പ്ലസ് വൺ അലോട്ട്മെന്റ്; ആശങ്കയൊഴിയാതെ വിദ്യാർഥികൾ
text_fieldsകൊല്ലം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്മെന്റും പൂർത്തിയാക്കി ബുധനാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചതോടെ ജില്ലയിൽ 372 ഒഴിവുകൾ മാത്രം. അതേസമയം, ഇഷ്ട സ്കൂളും വിഷയവും ലഭിച്ചില്ലെന്ന പരാതികളും ഉയരുന്നുണ്ട്.
നിലവിൽ മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയായതോടെ മൂന്നാം അലോട്ട്മെന്റിൽ അഡ്മിഷൻ എടുത്തില്ലെങ്കിൽ അവസരം നഷ്ടമാകും. അനുയോജ്യമായ സ്കൂളുകളും ഇഷ്ട വിഷയങ്ങളും ലഭിക്കാതിരിക്കുന്നവരെയാണ് ഇത് ഏറെ കഷ്ടത്തിലാക്കിയത്.
അലോട്ട്മെന്റിൽ ഉൾപ്പെട്ടവർ പ്രവേശനം നേടാതിരിക്കുകയും പോളിടെക്നിക്, ഐ.ടി.ഐ പോലുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് മാറുന്നവരും മറ്റ് ജില്ലകളിലെ സ്കൂളുകളിലേക്ക് പ്രവേശനം നേടുന്നവരും ഉൾപ്പെടെ ഒഴിവുകൾ വർധിക്കാൻ സാധ്യതയുണ്ട്.
സപ്ലിമെന്ററി അലോട്ട്മെന്റ് വഴി എത്തുന്നവരാകട്ടെ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിനായാണ് പരിഗണിക്കുന്നത്. ഒഴിവുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയാകും സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടത്തുക.
നിലവിൽ മെറിറ്റിൽ പ്രവേശനം നേടിയ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾ കിട്ടിയതുമായി തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ്. മാർക്ക് കുറഞ്ഞ, ഇതുവരെ പ്രവേശനം ലഭിക്കാത്ത കുട്ടിക്ക് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ഈ സീറ്റിൽ അഡ്മിഷൻ കിട്ടുകയും ചെയ്യും.
ഇതിലൂടെ മാർക്ക് കുറഞ്ഞ വിദ്യാർഥിക്കും ഇഷ്ടമുള്ള കോഴ്സ് കിട്ടാനുള്ള സാധ്യതതയും അടയുകയാണ്. മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയ കുട്ടികൾക്ക് വീടിന് സമീപത്തേക്കുള്ള സ്കൂളിലേക്ക് ട്രാൻസ്ഫർ നടത്താനും കഴിയാത്ത അവസ്ഥയുണ്ട്.
സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമാകും ട്രാൻസ്ഫറിനുള്ള അപേക്ഷ സ്വീകരിക്കുക. അധ്യയനവർഷം ആരംഭിച്ചതിനാൽ ഇവയെല്ലാം പൂർത്തിയാകുമ്പോഴേക്കും ഒരുമാസത്തോളം കഴിയുമെന്നതാണ് കുട്ടികളുടെ ആശങ്ക. ഏകജാലക പ്രവേശനം വഴിയുള്ള മൂന്നാം അലോട്ട്മെന്റും അവസാനിച്ചതോടെ സർക്കാർ കണക്കനുസരിച്ച് ജില്ലയിൽ ആകെയുള്ള 22411 മെറിറ്റ് സീറ്റുകളിൽ 22039 സീറ്റുകളിലേക്കും അലോട്ട്മെന്റ് പൂർത്തിയായിരിക്കുകയാണ്.
അവശേഷിക്കുന്ന സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെയാകും നികത്തുക. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കുന്നത്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു.
ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടം അവസാനിച്ചെങ്കിലും എയ്ഡഡ് കമ്യൂനിറ്റി, മാനേജ്മെന്റ് സീറ്റുകളിലും അൺ എയ്ഡഡ് സ്കൂളുകളിലും ഈമാസം 27വരെ പ്രവേശനത്തിന് സമയയുണ്ട്. ഇവിടത്തെ പ്രവേശന നടപടികൂടി പൂർത്തിയാകുന്നതോടെ മുഴുവൻ അപേക്ഷകർക്കും സീറ്റ് ലഭ്യമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ജില്ലയിൽ പ്ലസ് വൺ ഒഴിവുകൾ
സ്പോർട്സ് ക്വോട്ടയിൽ 628 സീറ്റകളിൽ 364 സീറ്റുകളിലേക്ക് മാത്രമാണ് ജില്ലയിൽ അലോട്ട്മെന്റ് നടന്നത്. 264 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. റസിഡൻഷ്യൽ സ്കൂളുകളിലാവട്ടെ 100 സീറ്റിൽ 42 എണ്ണത്തിലേക്ക് മാത്രമാണ് അലോട്ട്മെന്റായത്. 58 സീറ്റുകൾ ഒഴിവുണ്ട്.
927 മുസ്ലിം സംവരണ സീറ്റുകളിൽ 918 എണ്ണം അലോട്ട്മെന്റായി. 1118 ഈഴവ/തിയ്യ സംവരണ സീറ്റുകളിൽ 19 എണ്ണം ഒഴികെ 1099ലും അലോട്ട്മെന്റായി. 339 എൽ.സി/ആംഗ്ലോ ഇന്ത്യൻ സംവരണ സീറ്റുകളിൽ 336 എണ്ണത്തിലാണ് അലോട്ട്മെന്റായത്.
2899 എസ്.സി സംവരണ സീറ്റുകളിൽ 2866 എണ്ണത്തിലും അലോട്ട്മെന്റായി. ക്രിസ്ത്യൻ ഒ.ബി.സി സീറ്റുകളിൽ ആറ് ഒഴിവുകളും ഹിന്ദു ഒ.ബി.സി സീറ്റുകളിൽ മൂന്നെണ്ണവുമാണ് ബാക്കിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

