മാറ്റ് കുറഞ്ഞ് ഹയർ സെക്കൻഡറി ഫലം
text_fieldsതൊടുപുഴ എ.പി.ജെ. അബ്ദുൽകലാം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികൾ
പ്രധാനാധ്യാപിക ജയമോൾക്ക് മധുരം നൽകുന്നു. z ടെൻസിങ് പോൾ
തിരുവനന്തപുരം: എസ്.എസ്.എൽ.സിക്ക് പിന്നാലെ, വിജയ ശതമാനത്തിലും എ പ്ലസ് നേട്ടത്തിലും കുറവ് രേഖപ്പെടുത്തി രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം. ഹയർ സെക്കൻഡറിയിൽ കഴിഞ്ഞ വർഷം 78.69 ശതമാനമുണ്ടായിരുന്നത് ഇത്തവണ 0.88 ശതമാനം കുറഞ്ഞ് 77.81 ശതമാനമായി. വി.എച്ച്.എസ്.ഇയിൽ കഴിഞ്ഞ വർഷം 71.42 ശതമാനമുണ്ടായിരുന്നത് ഇത്തവണ 70.06 ആയി (കുറവ് 0.82 ശതമാനം) കുറഞ്ഞു. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തി.
എന്നാൽ, സ്കോൾ കേരളക്ക് (ഓപൺ സ്കൂൾ) കീഴിൽ ഇത്തവണ വിജയം ഉയർന്നു. കഴിഞ്ഞവർഷം 40.61 ശതമാനമുണ്ടായിരുന്നത് ഇത്തവണ 46.52 ശതമാനമായി വർധിച്ചു. കഴിഞ്ഞവർഷം 39,242 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസുണ്ടായിരുന്നത് ഇത്തവണ 30145 ആയി കുറഞ്ഞു. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 63 ൽ നിന്ന് 57 ആയി കുറഞ്ഞു.
ഹയർ സെക്കൻഡറിയിൽ റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,70,642 പേരിൽ 2,88,394 പേർ ഉപരിപഠന യോഗ്യത നേടി. സർക്കാർ സ്കൂളുകളിൽ 73.23 ശതമാനവും (കഴിഞ്ഞ വർഷം 75.06) എയ്ഡഡിൽ 82.16 ശതമാനവും (കഴിഞ്ഞ വർഷം 82.47) അൺ എയ്ഡഡിൽ 75.91 ശതമാനവുമാണ് (കഴിഞ്ഞ വർഷം 74.51) വിജയം. സയൻസിൽ 83.25 (കഴിഞ്ഞ വർഷം 84.84) ശതമാനവും ഹ്യുമാനിറ്റീസിൽ 69.16 (കഴിഞ്ഞ വർഷം 67.09) ശതമാനവും കോമേഴ്സിൽ 74.21 (കഴിഞ്ഞ വർഷം 76.11) ശതമാനവുമാണ് വിജയം. ഉയർന്ന വിജയം എറണാകുളം ജില്ലയിലും (83.09 ശതമാനം) കുറവ് കാസർകോടും (71.09) ആണ്. കൂടുതൽ പേർ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്; 4735 (കഴിഞ്ഞ വർഷം 5654) പേർ.
ശതമാനത്തിലെ കുറവിനൊപ്പം ഹയർ സെക്കൻഡറിയിൽ ഉപരിപഠന യോഗ്യത നേടിയവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6,494 പേരുടെ കുറവുമുണ്ട്.
വി.എച്ച്.എസ്.ഇയിൽ പരീക്ഷയെഴുതിയ 26,178 പേരിൽ 18,340 പേർ വിജയിച്ചു. ഇതിൽ 8614 പേർ പെൺകുട്ടികളും 9726 പേർ ആൺകുട്ടികളുമാണ്. 193 പേർക്ക് (കഴിഞ്ഞ വർഷം 251) മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അഞ്ച് സർക്കാർ സ്കൂളുകൾക്കും നാല് എയ്ഡഡ് സ്കൂളുകൾക്കും 100 ശതമാനം വിജയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

