പ്ലസ് വൺ പ്രവേശനം: 314 താൽക്കാലിക ബാച്ചുകളും 30 ശതമാനം സീറ്റ് വർധനയും തുടരും
text_fieldsതിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമത്തെ തുടർന്ന് കഴിഞ്ഞവർഷം വരെ അനുവദിച്ച 314 താൽക്കാലിക ബാച്ചുകളും ആനുപാതിക സീറ്റ് വർധനയും ഈ വർഷവും തുടരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
പ്ലസ് വൺ പ്രവേശനത്തിന് മേയ് 15നകം അപേക്ഷ ക്ഷണിക്കാനും തീരുമാനിച്ചു. കഴിഞ്ഞവർഷം 138 ഉം 2023-24ൽ 97ഉം 2022-23ൽ രണ്ടും 2021-22ൽ 77ഉം താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. 2018 മുതൽ മതിയായ കുട്ടികളില്ലാത്തതിനെ തുടർന്ന് താൽക്കാലികമായി മറ്റ് സ്കൂളുകളിലേക്ക് മാറ്റിയ 38 ബാച്ചുകളും കഴിഞ്ഞ വർഷത്തെ രീതിയിൽ തുടരും. ഇതിന് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 30 ശതമാനം വരെ സീറ്റ് വർധനയും അനുവദിച്ചിരുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ 20 ശതമാനം വരെ താൽക്കാലിക സീറ്റ് വർധനയും നൽകിയിരുന്നു.
ഇത്തവണ പ്രവേശനത്തിന്റെ ആദ്യഘട്ടം മുതൽ താൽക്കാലിക ബാച്ചുകളും സീറ്റ് വർധനയും ഉൾപ്പെടുത്തിയാകും അലോട്ട്മെന്റ് പ്രക്രിയ നടത്തുകയെന്നും ഇത് സീറ്റ് ലഭിച്ചില്ലെന്ന തുടക്കത്തിലെ പരാതികൾ ഒഴിവാക്കാൻ സഹായകരമാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നിലവിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സ്പെഷൽ, റെസിഡൻഷ്യൽ, ടെക്നിക്കൽ സ്കൂളുകളിലായി 3,60,557 സീറ്റുകളുണ്ട്. ഇതിനു പുറമെ, സീറ്റ് വർധന വഴി 63,725 സീറ്റുകൾ കൂടി ലഭിക്കും. 314 താൽക്കാലിക ബാച്ചുകൾ വഴി 17,000ത്തോളം സീറ്റുകളും അധികമായി ലഭ്യമാകും. ഇതുകൂടി ചേരുന്നതോടെ, അൺഎയ്ഡഡിൽ ഉൾപ്പെടെ 4,41,500 സീറ്റ് പ്ലസ് വൺ പ്രവേശനത്തിന് ലഭ്യമാകും. ഈ വർഷം 4,27,021 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകൾക്ക് കീഴിലും ഇതര സംസ്ഥാന ബോർഡുകൾക്ക് കീഴിലുമായി പത്താം ക്ലാസ് വിജയിച്ച അപേക്ഷകർ കൂടി എത്തുന്നതോടെ, പ്ലസ് വൺ പ്രവേശനത്തിന് 4.6 ലക്ഷം മുതൽ 4.7 ലക്ഷം വരെ അപേക്ഷകരുണ്ടാകും. എസ്.എസ്.എൽ.സി ഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിൽ മേയ് 15നകം പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനമിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

