ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; ഉദ്യോഗാർഥികളെ അഭിമുഖത്തിന് വിളിച്ചു
text_fieldsതിരുവനന്തപുരം: പരീക്ഷ ക്രമക്കേടിനെ തുടർന്ന് വിവാദമായ സംസ്ഥാന ആസൂത്രണ ബോർഡ് നിയമനത്തിന് അഭിമുഖം നിശ്ചയിച്ച് പി.എസ്.സി. പുനർമൂല്യനിർണയം വഴി പുതുതായി ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മൂന്ന് ഉദ്യോഗാർഥികൾക്കായി ഒക്ടോബർ ഒമ്പതിനാണ് അഭിമുഖം നടത്തുക.
ക്രമക്കേട് നടന്ന ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് തസ്തികയിൽ ഒരാളെയും പ്ലാനിങ് കോഓഡിനേഷൻ തസ്തികയിൽ രണ്ടുപേരെയുമാണ് അഭിമുഖത്തിന് വിളിച്ചത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത പെഴ്സ്പെക്ടിവ് പ്ലാനിങ് ഡിവിഷൻ തസ്തികയിലേക്കും ഒരാൾക്ക് അഭിമുഖമുണ്ട്. 25 മാർക്കാണ് അഭിമുഖത്തിന്.
മൂന്നു തസ്തികകളിലേക്കുമുള്ള പൊതുപരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പി.എസ്.സി നടത്തിയ പരീക്ഷയിൽ 54 മാർക്കിന്റെ 10 ചോദ്യങ്ങൾ ഓൺസ്ക്രീൻ മാർക്കിങ്ങിൽ മൂല്യനിർണയം നടത്താൻ വിട്ടുപോയിരുന്നു. നിയമനം നടപ്പായി ഒരു വർഷത്തിനുശേഷം ഉദ്യോഗാർഥിക്ക് ഉത്തരക്കടലാസ് ലഭിച്ചപ്പോഴാണ് ക്രമക്കേട് വ്യക്തമായത്. തുടർന്ന്, പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെയും ഉത്തരക്കടലാസിലെ വിട്ടുപോയ 10 ചോദ്യങ്ങൾ വീണ്ടും മൂല്യനിർണയം നടത്തി പുതിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു.
ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് തസ്തികയിലെ പുതിയ ചുരുക്കപ്പട്ടികയിൽ ഒരാൾ പുറത്താവുകയും പുതുതായി ഒരാൾ ഇടം പിടിക്കുകയും ചെയ്തു. പ്ലാനിങ് കോഓഡിനേഷൻ തസ്തികയിൽ രണ്ടുപേരാണ് പുനർമൂല്യനിർണയത്തിൽ പുറത്തായത്. പുതുതായി രണ്ടുപേർ ഉൾപ്പെട്ടു. രണ്ടു തസ്തികയിലും നിയമനം ലഭിച്ച രണ്ടുപേർ പുതിയ ചുരുക്കപ്പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

