Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനോർവെയിൽ മന്ത്രി...

നോർവെയിൽ മന്ത്രി പുല്ലുചെത്തും

text_fields
bookmark_border
norway
cancel

നോര്‍വവെയിൽ കണ്ട ഒരു നല്ല കാര്യം പറയാം. സ്കൂളുകളില്‍ കുട്ടികള്‍ക്ക് പ്ലംബിങ്ങി​​​െൻറയും ഇലക്ട്രിക് റിപ്പയരിങ്ങി​​​െൻറയ​ും ആശാരിപ്പണിയുടെയും അടിസ്​ഥാന പാഠങ്ങൾ കൂടി പഠിക്കാന്‍ അവിടുത്തെ വിദ്യാലയങ്ങളിൽ അവസരം ഒരുക്കി കൊടുക്കാറുണ്ട്​. നോര്‍വെയിലെ വലിയ പ്രോഫസർമാരും രും ഉദ്യോഗസ്ഥരും പലപ്പോഴും അവരവരുടെ വീട് മധ്യവേനൽ അവധിക്കാലത്ത്​ സ്വന്തമായാണ് പെയിൻറ്​ ചെയ്യുന്നത്​. കാരണം, ഈ തോഴിലിനെല്ലാം ആളിനെ ബുക്ക്‌ ചെയ്തു കിട്ടിയാലും വലിയ കൂലിയാണ്. അത് ഒരു പാട് കാശ് ചിലവാകുന്ന ഏര്‍പ്പാടുമാണ്​.

നോര്‍വെ ലോകത്തിലേക്കും ഏറ്റവും കൂലി കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ ഒന്നാണ്. അതുകൊണ്ട്​ കേരളത്തില്‍ നിന്ന് പലതരം തരികിട വിസകളിൽ  അവിടെ   ചെന്നുപെട്ട ബി.ടെക്​/എം.ടെകുകാർ  പോലും ക്ലീനിംഗ് ജോലി ഒരു മടിയും കൂടാതെ ചെയ്യുന്നു. കാരണം, അവരില്‍ പലർക്കും ഒരു രണ്ടു ലക്ഷം രൂപയെങ്കിലും മാസംതോറും വീട്ടിലേക്ക്​ അയക്കാൻ കഴിയുന്നുണ്ട്​.

അവിടെ ഒരു പണിചെയ്യുന്നതിനും ‘സ്​റ്റാറ്റസ്​’ ഒരു പ്രശ്നമേയല്ല. നോര്‍വെയില്‍ മന്ത്രിമാര്‍ പോലും അവരുടെ വീട്ടിലെ ജോലി സ്വയം ചെയ്യുന്നു.  എ​​​െൻറ സുഹൃത്തായിരുന്ന ഒരു മന്ത്രിയുടെ വീട്ടില്‍ ഒരിക്കൽ ചെന്നപ്പോള്‍ അയാള്‍ അവിടെ പുല്ലു ചെത്തുകയാണ്. പിന്നെ അടുക്കളയില്‍ കയറി പാത്രങ്ങള്‍ ഒക്കെ കഴുകി എനിക്ക് ഒരു ചായ ഇട്ടു തന്നു. ഭാര്യക്ക്‌ അന്ന് ജോലിയായിരുന്നതിനാല്‍ കുട്ടിയെ നോക്കുന്ന പണിയും പുള്ളിയുടെ ചുമതലയായിരുന്നു. നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ക്ക് ഇങ്ങനെ കഴിയ​ുമോ എന്നത്​ ആലോചിക്കുക പോലും വേണ്ട. അങ്ങനെയുള്ളവര്‍ ഇന്ത്യയിൽ പോലും ഉണ്ടാകാനിടയില്ല. ഇപ്പോഴും പഴയ ജന്മിത്ത വ്യവസ്ഥയുടെ ബാക്കി പത്രങ്ങളുമായാണല്ലോ നമ്മുടെ രാഷ്​ട്രീയക്കാരുടെ നടപ്പ്​. അതില്‍ മിക്ക പേരും പരുഷ മേധാവിത്വത്തില്‍ വിശ്വസിക്കുന്നവരും. മെയ്യനങ്ങി പണി ചെയ്യാത്തവരുമാണ്​.

