കോഫി രുചിച്ച് ശമ്പളം വാങ്ങാം; കോഫി ക്വാളിറ്റി മാനേജ്മെന്റ് പി.ജി ഡിപ്ലോമ പഠിക്കാം
text_fieldsകോഫി വ്യവസായ മേഖലയിൽ ആകർഷകമായ ശമ്പളത്തിൽ ജോലി നേടാൻ സഹായിക്കുന്ന കോഴ്സാണ് ബംഗളൂരുവിലെ കോഫി ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന കോഫി ക്വാളിറ്റി മാനേജ്മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കോഫി രുചിച്ച് ഗുണമേന്മ ഉറപ്പുവരുത്തുന്ന കോഫി ടെയ്സ്റ്റർമാരായി തൊഴിൽ സാധ്യതയുണ്ട്. ഇതിനാവശ്യമായ നൈപുണ്യവും വിദഗ്ധ പരിശീലനവും പാഠ്യപദ്ധതി കോഫി ബോർഡിൽ നിന്ന് ലഭിക്കും. മാർക്കറ്റിങ് അടക്കം കോഫി വ്യവസായത്തിന്റെ വളർച്ചയിലും കോഫി ക്വാളിറ്റി മാനേജർക്ക് നിർണായക പങ്കുണ്ട്.
2025-26 വർഷം ഈ കോഴ്സിനുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും www.//cofeeboard.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കോഴ്സ്: മൂന്ന് സെമസ്റ്ററുകളായുള്ള 12 മാസത്തെ കോഴ്സിൽ കോഫി കൃഷി രീതികൾ, പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ്, കോഫിയുടെ ഗുണനിലവാര പരിശോധന, റോസ്റ്റിങ് ആൻഡ് ബ്രീവിങ് ടെക്നിക്സ്, മാർക്കറ്റിങ്, ക്വാളിറ്റി അഷുറൻസ് സിസ്റ്റംസ് മുതലായ വിഷയങ്ങൾ പഠിപ്പിക്കും. തിയറിയും പ്രാക്ടിക്കൽ സെഷനുകളുമുണ്ടാവും. ചിക്കമംഗ്ലൂർ ‘സി.സി.ആർ.ഐ'യിൽവെച്ച് നടത്തുന്ന ആദ്യ ട്രിമെസ്റ്ററിൽ സൗജന്യ താമസ സൗകര്യം ലഭിക്കും.
പ്രവേശന യോഗ്യത: ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോ ടെക്നോളജി, ബയോ സയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവയൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിലൊന്നിൽ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചറൽ സയൻസസിൽ ബി.എസ്സി ബിരുദം. കോഫി ഇൻഡസ്ട്രി സ്പോൺസർ ചെയ്യപ്പെടുന്നവർക്ക് മുൻഗണന ലഭിക്കും.
അക്കാദമിക് റെക്കോഡ്, പേഴ്സനൽ ഇന്റർവ്യൂ, സെൻസറി ഇവാല്വേഷൻ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. അപേക്ഷഫീസ് 1500 രൂപ. നിർദിഷ്ട ഫോറത്തിൽ നിർദേഷാനുസരണം തയാറാക്കിയ അപേക്ഷ, ഫീസ്, ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 30നകം ലഭിക്കത്തക്കവണ്ണം രജിസ്ട്രേർഡ് തപാലിൽ അയക്കണം. വിലാസം: Divisional Head, Coffee Quality, Cofee Quality division, 3rd Floor, Cofee Board, No. 1. Dr. BR Ambedkerveedhi, Bengaluru 560001. ഇ മെയിൽ hdqcccoffeeboard@gmail.com
വ്യക്തിഗത അഭിമുഖം ഒക്ടോബറിൽ നടത്തും. രണ്ടര ലക്ഷം രൂപയാണ് മൊത്തം കോഴ്സ് ഫീസ്. പട്ടിക വിഭാഗക്കാർക്ക് 50 ശതമാനം ഇളവുണ്ട്. ഇതിനായി അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പി ശരി പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

