നീറ്റ് ചോദ്യ പേപ്പർ ചോർച്ചക്ക് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എൻ.ടി.എ; പരീക്ഷാ സാമഗ്രികൾക്ക് 24 മണിക്കൂർ കാവൽ, 7.5 കോടി രൂപയുടെ ടെൻഡർ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നീറ്റ് യു.ജി 2026 ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ പരീക്ഷാ സംവിധാനത്തിന്റെ സുരക്ഷ കർശനമാക്കാൻ ദേശീയ പരീക്ഷാ ഏജൻസിയായ എൻ.ടി.എ. പരീക്ഷാ സാമഗ്രികളും രഹസ്യ രേഖകളും ഓഫീസുകളും 24 മണിക്കൂറും സുരക്ഷാ നിരീക്ഷണത്തിലാക്കുന്നതിനായി ഏകദേശം 7.5 കോടി രൂപ ചെലവിൽ സ്വകാര്യ സുരക്ഷാ ഏജൻസിയെ നിയമിക്കാൻ എൻ.ടി.എ ടെൻഡർ ക്ഷണിച്ചു.
ഡൽഹിയിലെ മിന്റോ റോഡിലുള്ള എൻ.ടി.എ ആസ്ഥാനം, ഒഖ്‌ല റീജണൽ ഓഫീസ്, കൂടാതെ നിർദേശിക്കപ്പെടുന്ന മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷാ ചുമതലയാണ് തെരഞ്ഞെടുത്ത ഏജൻസിക്കുണ്ടാവുക. പരീക്ഷാ ചോദ്യപേപ്പറുകൾ, രഹസ്യ രേഖകൾ, സർവർ റൂമുകൾ, സ്ട്രോങ് റൂമുകൾ, റെക്കോർഡ് റൂമുകൾ, വെയർഹൗസുകൾ തുടങ്ങിയ അതീവ സുരക്ഷ ആവശ്യമായ കേന്ദ്രങ്ങൾ പൂർണസമയ നിരീക്ഷണത്തിലായിരിക്കും.
രണ്ട് വർഷത്തേക്കാണ് ആദ്യ കരാർ. പ്രവർത്തനം തൃപ്തികരമാണെങ്കിൽ പിന്നീട് ഓരോ വർഷം വീതം രണ്ട് തവണ കൂടി കാലാവധി നീട്ടാൻ വ്യവസ്ഥയുണ്ട്. ആഗസ്റ്റ് 17ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ബിഡുകൾ സമർപ്പിക്കാം. പ്രിന്റിങ്-സർവീസസ് ടെൻഡർ ആഗസ്റ്റ് 20ന് അവസാനിക്കും.
സുരക്ഷാ ഏജൻസികൾക്കായി കർശന യോഗ്യതാ മാനദണ്ഡങ്ങളും എൻ.ടി.എ നിശ്ചയിച്ചു. പ്രഫഷണൽ സെക്യൂരിറ്റിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയവും കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ശരാശരി 10 കോടി രൂപയുടെ വാർഷിക വിറ്റുവരവും ഉണ്ടായിരിക്കണം. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, പരീക്ഷാ ഏജൻസികൾ, സർവകലാശാലകൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ അല്ലെങ്കിൽ മെട്രോ സംവിധാനങ്ങൾ പോലുള്ള ഉയർന്ന സുരക്ഷാ സ്ഥാപനങ്ങളിൽ സേവനപരിചയം നിർബന്ധം. കൂടാതെ 15 ലക്ഷം രൂപ എർണസ്റ്റ് മണി ഡെപ്പോസിറ്റും കരാർ മൂല്യത്തിന്റെ അഞ്ച് ശതമാനം പെർഫോമൻസ് സെക്യൂരിറ്റിയും നൽകണം.
സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി ജീവനക്കാരുടെയും സന്ദർശകരുടെയും തിരിച്ചറിയൽ പരിശോധന, പ്രവേശന നിയന്ത്രണം, മെറ്റൽ ഡിറ്റക്ടർ പരിശോധന, ഡിജിറ്റൽ സന്ദർശക രജിസ്റ്റർ, ജി.പി.എസ് അധിഷ്ഠിത ഗാർഡ് പട്രോളിങ്, ബയോമെട്രിക് ഹാജർ, ഡിജിറ്റൽ ഇൻസിഡന്റ് റിപ്പോർട്ടിങ് തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളും നടപ്പാക്കും.
സുരക്ഷാ സേവനങ്ങൾക്ക് പുറമെ ഹൗസ് കീപ്പിങ്, സുരക്ഷിത പരീക്ഷാ പ്രിന്റിങ് സേവനങ്ങൾ എന്നിവക്കായും എൻ.ടി.എ പ്രത്യേക ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ ഏറ്റവും കുറഞ്ഞ നിരക്ക് മാത്രം പരിഗണിക്കുന്ന പതിവ് രീതി ഒഴിവാക്കി, സാങ്കേതിക നിലവാരത്തിന് പ്രാധാന്യം നൽകുന്ന ക്വാളിറ്റി ആൻഡ് കോസ്റ്റ് ബേസ്ഡ് സെലക്ഷൻ രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും എൻ.ടി.എ അറിയിച്ചു. ഇതിലൂടെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് എൻ.ടി.എയുടെ ലക്ഷ്യം.
നീറ്റ് യു.ജി 2026 ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപക പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് രാജ്യവ്യാപക വിദ്യാർഥി പ്രക്ഷോഭങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എൻ.ടി.എയുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

