തിരുവനന്തപുരം: ജൂൺ ഒന്നിന് അധ്യയനം ഒാൺലൈനായി തുടങ്ങുേമ്പാൾ കൂടുതൽ സമയം പ്ലസ് ടു, എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക്. ഒന്നാം ക്ലാസിനും ഒാൺലൈൻ ക്ലാസ് തുടങ്ങും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ. വിക്ടേഴ്സിെൻറ വെബ്സൈറ്റ് വഴിയും യൂട്യൂബ് വഴിയും ക്ലാസുകൾ ലഭ്യമാക്കും.
രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ വിവിധ ഡിവിഷനുകൾക്കുള്ള ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ഇതിന് ടൈംടേബിൾ പ്രസിദ്ധീകരിക്കും. അര മണിക്കൂർ ദൈർഘ്യമുള്ള പീരിയഡുകളായി തിരിച്ചായിരിക്കും ക്ലാസുകൾ. രണ്ട് മണിക്കൂർ നാല് പീരിയഡായിരിക്കും ഒരു ദിവസം പ്ലസ് ടു വിദ്യാർഥികൾക്ക് വിക്ടേഴ്സ് ചാനലിൽ ക്ലാസുണ്ടാവുക. മൂന്ന് പീരിയേഡായി ഒന്നര മണിക്കൂർ ആയിരിക്കും പത്താം ക്ലാസ് വിദ്യാർഥികൾക്ക്.
ഹൈസ്കൂൾ തലത്തിലെ മറ്റ് ഡിവിഷനുകളിൽ ദിവസം രണ്ട് പീരിയേഡ് (ഒരു മണിക്കൂർ) ആയിരിക്കും ക്ലാസ്. പ്രൈമറി വിദ്യാർഥികൾക്ക് ഒരു പീരിയേഡും. സ്കൂൾ തുറക്കുന്നതുവരെ ഇൗ രീതിയിൽ ക്ലാസ് തുടരും. രാത്രിയും ശനി, ഞായർ ദിവസങ്ങളിലും ക്ലാസുകളുടെ പുനഃസംപ്രേക്ഷണവും നടത്തും.
ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് കൂടി ക്ലാസ് നടത്താനാണ് നിർദേശം. ഇതു സംബന്ധിച്ച് നിർദേശം സമർപ്പിക്കാൻ സമഗ്രശിക്ഷ കേരളത്തെ (എസ്.എസ്.കെ) ചുമതലപ്പെടുത്തിയിട്ടുണ്ട്. എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, കൈറ്റ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഒാൺലൈൻ ക്ലാസ് ആരംഭിക്കുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പ്ലസ് ടു വരെ ക്ലാസുകളിലെ 43 ലക്ഷത്തോളം വിദ്യാർഥികൾക്കാണ് ഒാൺലൈൻ പഠന സൗകര്യമൊരുക്കേണ്ടത്. അൺഎയ്ഡഡ് സ്കൂളുകളിലെ കുട്ടികൾ ഇതിന് പുറമെയാണ്.
സൗകര്യമില്ലാത്തവർക്ക് ബദൽ സംവിധാനമായില്ല
ഒാൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്തവർക്ക് ബദൽ സംവിധാനം കണ്ടെത്താനാവാതെ വിദ്യാഭ്യാസ വകുപ്പ്. സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ) നടത്തിയ സർവേയിൽ 2.61 ലക്ഷം വിദ്യാർഥികൾക്ക് ഒാൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായേത്താടെ സൗകര്യം ഒരുക്കാനായിരുന്നു ആലോചന. ഇതുസംബന്ധിച്ച് രൂപരേഖ തയാറാക്കാൻ സർക്കാറിനായിട്ടില്ല. മാത്രവുമല്ല, മൊബൈൽ സൗകര്യം ഉണ്ടെന്ന് പറഞ്ഞ വിദ്യാർഥികളിൽ ഭൂരിഭാഗവും രക്ഷിതാക്കൾ ഉപയോഗിക്കുന്നവയാണ്. ജോലിക്കുപോകുന്ന രക്ഷിതാക്കളുടെ ഫോൺ സൗകര്യം വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താനാകില്ല. ഒന്നിൽ കൂടുതൽ വിദ്യാർഥികളുള്ള വീട്ടിലും ഒാൺലൈൻ പഠന സൗകര്യം വെല്ലുവിളിയാണ്.
അതേസമയം, കൈറ്റ് വിക്ടേഴ്സ് ചാനൽ ശൃംഖല വഴി ലഭ്യമാക്കണമെന്ന സർക്കാർ നിർദേശം അവഗണിച്ച് ഡി.ടി.എച്ച് കമ്പനികൾ. കമ്പനികൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകണമെന്ന് കേന്ദ്രവാർത്ത വിനിമയ മന്ത്രി പ്രകാശ് ജാവ്ദേക്കറിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.