ഒരിക്കല്‍ എ​​​െൻറ ബാത്ത് റൂമിലെ ചൂടുവെള്ളം വരുന്ന പൈപ്പു ലൈന്‍ തകരാറായി. കൊടും തണുപ്പ് കാലത്ത് ചുടുവെള്ളം ഇല്ലെങ്കില്‍ കാര്യം പോക്കാണ്. ഒരു പ്ലംബറെ കിട്ടാന്‍ ഒരാഴ്ച മു​േമ്പ ബുക്ക്‌ ചെയ്ത്​ അപ്പേയിൻറ്​മ​​െൻറ്​ വാങ്ങണം. അതും മിനിമം നൂറു ഡോളര്‍ ഫീസ്‌. അവസാനം നോര്‍വെയിലെ എ​​​െൻറ സുഹൃത്ത്‌ ഫെഡ്രിക്കിനെ കാര്യം അറിയിച്ചു. അദ്ദേഹം വൈകിട്ട് വന്നു നോക്കാം എന്ന് പറഞ്ഞു. ഒരു ടൂള്‍ ബോക്സും ആയാണ് ഫെഡ്രിക്​ വന്നത്. പിന്നെയാണ് അറിഞ്ഞത്​ നോർവെയിലെ മിക്ക വീടുകളിലും അങ്ങനെയുള്ള ഒരു ടൂള്‍ ബോക്സ് ഉണ്ടെന്ന്​. അഞ്ചു മിനിട്ടിനുള്ളില്‍ കാര്യം ശരിയാക്കി.  അദ്ദേഹം ശരിക്കും ഒരു സകല കലാവല്ലഭന്‍ തന്നെയായിരുന്നു. ഇതൊക്കെ എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസ്സിലും പഠിച്ചതാണ്. അപ്പോഴാണ്‌ എനിക്ക് ഇതിന്‍റെ എ.ബി.സി.ഡി പോലും അറിയില്ലല്ലോ എന്ന്​ മനസ്സിലായത്.

നോര്‍വേയില്‍ വച്ചാണ് ഞാന്‍ സ്വയം പര്യാപ്തമായി ജീവിക്കുവാന്‍ പഠിച്ചത്. കാരണം ഒരുവിധം മാന്യമായി പുറത്തുനിന്ന്​ ഭക്ഷണം കഴിക്കണമെങ്കില്‍ ദിവസം 500 ക്രോനോളം ചിലവാണ്‌. അതായത്​ ഏകദേശം 100 ഡോളര്‍. കേരളത്തിലെ മിഡില്‍ ക്ലാസ്സ്‌ സംസ്കാരത്തില്‍ വളര്‍ന്ന എനിക്ക് അങ്ങനെ ‘കാശു ചിലവാക്കാന്‍’ മടി. അങ്ങനെയാണ് സ്വയം പാചകം ചെയ്​ത്​ പഠിച്ചത്. പക്ഷേ, രാവിലെ മിക്കപ്പോഴും പഴംകഞ്ഞി തൈരും പച്ച മുളക് ഉടച്ചതും എല്ലാം കൂടി കുഴച്ചു അൽപം ഇടി ചമ്മന്തിയൊക്കെ ഇട്ടു ശാപ്പിട്ടിരുന്ന എന്നെ നോക്കി ഒരാഴ്ച ഓസ്​ലോയിൽ എ​​​െൻറ കൂടെ താമസിച്ചിരുന്ന പ്രശസ്തനായ എഴുത്തുകാരന്‍ സഖറിയ കളിയാക്കുമായിരുന്നു.
‘ഇവിടേം ഒരുത്തന് പഴങ്കഞ്ഞി തന്നെ ശരണം. ഓസ്​ലോയിൽ പഴങ്കഞ്ഞി കുടിച്ചിട്ട് ദിവസേന ഓഫീസില്‍ പോകുന്ന ഒരുത്തന്‍ മാത്രമേ ഉണ്ടാകൂ..‘‘

