തിരുവനന്തപുരം അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡി പ്രവേശനം
text_fieldsഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, തിരുവനന്തപുരം 2023-24 വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. ഇൻഫെക്ഷ്യസ് വൈറൽ ഡിസീസസ്, ഡയഗ്നോസിസ്, മാനേജ്മെന്റ് ഉൾപ്പെടെ വൈറോളജി മേഖലയിലാണ് ഗവേഷണ പഠനം. റീജനൽ സെന്റർ ഫോർ ബയോ ടെക്നോളജി ഫരീദാബാദ്, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എന്നിവയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്.
യോഗ്യത: എം.എസ്സി ലൈഫ് സയൻസസ് അല്ലെങ്കിൽ എൻ.വി.എസ്.സി/എം.ബി.ബി.എസ് 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ വിജയിച്ചിരിക്കണം. ഒ.ബി.സി-നോൺ ക്രീമിലെയർ/എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ട്. കൂടാതെ സി.എസ്.ഐ.ആർ/ യു.ജി.സി/ഡി.എസ്.ടി-ഇൻസ്പയർ/ഡി.ബി.ടി/ഐ.സി.എം.ആറിൽനിന്ന് അഞ്ചു വർഷത്തെ പ്രാബല്യത്തോടുകൂടിയ ജൂനിയർ റിസർച് ഫെലോഷിപ് (ജെ.ആർ.എഫ്) യോഗ്യത നേടിയിരിക്കണം.
വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iav.kerala.gov.in ൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 500 രൂപ. നിർദേശാനുസരണം ഓൺലൈനായി ജൂൺ 19വരെ വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ വകുപ്പുകളിലായി ആറ് ഒഴിവുകളാണുള്ളത്. (ജനറൽ വൈറോളജി-2, വൈറസ് ആപ്ലിക്കേഷൻസ്-1, വൈറൽ വാക്സിൻസ്-1, ആന്റി വൈറൽ റിസർച്-1, വൈറൽ ഡയഗ്നോസ്റ്റിക്സ്-1)
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ജൂലൈ-ആറ്, ഏഴ് തീയതികളിൽ അഭിമുഖം നടത്തിയാണ് സെലക്ഷൻ. ആഗസ്റ്റിൽ കോഴ്സ് തുടങ്ങും.
സെമസ്റ്റർ ഫീസ്: ലബോറട്ടറി ഫീസ്-6000 രൂപ. ട്യൂഷൻ ഫീസ് (ഒന്നും രണ്ടും സെമസ്റ്ററുകളിൽ മാത്രം)-6000 രൂപ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ ഫീസ്-10,000 രൂപ. സ്റ്റുഡൻസ് അമിനിറ്റീസ് ഫീസ്-1000 രൂപ (കോഷൻ ഡെപ്പോസിറ്റ് 5000 രൂപ-ഇത് തിരികെ ലഭിക്കും.)

