ഒരു പരീക്ഷ; നിരവധി അവസരങ്ങൾ!
text_fieldsപന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും മികച്ച കാമ്പസുകളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള സി.യു.ഇ.ടി യു.ജി 2026 അപേക്ഷാ ജാലകം തുറന്നിരിക്കുകയാണ്. ഡൽഹി, ജെ.എൻ.യു, ഹൈദരാബാദ്, ഇഫ്ലു തുടങ്ങി 48ഓളം കേന്ദ്ര സർവകലാശാലകളിലേക്കും നൂറുകണക്കിന് മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇനി അപേക്ഷിക്കാം.
പണ്ടത്തെപ്പോലെ ഓരോ സർവകലാശാലക്കും വെവ്വേറെ അപേക്ഷ അയച്ച് പല പരീക്ഷകൾ എഴുതേണ്ടതില്ല. രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ഈ ഒരൊറ്റ പരീക്ഷ മതി. അപേക്ഷിക്കും മുമ്പ് ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
പ്രധാന തീയതികൾ
● അവസാന തീയതി: ജനുവരി 30
(രാത്രി 11.50 വരെ).
● ഫീസടയ്ക്കാനുള്ള അവസാന തീയതി:
ജനുവരി 31.
● അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ: ഫെബ്രുവരി 02 മുതൽ 04 വരെ.
● പരീക്ഷാ തീയതി: മേയ് 11നും 31നുമിടയിൽ
അപേക്ഷിക്കും മുമ്പ് ഒരുങ്ങുക
വീട്ടിലോ അക്ഷയ സെന്ററിലോ ഇന്റർനെറ്റ് കഫേയിലോ ഇരുന്ന് അപേക്ഷിക്കാൻ തുടങ്ങും മുമ്പ് താഴെ പറയുന്നവ മുൻകൂട്ടി റെഡിയാക്കി വെക്കുക:
1. ഫോട്ടോ: പി.പി സൈസ് ഫോട്ടോ സ്കാൻ ചെയ്തത് (ജെപിജി ഫോർമാറ്റിൽ). മുഖം വ്യക്തമായിരിക്കണം.
2. ഒപ്പ്: വെള്ള പേപ്പറിൽ കറുത്ത മഷികൊണ്ട് ഒപ്പിട്ട ശേഷം സ്കാൻ ചെയ്തത്.
3. സർട്ടിഫിക്കറ്റുകൾ: പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (പേരും ജനനത്തീയതിയും നോക്കി തെറ്റില്ലാതെ അടിക്കാൻ), 12-ാം ക്ലാസ് വിവരങ്ങൾ
4. കാറ്റഗറി സർട്ടിഫിക്കറ്റ്: ഒ.ബി.സി-എൻ.സി.എൽ/എസ്.സി/ എസ്.ടി/ ഇ.ഡബ്ല്യു.എസ് വിഭാഗക്കാർ അതത് സർട്ടിഫിക്കറ്റുകൾ (പിന്നീട് ഹാജരാക്കിയാൽ മതിയെങ്കിൽ ഡിക്ലറേഷൻ നൽകേണ്ടി വരും).
5. തിരിച്ചറിയൽ രേഖ: ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ട്.
6. മൊബൈൽ, ഇ മെയിൽ: സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ മെയിൽ ഐ.ഡിയും മാത്രം നൽകുക. പരീക്ഷാ വിവരങ്ങൾ ഇതിലേക്കാണ് വരിക
അപേക്ഷ: നാല് ഘട്ടങ്ങളിലൂടെ
● ഘട്ടം 1: രജിസ്ട്രേഷൻ- വെബ്‌സൈറ്റിൽ 'New Candidate Register Here' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അടിസ്ഥാന വിവരങ്ങൾ നൽകി പാസ്‌വേഡ് സെറ്റ് ചെയ്യുക. അപ്പോൾ അപേക്ഷാ നമ്പർ ലഭിക്കും. ഇത് കുറിച്ചു വെക്കുക.
● ഘട്ടം 2: അപേക്ഷാ ഫോം പൂരിപ്പിക്കൽ-ലോഗിൻ ചെയ്ത് വ്യക്തി വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, പരീക്ഷാ കേന്ദ്രം എന്നിവ നൽകുക.
● ഘട്ടം 3: വിഷയങ്ങൾ തിരഞ്ഞെടുക്കൽ-ഇവിടെയാണ് പലർക്കും അബദ്ധം പറ്റുന്നത്.
-ആദ്യം ചേരാൻ ആഗ്രഹിക്കുന്ന സർവകലാശാലയും കോഴ്‌സും തീരുമാനിക്കുക.
-ആ സർവകലാശാലയുടെ വെബ്‌സൈറ്റോ സി.യു.ഇ.ടി സൈറ്റോ നോക്കി ആ കോഴ്‌സിന് വേണ്ട യോഗ്യത മനസ്സിലാക്കുക. ഉദാ: ഡൽഹി സർവകലാശാലയിൽ ബി.കോം എടുക്കാൻ ചിലപ്പോൾ 'ജനറൽ ടെസ്റ്റ്' നിർബന്ധമായിരിക്കും. എന്നാൽ, ‘കേരള’യിൽ അത് വേണമെന്നില്ല. യോഗ്യതക്കനുസരിച്ച് വിഷയങ്ങൾ (ഭാഷ, ഡൊമൈൻ വിഷയങ്ങൾ, ജനറൽ ടെസ്റ്റ്) ടിക്ക് ചെയ്യുക.
● ഘട്ടം 4: ഫീസ് അടയ്ക്കൽ
എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഓൺലൈനായി ഫീസ് അടയ്ക്കുക. കൺഫർമേഷൻ പേജ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
അറിയാതെ പോകരുത്, ഈ 'ടിപ്‌സ്'
1. പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെ തന്നെ പേര് നൽകുക. അക്ഷരത്തെറ്റ് വന്നാൽ പ്രവേശന സമയത്ത് പ്രശ്നമാകും.
2.പരമാവധി സർവകലാശാലകൾ തിരഞ്ഞെടുക്കുക. പരീക്ഷാ ഫീസ് ഒന്നാണല്ലോ, അതുകൊണ്ട് അവസരങ്ങൾ കുറക്കരുത്. 'ജനറൽ ടെസ്റ്റ്' തിരഞ്ഞെടുക്കുന്നത് ധാരാളം കോഴ്‌സുകളിലേക്കുള്ള വഴി തുറക്കും.
3. ചോദ്യപേപ്പറിന്റെ മീഡിയം 'മലയാളം' എന്ന് കൊടുത്താൽ ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യം കാണാം. എന്നാൽ, 'English' എന്ന് കൊടുത്താൽ ഇംഗ്ലീഷിൽ മാത്രമേ കാണൂ.
4.സെറ്റ് ചെയ്യുന്ന പാസ്‌വേഡ് കുറിച്ചുവെക്കുക. .
5. ജനുവരി 30 വരെ കാത്തിരിക്കാതെ എത്രയും വേഗം അപേക്ഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

