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പരീക്ഷാനടത്തിപ്പ് എങ്ങനെ വേണമെന്ന് പരിശോധിക്കുകയാണ്. പരീക്ഷകൾ ഉറപ്പായും നടക്കും. തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും അനുരാഗ് ത്രിപാഠി വ്യക്തമാക്കി.