തൃശൂർ: പ്ലസ് വൺ പ്രവേശനത്തിന് ജില്ല/ജില്ലാന്തര, സ്‌കൂൾ/കോമ്പിനേഷനുകൾക്കുള്ള ട്രാൻസ്ഫർ അപേക്ഷ സമർപ്പിച്ചവർക്കുള്ള നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലോ സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാം. വിഭിന്നശേഷി വിഭാഗത്തിൽ അലോട്ട്മെന്‍റ് ലഭിച്ച് പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
അപേക്ഷകർ ട്രാൻസ്ഫറിന് അപേക്ഷ സമർപ്പിക്കുവാനായി ഏകജാലക വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ എന്ന ലിങ്കിലൂടെ ലോഗിൻ ചെയ്യണം.
ക്യാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈഡ് ഫോർ സ്കൂൾ/കോമ്പിനേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇതിൽ ക്ലിക്ക് ചെയ്തതിനുശേഷം അപേക്ഷയിലെ അടിസ്ഥാനവിവരങ്ങൾ കാണിക്കുകയും ഓപ്ഷൻ എൻട്രി ചെയ്യുന്നതിനുള്ള ബോക്സുകൾ ദൃശ്യമാകുന്നതുമാണ്. അപേക്ഷാർഥിയുടെ താല്പര്യമനുസരിച്ച് മുൻഗണനാക്രമത്തിൽ സ്‌കൂൾ/കോഴ്‌സുകൾ ഓപ്‌ഷനുകളായി ഒന്ന്, രണ്ട് എന്ന ക്രമത്തിൽ ഉൾപ്പെടുത്താം.
ആഗ്രഹിക്കുന്ന സ്കൂളുകളിലോ കോഴ്സിലോ ഒഴിവില്ലെങ്കിലും അപേക്ഷിക്കാം. അപേക്ഷയിൽ ഉൾപ്പെടുത്തുന്ന സ്കൂൾ കോഴ്സുകളിൽ തെറ്റില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം അപേക്ഷാർത്ഥിക്കും രക്ഷിതാവിനുമാണ്. സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിൽ അതേ സ്‌കൂളിലെ മറ്റൊരു കൊമ്പിനേഷനിലേക്കോ, മറ്റൊരു സ്‌കൂൾ/കോമ്പിനേഷനിലേക്കോ അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പുതിയ അലോട്ട്മെന്റ് പ്രകാരം പ്രവേശനം നിർദ്ദിഷ്ട സമയപരിധിയിൽ തേടേണ്ടതാണ്.
പ്രസിദ്ധപ്പെടുത്തിയ ഒഴിവുകൾക്ക് പുറമേ ട്രാൻസ്ഫറിലൂടെ ഉണ്ടാകുന്ന ഒഴിവുകളിലേക്കും ട്രാൻസ്ഫർ അലോട്ട്മെൻറ് നടക്കുന്നതിനാൽ യാതൊരു കാരണവശാലും ട്രാൻസ്ഫർ അലോട്ട്മെൻറ് റദ്ദാക്കുന്നതല്ല. അപേക്ഷയിൽ ഓപ്ഷനുകൾ ഉൾപ്പെടുത്തിയ ശേഷം ഡിക്ലറേഷൻ പരിശോധിച്ച് ട്രാൻസ്ഫർ അപേക്ഷ കൺഫർമേഷൻ ചെയ്യണം. ഓപ്‌ഷനുകൾ ഉൾപ്പെടുത്തി കൺഫർമേഷൻ പൂർത്തീകരിച്ച അപേക്ഷകൾ മാത്രമേ അലോട്ട്മെന്‍റിനായി പരിഗണിക്കുകയുള്ളൂ.