പ്ലസ് വൺ: ജാതി തെളിയിക്കാൻ ടി.സി രേഖയായി സ്വീകരിക്കും
text_fieldsതിരുവനന്തപുരം: പ്ലസ് വൺ സംവരണ സീറ്റിൽ അലോട്ട്മെന്‍റ് നേടിയവർക്ക് പ്രവേശന സമയത്ത് ജാതി തെളിയിക്കാൻ അസ്സൽ ടി.സി രേഖയായി പരിഗണിക്കാമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഫലം ലഭ്യമാക്കിയ ഡിജിലോക്കറിൽ വിദ്യാർഥികളുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിനാൽ പ്രവേശനത്തിന് പ്രയാസം നേരിടുന്നെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന് പുറമെ, അസ്സൽ ടി.സി രേഖയായി സ്വീകരിക്കാൻ നേരത്തെ നിർദേശം നൽകിയിട്ടുണ്ട്.
ഇത്തവണ ഡിജിലോക്കറിൽ മാർക്ക് വിവരങ്ങൾ മാത്രമാണ് ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ വർഷം വിദ്യാർഥിയുടെ സമ്പൂർണ വിവരങ്ങളടങ്ങിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്‍റെ ഡിജിറ്റൽ കോപ്പി ലഭ്യമാക്കിയിരുന്നു. സേ പരീക്ഷക്കുശേഷം ഡിജിലോക്കറിൽ മതിയായ രേഖകൾ അപ്‌ലോഡ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
പ്ലസ് വൺ പ്രവേശനത്തിൽ സംസ്ഥാനത്ത് സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി ആവർത്തിച്ചു. നിലവിൽ സീറ്റുകൾ അധികമാണ്. മറിച്ചുള്ള കണക്കുകൾ ശരിയല്ല. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയിൽ പ്ലസ് വൺ പ്രവേശന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ പ്രവൃത്തി സമയം അര മണിക്കൂർ വർധിപ്പിച്ചതിൽ ആശങ്കക്ക് ഇടമില്ല. പ്രായോഗികമായുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് അധ്യാപക സംഘടനകളുമായി ചർച്ച നടത്തും. രാവിലെയും വൈകീട്ടും 15 മിനിറ്റ് വീതം കൂട്ടിയതില്‍ എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി ശ്രദ്ധയിൽപെട്ടു. ഈ വിഷയത്തിൽ ഉടൻ വ്യക്തത വരുത്തും. മുടി മുറിക്കാത്തതിന്റെ പേരിൽ വിദ്യാർഥികളെ പുറത്തുനിർത്തിയതുപോലുള്ള നിലപാടുകൾ അംഗീകരിക്കാനാകില്ല. ഒരു അച്ചടക്കത്തിന്റെ പേരിലും പ്രാകൃത നടപടികൾ സ്വീകരിക്കാൻ പാടില്ല. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ആർ.ഡി.ഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കണ്‍സഷനില്ലെന്നു കരുതി കുട്ടിയെ ബസിൽ നിന്നിറക്കി വിടുക, സ്‌കൂൾ കുട്ടികളെ കണ്ടാൽ ബസ് കൃത്യമായി സ്റ്റോപ്പില്‍ നിര്‍ത്താതിരിക്കുക തുടങ്ങിയ നടപടികളും അംഗീകരിക്കാനാകില്ല. ബസ് ഫീസ് അടക്കാൻ വൈകിയെന്ന പേരിലും കുട്ടിയെ ഇറക്കിവിടാൻ പാടില്ലെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

