'ശിക്ഷക് പർവ് 2021' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; അഞ്ച് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ സംഘടിപ്പിച്ച 'ശിക്ഷക് പർവ് 2021' സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി അഞ്ച് പുതിയ പദ്ധതികൾക്ക് ചടങ്ങിൽ തുടക്കമിട്ടു. 'ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള ഗുണനിലവാരമുള്ളതും സുസ്ഥിരവുമായ വിദ്യാഭ്യാസം' എന്ന വിഷയത്തെ പ്രമേയമാക്കിയാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഓൺലൈനിലൂടെ രാജ്യത്തെ അധ്യാപകരെയും വിദ്യാഭ്യാസ പ്രവർത്തകരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പതിനായിരം വാക്കുകൾ അടങ്ങിയ 'ഇന്ത്യൻ സൈൻ ലാംഗ്വേജ് ഡിക്ഷണറി' മോദി ചടങ്ങിൽ അവതരിപ്പിച്ചു. അധ്യാപകർക്ക് മെച്ചപ്പെട്ട പരിശീലനം നൽകുന്നതിനുള്ള 'നിഷ്ത 3.0 -നിപുൺ ഭാരത്' പദ്ധതി, സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർത്താനുള്ള സ്കൂൾ ക്വാളിറ്റി അസസ്മെന്‍റ് ആൻഡ് അഷ്വൂറൻസ് (എസ്.ക്യു.എ.എ) പദ്ധതി, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് സാമൂഹിക ഇടപെടലും സഹായവും ഉറപ്പാക്കുന്ന 'വിദ്യാഞ്ജലി' പദ്ധതി, കാഴ്ചാ പരിമിതിയുള്ളവർക്കായി 'ടോക്കിങ് ബുക്ക്സ്' പദ്ധതി എന്നിവയും പ്രധാനമന്ത്രി അവതരിപ്പിച്ചു.
ഇന്ത്യയിൽ അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ബന്ധം ഔപചാരികതയ്ക്കപ്പുറം കുടുംബബന്ധം പോലെയാണ് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്തെ നയിക്കാൻ പ്രയത്നിച്ചവരെയും ദേശീയ അധ്യാപക പുരസ്കാര ജേതാക്കളെയും അദ്ദേഹം അനുമോദിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, സഹമന്ത്രിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

