'ഇന്ന് തോറ്റാലെന്താ, നാളെ ജയിക്കുമല്ലോ'; മകൻ പത്താം ക്ലാസിൽ തോറ്റത് കേക്ക് മുറിച്ച് ആഘോഷിച്ച് രക്ഷിതാക്കൾ
text_fieldsവിജയങ്ങൾ ആഘോഷിക്കുന്നത് സർവസാധാരണമാണ്. പ്രത്യേകിച്ച്, മക്കൾ പരീക്ഷകളിലും മറ്റും വിജയം നേടുമ്പോൾ രക്ഷിതാക്കളുടെ ആഘോഷങ്ങൾ. അതേസമയം, പരീക്ഷകളിൽ വിജയിക്കാൻ കഴിയാതെ പോകുന്ന കുട്ടികളുടെ കാര്യമോ? അവരെ കുറ്റപ്പെടുത്തുകയാണ് മിക്കവരും സാധാരണയായി ചെയ്യുക. എന്നാൽ, കർണാടകയിലെ ഒരു വിദ്യാർഥിയുടെ രക്ഷിതാക്കൾ കേക്ക് മുറിച്ച് ആഘോഷിച്ചത് മകന്‍റെ പരാജയമാണ്. 'ഇന്ന് തോറ്റാലെന്താ, നാളെ ജയിക്കുമല്ലോ' എന്ന് പറഞ്ഞ് മകന് ആത്മവിശ്വാസം നൽകിയാണ് രക്ഷിതാക്കളുടെ ആഘോഷം.
ബഗൽകോട്ടിലെ അഭിഷേക് എന്ന വിദ്യാർഥിയുടെ രക്ഷിതാക്കളാണ് പത്താംക്ലാസിലെ മകന്‍റെ തോൽവിക്ക് കേക്ക് മുറിച്ചത്. അഭിഷേകിന് 625ൽ 200 മാർക്ക് മാത്രമാണ് പരീക്ഷക്ക് നേടാനായത്. എല്ലാ വിഷയത്തിലും തോറ്റു. 32 ശതമാനം മാർക്കാണ് നേടിയത്. എന്നാൽ, മകനെ കുറ്റപ്പെടുത്തുന്നതിനോ വഴക്കുപറയുന്നതിനോ പകരം നന്നായി പഠിക്കാൻ പ്രചോദനം നൽകാനാണ് രക്ഷിതാക്കൾ തീരുമാനിച്ചത്.
അഭിഷേകിന്‍റെ മാതാപിതാക്കളും സഹോദരിയും മുത്തശ്ശിയും കുടുംബാംഗങ്ങളുമെല്ലാം കേക്ക് മുറിക്കാൻ ഒത്തുകൂടിയിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 'ഞാൻ തോറ്റെങ്കിലും എന്‍റെ കുടുംബം പിന്തുണച്ചു. ഞാൻ നന്നായി പഠിച്ച് പരീക്ഷ വീണ്ടും എഴുതും. വിജയിക്കും' -അഭിഷേക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