പക്ഷേ, കാര്യം ശരിയാണ്. ഏല്ലാ ദിവസവും ഓരോ പാചക കലകള്‍ പരീക്ഷിക്കുമായിരുന്നെങ്കിലും രാവിലെ ചെറുപ്പത്തില്‍ ശീലിച്ച പഴങ്കഞ്ഞി തന്നെ ശരണം. ഓഫീസില്‍ പോകുന്നതിനു മുമ്പ്​  കട്ടന്‍ ചായയും പിന്നെ പഴംകഞ്ഞിയും ആയിരുന്നു മൃഷ്​ടാന്ന ഭോജനം. വീട് തൂത്ത് വാരുവാനും പഠിച്ചു . കാരണം വീട് വൃത്തിയാക്കാൻ പുറത്തുനിന്ന്​ ആളെ വെച്ചാൽ ആഴ്ചയില്‍ ഒരു 250 ഡോളര്‍ പോയി കിട്ടും. അത് മുതലാകില്ല. അങ്ങനെ എല്ലാ ശനിയാഴ്ചയും രാവിലെ തൂപ്പ്​ ദിനമായി. പിന്നെ തുണിയലക്ക്​. ഞായറാഴ്ച തുണി തേപ്പ്​. അങ്ങനെ സ്വയം പര്യാപ്​തയിലേക്ക്​ മുന്നേറി. വേണേല്‍ ചക്ക വേരിലും കായ്​ക്കും എന്ന്​ അനുഭവിച്ചറിഞ്ഞു.

അതുവരെ ജോലി ചെയ്​തിരുന്ന സ്ഥലങ്ങളില്‍ വീട്ട​ു പണികളെല്ലാം നിർവഹിച്ചിരുന്നത്​ മേയ്​ഡുമാരും പാചകക്കാരുമായിരുന്നു. ബാ​േങ്കാക്കിൽ നേരത്തെ താമസിച്ചപ്പോള്‍ മെയ്യനങ്ങി ഒരു പണിയും ചെയ്​തിരുന്നില്ല. കാരണം ‘ഭഗവതി’ എന്നു പേരായ ബര്‍മീസ് നേപ്പാളി മെയ്ഡ് തുണി എല്ലാം ഭംഗിയായി അലക്കി തേച്ചു എ​​​െൻറ സ്ഥിരം യാത്ര പെട്ടികളിലൊന്നിൽ അടുക്കി വെച്ചിരിക്കും. ഒരിക്കലും ബാഗ്‌ പാക് പോലും ചെയ്യാതെ ഓഫീസില്‍ നിന്ന് വന്നു പെട്ടിയും എടുത്തു എയർപോർട്ടിലേക്ക്​ ഒറ്റ പോക്കായിരുന്നു. ആ യാത്ര കഴിഞ്ഞു വരുമ്പോഴേക്കും അടുത്ത പെട്ടി റെഡി . ഭഗവതി നന്നായി പാചകം ചെയ്യുമായിരുന്നു. ബാ​േങ്കാക്കിൽ സുകുംവിത്തിലെ സോയി 18ൽ ഉള്ള എ​​​െൻറ വീട്ടില്‍ കേരളത്തിലെ പല സുഹൃത്തുക്കളും വന്നു താമസിച്ചിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി വിളമ്പുന്നത് ഭഗവതിയാണ്. അങ്ങനെ അവരില്‍ ചിലരാണ് ‘ഭഗവതി ശരണം’ എന്ന പേര് അവള്‍ക്കിട്ടത് . ബാം​േങ്കാക്കിലെ ആദ്യത്തെ ഏഴുകൊല്ലം ‘ഭഗവതി ശരണം’ ആയതു കൊണ്ട് ഒരിക്കല്‍ പോലും പാചകമോ തുണി അലക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും ആരൊക്കെ വന്നാലും ഭക്ഷണം എവറെഡി!

