നീറ്റ്, നെറ്റ് പരീക്ഷ വീഴ്ചകൾ; 50ലേറെ ജീവനക്കാരെ മാറ്റി, എൻ.ടി.എയിൽ വൻ അഴിച്ചുപണി -നിർണ്ണായക തീരുമാനങ്ങൾ
text_fieldsന്യൂഡൽഹി: പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയർന്നുവന്ന വീഴ്ചകളുടെ പശ്ചാത്തലത്തിൽ 50ലേറെ ജീവനക്കാരെ മാറ്റിയതായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). പരീക്ഷാ സംവിധാനത്തിന്റെ സമഗ്ര പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ പ്രഫഷണലുകളെ പ്രധാന തസ്തികകളിലേക്ക് കൊണ്ടുവരാനും തീരുമാനിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
യു.ജി.സി നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ നിരവധി പിശകുകൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭവം. ഇംഗ്ലീഷ്, കൊമേഴ്സ് പരീക്ഷകൾ സെപ്റ്റംബർ ഒമ്പതിനും സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10നും നടത്താനാണ് തീരുമാനം. ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലായിരുന്നു യു.ജി.സി നെറ്റ് പരീക്ഷ നടന്നത്. ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യു.ജി 2026 റദ്ദാക്കിയത് വൻ പ്രക്ഷോഭത്തിന് കാരണമായിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, എൻ.ടി.എ ഡയറക്ടർ ജനറൽ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. യോഗത്തിൽ, സമീപകാലത്ത് ഉയർന്നുവന്ന പ്രശ്നങ്ങളും തുടർന്ന് ഏജൻസി സ്വീകരിച്ച നടപടികളും പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കാനുള്ള ശ്രമങ്ങളും മന്ത്രിയെ അറിയിച്ചു.
എൻ.ടി.എയിൽ സാങ്കേതികവിദ്യയും പരീക്ഷാ സുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ 10 പുതിയ പ്രഫഷണൽ തസ്തികകൾ സൃഷ്ടിച്ച് നിയമന നടപടികൾ ആരംഭിച്ചതായും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ചീഫ് ടെക്നോളജി ഓഫീസർ, ചീഫ് ഫിനാൻസ് ഓഫീസർ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ, ജനറൽ മാനേജർ -ടെസ്റ്റ് സെക്യൂരിറ്റി, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്, സൈക്കോമെട്രിക്സ് തുടങ്ങിയ തസ്തികകൾ ഇതിൽ ഉൾപ്പെടും.
സ്വകാര്യ മേഖലയിലെ വിദഗ്ധരെയും എൻ.ടി.എയിലേക്ക് കൊണ്ടുവരും. സൈബർ സുരക്ഷ, സൈക്കോമെട്രിക്സ്, ചോദ്യപേപ്പർ രൂപകൽപ്പന, മറ്റ് പ്രത്യേക മേഖലകൾ എന്നിവയിൽ പരിചയസമ്പന്നരായ ഡൊമെയ്ൻ വിദഗ്ധരെയാണ് ഉൾപ്പെടുത്തുക.
പരീക്ഷാ നടത്തിപ്പിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കുന്ന സംവിധാനത്തിൽ അടിമുടി മാറ്റം വരുത്താനും വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. നിലവിലുള്ള പരീക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
എൻ.ടി.എ നടത്തുന്ന എല്ലാ പരീക്ഷാ നടപടികളുടെയും സമഗ്ര ഓഡിറ്റ് നടത്താനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. പരിശോധനക്ക് ശേഷം കണ്ടെത്തുന്ന വീഴ്ചകളും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

