പ്ലസ് വൺ പ്രവേശനം: മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് ആദ്യ അലോട്ട്‌മെന്റ്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് നൽകിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് ജൂൺ രണ്ടിന് പ്രസിദ്ധീകരിച്ച് പ്രവേശനം ജൂൺ മൂന്നിന് ആരംഭിക്കുകയുണ്ടായി. മെറിറ്റ് ക്വാട്ട , സ്‌പോർട്‌സ് ക്വാട്ട ,മോഡൽ റെസിഡെൻഷ്യൽ സ്കൂൾ എന്നീ ക്വാട്ടകളിലെ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ജൂൺ അഞ്ചിന് പൂർത്തിയാക്കി.
ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ ആകെ 3,18,574 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് നടത്തിയത്. 69,034 സംവരണസീറ്റുകൾ ഒഴിവായി നിലനിൽക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ ഒന്നാമത്തെ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ സ്ഥിരപ്രവേശനം നേടിയത് 1,21,743 പേരാണ്. 99,525 പേർ താൽക്കാലിക പ്രവേശനം നേടി.
അലോട്ട്‌മെന്റ് നൽകിയിട്ടും 27,074 പേർ പ്രവേശനം നേടിയില്ല. സ്‌പോർട്‌സ് ക്വാട്ടയിൽ 2649 പേർ സ്ഥിരപ്രവേശനം നേടി. 2021 പേർ താൽക്കാലിക പ്രവേശനം നേടിയപ്പോൾ 1430 പേർ അലോട്ട്‌മെന്റ് നൽകിയിട്ടും പ്രവേശനം നേടിയില്ല.
മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ 914 പേർ സ്ഥിരപ്രവേശനം നേടുകയും താൽക്കാലികമായി 108 പേർ ചേരുകയും ചെയ്തു. അലോട്ട്‌മെന്റ് നൽകിയിട്ടും 279 പേർ അഡ്മിഷൻ എടുത്തില്ല. ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനത്തിന് ശേഷം മെറിറ്റ് ക്വാട്ടയിൽ 96,108 ഒഴിവുണ്ട്. സ്‌പോർട്‌സ് ക്വാട്ടയിൽ 3508, മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ 494 എന്നിങ്ങനെയാണ് ഒഴിവ്.
പ്ലസ് വൺ പ്രവേശനത്തിനായി ആകെ 4,63,686 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 45851 എണ്ണം മറ്റ് ജില്ലകളിൽനിന്നുള്ള അപേക്ഷകളാണ്. ആകെ 2,26,960 പേർ പ്രവേശനം നേടിയപ്പോൾ 27,074 പേർ നോൺ-ജോയിനിങ് ആയി. ശേഷിക്കുന്നത് 1,63,801 അപേക്ഷകളാണ്. മെറിറ്റ്‌സീറ്റുകൾ - 100110, മാനേജ്‌മെന്റ് സീറ്റുകൾ- 38951, കമ്മ്യൂണിറ്റി സീറ്റുകൾ - 25322, അൺ-എയ്ഡഡ് സീറ്റുകൾ - 53326, എന്നിങ്ങനെ ആകെ 2,17,709 സീറ്റുകളാണ് ശേഷിക്കുന്നത്.
രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10ന് പ്രസിദ്ധീകരിച്ച് പ്രവേശനം ജൂൺ 10,11 തീയതികളിൽ നടക്കും. മൂന്നാമത്തെ അലോട്ട്‌മെന്റ് 2025 ജൂൺ 16 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളിൽ പ്രവേശനം പൂർത്തിയാക്കി 2025 ജൂൺ 18 ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള ജില്ല തിരിച്ചുള്ള വിശദമായ പ്രവേശനവിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ വെള്ളിയാഴ്ച വൈകിട്ട് പ്രസിദ്ധീകരിക്കും.
ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം പ്ലസ് വൺ -എൻ.എസ്.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റും ജൂൺ രണ്ടിനു പ്രസിദ്ധീകരിച്ചു. 30,660 മെറിറ്റ് സീറ്റുകളിലേക്കായി 25,135 കുട്ടികൾക്ക് അലോട്ട്മെന്റ് നൽകിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട 497 കുട്ടികൾക്ക് അലോട്ട്മെന്റ് നൽകി. 389 വി.എച്.എസ്.ഇ സ്കൂളുകളിലായി ആകെ 1,100 ബാച്ചുകൾ നിലവിലുണ്ട്. 43 എൻ.എസ്.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലാണ് ഈ വർഷം പ്രവേശനം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