പക്ഷേ, നോര്‍വെയിൽ ചില വര്‍ഷങ്ങള്‍ ജീവിച്ചു തിരിച്ചു എന്‍റെ രണ്ടാം ബാ​േങ്കാക്ക്​ വാസത്തിനെത്തിയ​േ​പ്പാൾ ‘ഭഗവതി ശരണം’ ഇല്ലാതെ ജീവിക്കാൻ പഠിച്ചു. സ്വയം പാചകം . സ്വയം വീട് തൂത്തുവാരൽ, തുണി അലക്കൽ... അങ്ങനെ സ്വയം പര്യാപ്ത്തമായി ജീവിക്കുവാന്‍ പഠിച്ചത് ഒസ്ലോവിലെ തണുപ്പില്‍ ആണ്. നോര്‍വേയില്‍ നിന്ന് പഠിച്ചത് കൊണ്ട് ഇന്ന് സ്വയം പാചകവും , പഴംകഞ്ഞിയും , തുണി നനപ്പും , വീട് തൂത്ത് വാരലും ശീലമായി. താമസിക്കാന്‍ വലിയ വീട് വേണ്ട എന്നുവെച്ചു. വലിയ വീടുകള്‍ തൂത്ത് വാരാന്‍ എത്ര എളുപ്പമല്ല. പലപ്പോഴും ആലോചിക്കാറുണ്ട് രണ്ടോ മൂന്നോ പേര്‍ മാത്രമുള്ള ഒരു വീട്ടില്‍ എന്തിനാണ് ആറു ബെഡ് റൂമും മറ്റു സന്നാഹങ്ങളുമായി വന്‍ മാളികകള്‍ പണിയുന്നത് എന്ന്.

വലിയ വീടുകള്‍ അനാവശ്യമാണെന്ന  പാഠം നോർവെയില്‍ നിന്ന് പഠിച്ചതാണ്.  അവിടെ മിക്ക ആളുകളും വീട് അത്യാവശ്യം ജീവിക്കുവാനുള്ള ഒരു ഇടം മാത്രമായാണ്​ കാണുന്നത്. അത് പത്രാസ്​ കാണിക്കാനല്ല. അവിടെ വലിയ വിലയുള്ള കാറ് ഉള്ളവര്‍ പലപ്പോഴും അത് വീക്ക്‌ എൻഡ്​ ലോങ്ങ്‌ ഡ്രൈവിനു മാത്രം ഉപയോഗിക്കുന്നവരാണ്​. മന്ത്രിമാരടക്കം പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കും. അതുകൊണ്ട് തന്നെ ഞങ്ങള്‍ വലിയ വീട് വച്ചില്ല. ഒരു മൂന്ന് മുറി ഫ്ലാറ്റിന്‍റെ ആവശ്യമേയുള്ളൂ. അത് വൃത്തി ആക്കാന്‍ എളുപ്പവുമാണ്​. 

ഇത് പറയാന്‍ കാരണം, കേരളത്തില്‍ കുട്ടികളെ നീന്തല്‍, പ്ലംബിംഗ്, ഇലക്​ട്രിക്​ റിപയര്‍, കാര്‍ ^ ബൈക്ക് റിപ്പയര്‍, കാർപൻററി എല്ലാം പഠിക്കാൻ അവസരം കൊടുക്കണം. ആണ്‍കുട്ടികള്‍ക്കും പെൺകുട്ടികൾക്കും ഒരുപോലെ പഠിക്കാന്‍ അവസരം നല്‍കണം. സ്വയം പര്യാപ്തമായി ജീവിക്കാനുള്ള  കഴിവുകൾ വരും കാലങ്ങളില്‍ ആവശ്യമാണ്‌. സ്കില്‍ ബിൽഡിങ്​ തുട​േങ്ങണ്ടത് ചെറുപ്പത്തിലാണ്​. ഇതിനു സ്കൂളില്‍ പുതിയ അധ്യാപകരെ നിയമിക്കണ്ട കാര്യമേ ഇല്ല. ഈ ട്രെയിനിംഗ് ഔട്ട്‌ സോഴ്സ് ചെയ്യാന്‍ ഒരു പ്രയാസവും ഇല്ല.

