ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ ‘എൻ.ടി.എ’യിൽ വൻ അഴിച്ചുപണി; സൈബർ സുരക്ഷ മുതൽ ഡാറ്റാ അനാലിസിസ് വരെ, പുതിയ നിയമനങ്ങൾ
text_fieldsന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകളും ചോദ്യ പേപ്പർ ചോർച്ച വിവാദങ്ങളും ഉയർന്ന പശ്ചാത്തലത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ). ‘ബിൽഡ് ന്യൂ എൻ.ടി.എ (BUILD NEW NTA)’ എന്ന പേരിൽ സൈബർ സുരക്ഷ, വിജിലൻസ്, പരീക്ഷാകേന്ദ്രങ്ങളുടെ പ്രവർത്തനം, ഗവേഷണം, ഡാറ്റാ അനാലിസിസ്, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ വിദഗ്ധരെ നിയമിക്കാൻ ഒരുങ്ങുകയാണ് എൻ.ടി.എ. വിവിധ തസ്തികകളിലേക്ക് ആഗസ്റ്റ് 21 വരെ അപേക്ഷിക്കാം.
ജെ.ഇ.ഇ മെയിൻ, നീറ്റ്-യു.ജി, സി.യു.ഇ.ടി, യു.ജി.സി നെറ്റ് തുടങ്ങിയ രാജ്യത്തെ പ്രധാന പരീക്ഷകൾ നടത്തുന്ന ഏജൻസിയാണ് എൻ.ടി.എ. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കിടയിലാണ് പുതിയ നിയമന നീക്കം. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചക്ക് പിന്നാലെ പരീക്ഷാ സംവിധാനത്തിൽ സമഗ്ര മാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു.
നാല് ജനറൽ മാനേജർ തസ്തികകൾ
നാല് പ്രധാന ജനറൽ മാനേജർ തസ്തികകളാണ് കരാർ അടിസ്ഥാനത്തിൽ ഉണ്ടാകുക. പ്രാഥമിക കാലാവധി മൂന്ന് വർഷമായിരിക്കും.
1. അസസ്മെന്റ്, റിസർച് ആൻഡ് ഡെവല്പമെന്റ് ആൻഡ് സൈക്കോമെട്രിക്സ്
2. ടെസ്റ്റ് സെന്റർ നെറ്റ്‍വർക്ക് ആൻഡ് ഓപറേഷൻസ്
3. ഇൻഫർമേഷൻ സെക്യൂരിറ്റി/ ചീറ്റ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസർ (സി.ഐ.എസ്.ഒ)
4. വിജിലൻസ്, ഇൻവസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക്സ് -എന്നിവയാണ് തസ്തികകൾ.
ഇതിൽ ടെസ്റ്റ് സെന്റർ നെറ്റ്‌വർക്ക് വിഭാഗം രാജ്യത്തെ 500ലേറെ നഗരങ്ങളിലെയും തെരഞ്ഞെടുത്ത അന്താരാഷ്ട്ര കേന്ദ്രങ്ങളിലെയും പരീക്ഷാകേന്ദ്രങ്ങളുടെ നിലവാരം, ശേഷി, അംഗീകാരം, പ്രവർത്തന നിലവാരം എന്നിവയുടെ മേൽനോട്ടം വഹിക്കും. ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗം എൻ.ടി.എയുടെ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്ന ചുമതലയാണ് വഹിക്കുക. വിജിലൻസ്, ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക്സ് വിഭാഗം ക്രമക്കേടുകൾ അന്വേഷിക്കുകയും ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുകയും ചെയ്യും.
സുരക്ഷക്ക് പുറമെ ഗവേഷണത്തിനും ഡാറ്റക്കും പുതിയ നിയമനങ്ങളിൽ എൻ.ടി.എ പ്രാധാന്യം നൽകുന്നുണ്ട്. ഇതിനായി ഒരു റിസർച്ചർ തസ്തികയും മാധ്യമ റിപ്പോർട്ടുകൾ, പൊതുജനാഭിപ്രായം, ഉയർന്നുവരുന്ന പ്രശ്നങ്ങൾ എന്നിവ വിശകലനം ചെയ്യുന്നതിനായി ഡേറ്റ അനലിറ്റിക്സ് കം മീഡിയ മോണിറ്ററിങ് എക്സിക്യൂട്ടീവ് തസ്തികയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർഥികളുമായും രക്ഷിതാക്കളുമായും ആശയവിനിമയം ഉറപ്പാക്കുന്നതിനായി ഇംഗ്ലീഷ് കണ്ടന്റ് റൈറ്റർ, വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തുടങ്ങിയ തസ്തികകളും എൻ.ടി.എ സൃഷ്ടിച്ചു. ഉള്ളടക്കം തയാറാക്കൽ, എഡിറ്റിങ്, പ്രൂഫ് റീഡിങ്, ദൃശ്യ ആശയവിനിമയം തുടങ്ങിയവയായിരിക്കും ഇവരുടെ ചുമതല.
16 യങ് പ്രഫഷനൽ തസ്തികകളിലേക്കും എൻ.ടി.എ നിയമനം നടത്തും. അകാദമിക് ഗവേഷണം, നിയമ ഗവേഷണം, ഫിനാൻസ്, അക്കൗണ്ട്സ് തുടങ്ങിയ മേഖലകളിലാണ് അവസരങ്ങൾ. യു.പി.എസ്.സിയുടെ പ്രതിഭാ സേതു പോർട്ടൽ വഴിയാണ് ഇതിലേക്ക് നിയമനങ്ങൾ നടത്തുക.
തസ്തിക അനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും വ്യത്യസ്തമായിരിക്കും. വിശദമായ യോഗ്യതയും അപേക്ഷാ നടപടികളും എൻ.ടി.എയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് അറിയിപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

