എല്‍.പി, യു.പി അധ്യാപകര്‍ക്ക് കാലിക്കറ്റില്‍ പാര്‍ട്ട് ടൈം പിഎച്ച്.ഡി
text_fieldsതേഞ്ഞിപ്പലം: സര്‍ക്കാര്‍, എയ്ഡഡ് എല്‍.പി, യു.പി സ്കൂളുകളിലെ സ്ഥിരം അധ്യാപകരില്‍ യോഗ്യരായവര്‍ക്ക് പാര്‍ട്ട് ടൈമായി പിഎച്ച്.ഡി പഠനത്തിന് അനുമതി നല്കാന് കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തീരുമാനം.
ഗവേഷണ താൽപര്യമുള്ള നിരവധി അധ്യാപകരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. വിദേശികള്‍ക്കും പ്രവാസി മലയാളികള്‍ക്കും ജോലിസ്ഥലങ്ങളില്‍ താമസിച്ചുതന്നെ സര്‍വകലാശാലയില്‍ പാര്‍ട്ട് ടൈം പിഎച്ച്.ഡി ചെയ്യാനും അനുമതി നല്കി. എം.ഫില്‍ യോഗ്യതയുള്ളവര്‍ക്ക് കോഴ്സ് വര്‍ക്ക് ഇല്ലാതെത്തന്നെ പിഎച്ച്.ഡിക്ക് ചേരാം. ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, ഗവേഷകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് അവസരം ലഭിക്കും.
പഠനബോര്‍ഡുകളില്‍ വ്യവസായ സ്ഥാപന പ്രതിനിധികളെയും ട്രേഡ് യൂനിയന്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്താനുള്ള സര്‍വകലാശാല ചട്ട ഭേദഗതി ചാന്‍സലര്‍ക്ക് സമര്‍പ്പിക്കാനും സെനറ്റ് യോഗം തീരുമാനിച്ചു. വേണ്ടത്ര അക്കാദമിക് യോഗ്യത ഇല്ലാത്ത ട്രേഡ് യൂനിയന്‍ പ്രതിനിധികൾ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കുന്നതിനു മുമ്പ് വിശദ ചര്‍ച്ച നടത്തണമെന്ന യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യം തള്ളി.
പഠന ബോര്‍ഡുകളിലേക്ക് അംഗങ്ങളെ തീരുമാനിക്കുന്നത് സിന്‍ഡിക്കേറ്റാണെന്നും വിദഗ്ധരായവരെ മാറ്റിനിര്ത്തേണ്ടതില്ലെന്നുമാണ് അധികൃതരുടെ നിലപാട്. കരിക്കുലവും വ്യവസായ മേഖലയും തമ്മിലുള്ള ബന്ധത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സിന്‍ഡിക്കേറ്റ് പ്രതിനിധികള്‍ വ്യക്തമാക്കി.
വിരമിക്കാറായ സര്‍വകലാശാല അധ്യാപകര്‍ക്ക് പുതിയ ഗവേഷകരെ പരിഗണിക്കുന്ന കാര്യത്തില്‍ യു.ജി.സി, സര്‍വകലാശാല നിബന്ധനകളിലെ വൈരുധ്യങ്ങളുള്ളതിനാല്‍ ആവശ്യമായ ഘട്ടത്തില്‍ വിശദചര്‍ച്ച നടത്തും. അറബിക് കോളജുകളില്‍ ആര്‍ട്സ്, കോമേഴ്സ് ബിരുദ കോഴ്സുകള്‍ ആരംഭിക്കൻ 2014ല്‍ നടത്തിയ സ്റ്റാറ്റ്യൂട്ട് ഭേദഗതി ചാന്‍സലറുടെ തിരുത്തുകളോടെ സെനറ്റ് പരിഗണിച്ചു. വിഷയത്തില്‍ ചര്‍ച്ച തുടരും.
അറബിക് കോളജുകളില്‍ മറ്റു വിഷയങ്ങളിലുള്ള കോഴ്സുകള്‍ തുടങ്ങാനും പഠനബോര്‍ഡുകളില്‍ വിദഗ്ധരായ വ്യവസായ പ്രതിനിധികളെ ഉള്‍പ്പെടുത്താനുമുള്ള നിയമഭേദഗതികള്‍ക്കും സെനറ്റ് അംഗീകാരം നല്കി. സര്‍വകലാശാലയുമായി സഹകരിച്ച് നടത്തുന്ന കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സിലെ ഇന്റഗ്രേറ്റഡ് എം.എസ്.സി, പിഎച്ച്.ഡി റെഗുലേഷനിലെ ഭേദഗതി യോഗം അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ സംവരണ തത്ത്വങ്ങള്‍ പാലിക്കുന്ന തരത്തിലാണ് ഭേദഗതി. 12,883 ബിരുദം, 8938 ബിരുദാനന്തര ബിരുദം, 51 പിഎച്ച്.ഡി എന്നിവ ഉള്‍പ്പെടെ 21,872 ബിരുദങ്ങള്‍ക്കും അംഗീകാരം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