നമ്മുടെ കുട്ടികളെ വെറും ‘പഠിപ്പിസ്​റ്റുകൾ’  ആക്കി, കോച്ചിങ്​ എന്ന പാതകത്തിന്​  വിട്ട്​ ഡോക്റടറും ഐ.എ.എസുകാരും എഞ്ചിനീയർമാരും എം.ബി.എ ക്കാരും ഒക്കെ ആക്കുന്ന തിരക്കില്‍ അവരെ അടിസ്​ഥാന ജീവിതത്തിനുള്ള ശേഷികൾ പഠിപ്പിക്കാൻ നമ്മൾ  മറന്നുപോകുന്നു. സ്കൂളുകള്‍ എങ്ങനെ കൂടുതല്‍ കാര്യങ്ങള്‍ കാണാതെ പഠിച്ചു ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടാം എന്ന ഒരു ‘ഫാക്​ടറി’ ആയി മാറുന്ന ദുരവസ്ഥ. സ്കൂളുകൾ പോലും ഇപ്പോള്‍ എൻട്രൻസ്​ കോച്ചിങ്​ കേന്ദ്രങ്ങളാണ്​. അങ്ങനെ രാവിലെ അഞ്ചു മണി മുതല്‍ രാത്രി പത്തുമണി വരെ മെയ്യനങ്ങാതെ പാഠ പുസ്തകം മാത്രം പഠിച്ചു ‘മിടുക്കരായി’ ജോലി വാങ്ങുന്ന പലരും ജീവിതത്തില്‍ പരാജയപ്പെടുന്നതി​​​െൻറ ഒരു കാരണം ബേസിക് ലൈഫ് സ്കില്ലിന്‍റെ അഭാവമാണ്. അവര്‍ക്ക് പലര്‍ക്കും ഡിഗ്രികള്‍ ഉണ്ടെങ്കിലും ഒരു ചെറിയ കാര്യം പോലും സ്വയം ചെയ്യാനുള്ള കഴിവുണ്ടാവില്ല. ചിലര്‍ക്കൊക്കെ വീട്ടിലെ പരിശീലനം കാരണം ചില കഴിവുകൾ  ഒക്കെ പഠിച്ചിരിക്കും . പക്ഷേ, പഠനത്തിൽ മാത്രം ശ്രദ്ധയുള്ള പലര്‍ക്കും, പ്രത്യേകിച്ചു ആണ്‍പിള്ളേര്‍ക്ക്, സ്വന്തമായി ഒരു ചായ പോലും ഇടാൻ  അറിയില്ലായിരിക്കും. മെക്കാനിക്കല്‍, ഇലക്​ട്രിക്കൽ, എഞ്ചിനിയറിങ്​ ഒക്കെ കഴിഞ്ഞ പലര്‍ക്കും ഒരു ഫ്യുസ്​ കെട്ടാനോ ടാപ്പ് മാറ്റാനോ അറിയാനുള്ള സാധ്യത വളരെ കുറവാണ്. ഇഷ്​ടം പോലെ പോലെ വെള്ളവും പുഴകളും കടലും ഒക്കെയുള്ള കേരളത്തില്‍ നീന്താൻ അറിയുന്നവര്‍ വിരളം!!

കേരളത്തിലും ഇപ്പോള്‍ പ്ലംബറെ കിട്ടണമെങ്കില്‍ ബുക്ക്‌ ചെയ്ത് അപ്പോയിൻമ​​െൻറ്​ എടുക്കണ്ടതാണ്. സ്വന്തം അനുഭവത്തില്‍ നിന്നും പറയുകയാണ്‌ .അതുകൊണ്ട് പിള്ളേര്‍ അത്യവശ്യം പണി ഒക്കെ പഠിച്ചാല്‍ ഭാവിയില്‍ ജീവിച്ചു പോകാം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnorwaymalayalam newsMemoriesJS AdoorFeature News
News Summary - Norway Memories by JS Adoor-Feature News
Next Story