കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് അവസരം: ഒഴിവുകൾ 350
text_fieldsകരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് ഷോർട്ട് സർവിസ് എൻട്രി (ടെക്നിക്കൽ) (SSC-T/67) വഴി ഓഫിസറാകാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലന കോഴ്സ് ഒക്ടോബറിൽ പ്രീ-കമീഷനിങ് ട്രെയ്നിങ് അക്കാദമിയിൽ ആരംഭിക്കും. വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.joinindianarmy.nic.inൽ ലഭിക്കും.
ഒഴിവുകൾ: വിവിധ എൻജിനീയറിങ് സ്ട്രീമുകളിലായി 350 ഒഴിവുകളുണ്ട്. (സിവിൽ/ആർക്കിടെക്ചർ-75, കമ്പ്യൂട്ടർ സയൻസ്/ഐ.ടി -60, ഇലക്ട്രിക്കൽ -33, ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ -64, മെക്കാനിക്കൽ/പ്രൊഡക്ഷൻ/ഓട്ടോമൊബൈൽ/ എയ്റോസ്പേസ് -101, മറ്റു ഇതര സ്ട്രീമുകൾ -17). വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന അനുബന്ധ സ്ട്രീമുകാരെയും പരിഗണിക്കും.
യോഗ്യത: ബന്ധപ്പെട്ട സ്ട്രീമിൽ അംഗീകൃത എൻജിനീയറിങ് ബിരുദം. അവസാനവർഷ/സെമസ്റ്ററുകാർക്കും അപേക്ഷിക്കാം. 2026 ഒക്ടോബർ ഒന്നിനകം യോഗ്യതാ സർട്ടിഫിക്കറ്റും മാർക്ക്ഷീറ്റും ഹാജരാക്കണം.
പ്രായപരിധി: 2026 ഒക്ടോബർ ഒന്നിന് 20-27 വയസ്സ്. 1999 ഒക്ടോബർ ഒന്നിനും 2006 സെപ്റ്റംബർ 31നും മധ്യേ ജനിച്ചവരാകണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
വിജ്ഞാപനത്തിലെ വ്യവസ്ഥകളും നിർദേശങ്ങളും പാലിച്ച് ഓൺലൈനിൽ ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് മൂന്നു മണിവരെ അപേക്ഷ സ്വീകരിക്കും. പ്രിന്റൗട്ട് എടുത്ത് റഫറൻസിനായി കൈവശം വെക്കണം.
സെലക്ഷൻ: ഓരോ സ്ട്രീമിലും കട്ട് ഓഫ് നിശ്ചയിച്ച് ഷോർട്ട്‍ലിസ്റ്റ് ചെയ്ത് സർവിസസ് സെലക്ഷൻ ബോർഡ് മുമ്പാകെ ടെസ്റ്റിനും ഇന്റർവ്യൂവിനും ക്ഷണിക്കും. ബംഗളൂരു, ഭോപാൽ, പ്രയാഗ്രാജ് (യു.പി), ജലന്ധർ എന്നിവിടങ്ങളിലായാണ് സൈക്കോളജിക്കൽ, ഗ്രൂപ് ടെസ്റ്റിങ് അടക്കമുള്ള സെലക്ഷൻ നടപടികൾ ക്രമീകരിച്ചിട്ടുള്ളത്. അഞ്ചുദിവസത്തോളം നീളുന്ന ഇന്റർവ്യൂ, കായികക്ഷമതാ പരീക്ഷ മുതലായ തെരഞ്ഞെടുപ്പ് നടപടിക്രമം വിജ്ഞാപനത്തിലുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 49 ആഴ്ചത്തെ പരിശീലനം നൽകും. ചെലവുകൾ സർക്കാർ വഹിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് പി.ജി ഡിപ്ലോമ സമ്മാനിച്ച് 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറായി നിയമിക്കും. നിരവധി ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റ സാധ്യതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

