പാരാമെഡിക്കൽ, ഡിഗ്രി കോഴ്സുകൾ; ആശങ്കയിൽ വിദ്യാർഥികളും രക്ഷിതാക്കളും
text_fieldsഗാന്ധിനഗർ: മെഡിക്കൽ കോളജിൽ പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് തുടങ്ങാത്തതിൽ വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കയിൽ.
വിദ്യാർഥികളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്ത് കഴിഞ്ഞവർഷം സർക്കാർ പ്രഖ്യാപിച്ച കോഴ്സുകൾ ഈ വർഷവും തുടങ്ങിയിട്ടില്ല. കഴിഞ്ഞവർഷം പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്കായി എൽ.ബി.എസ് സെന്‍റർ പ്രോസ്പെക്ടസ് പുറത്തിറക്കിയിരുന്നു. വിദ്യാർഥികൾ ഫീസടച്ച് അപേക്ഷ നൽകിയെങ്കിലും കോഴ്സുകൾ തുടങ്ങിയില്ല.
കേരളത്തിൽ സർക്കാർ മേഖലയിലെ പാരമെഡിക്കൽ കോഴ്സുകൾ ഡിപ്ലോമ മാത്രമാണ്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ പാരാമെഡിക്കൽ വിഭാഗത്തിൽ ഡിഗ്രി കോഴ്സുകളുണ്ട്. ഏറ്റവുമധികം തൊഴിൽസാധ്യതയുള്ള മെഡിക്കൽ ഇമേജിങ് ടെക്നോളജി, റേഡിയോ തെറപ്പി ടെക്നോളജി, ന്യൂറോ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിൽ നിലവിൽ ഡിഗ്രി കോഴ്സുകൾ ഇല്ല.
ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന സർക്കാർ മെഡിക്കൽ കോളജുകളിൽ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് അടിസ്ഥാന സൗകര്യം ഇല്ലെന്ന വിചിത്രമായ ന്യായമായിരുന്നു കഴിഞ്ഞവർഷംവരെ പറഞ്ഞിരുന്നത്.
കഴിഞ്ഞവർഷം കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ വിവിധ ഡിഗ്രി കോഴ്സുകൾ പ്രഖ്യാപിക്കുകയും പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഇത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. ഇത്തരം കോഴ്സുകൾ കേരളത്തിൽ തുടങ്ങുന്നത് അന്തർ സംസ്ഥാനത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കിനെ ബാധിക്കുന്നതിനാൽ വിദ്യാഭ്യാസ കച്ചവട ലോബിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ വർഷവും കോഴ്സുകൾ പ്രോസ്പെക്ടസിൽ ഉണ്ടെങ്കിലും കോഴ്സ് ആരംഭിക്കുവാൻ സർക്കാർ അനുമതി നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

