വിദ്യാർഥികളുടെ ആവശ്യം പരിഗണിക്കില്ല; നീറ്റ് പരീക്ഷ മാറ്റില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി
text_fieldsന്യൂഡൽഹി: മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റ് നേരത്തെ നിശ്ചയിച്ച തീയതിയിൽ തന്നെ നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് പരീക്ഷ മാറ്റില്ലെന്നാണ് എൻ.ടി.എ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 12ന് തന്നെ പരീക്ഷ നടത്തുമെന്ന് ഏജൻസി വ്യക്തമാക്കി.
നീറ്റ് പരീക്ഷ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾക്ക് തടസമാവില്ലെന്ന് എൻ.ടി.എ ഡയറക്ടർ ജനറൽ വിനീത് ജോഷി പറഞ്ഞു. നീറ്റ് പരീക്ഷാ ശ്രമങ്ങളുടെ എണ്ണം വർധിപ്പിക്കാൻ നിലവിൽ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ് തീയതി ഇപ്പോൾ മാറ്റിയാൽ അത് പരീക്ഷ രണ്ട് മാസത്തോളം വൈകുന്നതിന് ഇടയാക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാ തീയതി മാറ്റില്ലെന്ന് എൻ.ടി.എ ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നത്.
നീറ്റ് പരീക്ഷ നടക്കുന്ന ആഴ്ചയിൽ തന്നെയാണ് സി.ബി.എസ്.ഇയുടെ ഇംപ്രൂവ്മെൻറ് പരീക്ഷകളും നടക്കുന്നത്. അതുകൊണ്ട് നീറ്റ് മാറ്റണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. സെപ്റ്റംബർ ആറാം തീയതി സി.ബി.എസ്.ഇ ബയോളജി, ഒമ്പതാം തീയതി ഫിസിക്സ് എന്നീ വിഷയങ്ങളുടെ ഇംപ്രൂവ്മെൻറ് പരീക്ഷകൾ നടക്കുന്നുണ്ട്. എന്നാൽ, നീറ്റ് ഈ പരീക്ഷകൾക്ക് തടസം സൃഷ്ടിക്കില്ലെന്നാണ് എൻ.ടി.എ ഇപ്പോൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

