പ്ലസ് വൺ: ഇത്തവണയും കുട്ടികൾ പുറത്തുതന്നെ
text_fieldsമലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം ഇത്തവണയും രൂക്ഷമാകുമെന്നുറപ്പായിരിക്കുന്നു. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറു ജില്ലകളിലായി 72,718 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം നിഷേധിക്കപ്പെടാനുള്ള സാധ്യത കൂടുതയാണ്. ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്ത് സ്ഥിതി അതിരൂക്ഷമാണ് ഇത്തവണയും. മലപ്പുറത്ത് കാൽലക്ഷത്തോളം കുട്ടികൾക്ക് തുടർപഠനത്തിന് അവസരം ലഭിച്ചേക്കില്ല. മലബാറിലെ ആറു ജില്ലകളിലായി പ്ലസ് വണിന് ആകെ 1,70,735 സീറ്റുകളാണുള്ളത്. അപേക്ഷകരുടെ എണ്ണമാകട്ടെ 2,43,453ഉം. ആദ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി ഇതുവരെ 1,25,968 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിച്ചത്. ഇനി ഈ ജില്ലകളിൽ ബാക്കിയുള്ളത് 44,767 സീറ്റുകൾ മാത്രമാണ്. ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിലാണ് സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത്. 82,753 കുട്ടികൾ അപേക്ഷ നൽകിയ മലപ്പുറത്ത് ആകെയുള്ളത് 57,855 സീറ്റുകൾ മാത്രമാണ്. ഫലത്തിൽ 24,898 വിദ്യാർഥികൾക്കാണ് ജില്ലയിൽ മാത്രം ഹയർ സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെടുക.
മാർജിനൽ ഇൻക്രീസ് എന്ന പേരിൽ നടപ്പാക്കുന്ന താൽക്കാലിക സീറ്റ് വർധനകൊണ്ടുമാത്രം മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകില്ല. പ്ലസ് ടു ഇല്ലാത്ത ഹൈസ്കൂളുകൾ ഹയർസെക്കൻഡറി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്യുകയും പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കുകയുമാണ് ഇതിനുള്ള ഏക പോംവഴി. പ്രതിപക്ഷത്തിരിക്കുമ്പോൾ മലബാറിലെ സീറ്റ് പ്രതിസന്ധിക്കെതിരെ ശക്തമായ സമരം ചെയ്തവർ ഭരണത്തിലിരിക്കുമ്പോൾ ഇക്കാര്യത്തിൽ എന്തു തീരുമാനമെടുക്കും എന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ഉറ്റുനോക്കിയിരുന്നത്. എന്നാൽ, വി.ഡി സതീശന്റെ കന്നി ബജറ്റിൽ ഇതുസംബന്ധിച്ച് യാതൊരു പ്രഖ്യാപനവുമില്ല എന്നത് അവരെ നിരാപ്പെടുത്തുന്നു.
എന്തുണ്ട് പരിഹാരം?
ജില്ലകളിൽ മതിയായ കുട്ടികളില്ലാതെ കിടക്കുന്ന ബാച്ചുകൾ ( 2024ലെ കണക്കു പ്രകാരം ഏകദേശം 129) പരിശോധനക്ക് ശേഷം സീറ്റില്ലാത്ത മേഖലയിലേക്ക് ട്രാൻസ്ഫർ ചെയ്തുനൽകലാണ് ആദ്യ പരിഹാരം. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒരു ബാച്ച് നിലനിർത്താൻ ആവശ്യമായ കുട്ടികളുടെ ചുരുങ്ങിയ എണ്ണം 25 ആണ്. അതിൽ കുറവ് കുട്ടികളാണെങ്കിൽ ആ ബാച്ച് മറ്റൊരിടത്തേക്ക് മാറ്റുന്നതിൽ ഒരു തടസ്സവുമില്ല. താൽക്കാലിക ബാച്ചുകളിൽ മതിയായ കുട്ടികളുമായി മൂന്ന് വർഷം പൂർത്തിയാകുന്നവ സ്ഥിരം ബാച്ചുകളാക്കിമാറ്റലാണ് മറ്റൊരു പോംവഴി. സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിൽ ഇപ്പോഴും ഹയർ സെക്കൻഡറികളാക്കി ഉയർത്തപ്പെടാത്ത ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി തുടങ്ങി ആവശ്യമായ ബാച്ചുകൾ അനുവദിക്കുക. ഇതിൽ സർക്കാർ സ്കൂളുകൾക്ക് മുൻഗണ നൽകുക. നിലവിൽ രണ്ട് ബാച്ചുകളുമായി പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറികളിലേക്ക് പ്രവേശന സമയത്ത് ലഭിക്കുന്ന ഒാപ്ഷനുകൾ വിലയിരുത്തി ആദ്യം താൽക്കാലികാടിസ്ഥാനത്തിലും തുടർച്ചായ മൂന്ന് വർഷം കുട്ടികളുണ്ടെങ്കിൽ സ്ഥിരം സ്വഭാവത്തിലും ബാച്ചുകൾ അനുവദിക്കുക. ഇതിലും സർക്കാർ സ്കൂളുകൾക്ക് മുൻഗണന നൽകുക. സീറ്റ് പ്രതിസന്ധി താലൂക്ക്, തദ്ദേശസ്ഥാപന പരിഗണനയിൽ വിലയിരുത്തിയായിരിക്കണം പരിഹാര നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

