എം.ബി.ബി.എസ് പ്രവേശനം: ആയുഷ് ബിരുദക്കാർക്ക് കേന്ദ്ര ക്വോട്ടയില്ല -സർക്കാർ
text_fieldsന്യൂഡൽഹി: നീറ്റ്-യു.ജി വഴി എം.ബി.ബി.എസ് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ആയുഷ് ബിരുദധാരികൾക്ക് കേന്ദ്ര തലത്തിൽ പ്രത്യേക സംവരണ നയമില്ലെന്ന് ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയെ അറിയിച്ചു. ദേശീയ മെഡിക്കൽ കമീഷൻ നിശ്ചയിച്ച ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ നിയമ പ്രകാരം യോഗ്യതയുള്ള ആയുഷ് ബിരുദധാരികൾക്ക് നീറ്റ് പരീക്ഷ എഴുതാവുന്നതാണ്. എന്നാൽ, ആയുഷ് ബിരുദത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കില്ലെന്ന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള കൗൺസലിങ് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത സംവരണ നയങ്ങൾക്കനുസൃതമായി മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് നടത്തുന്നത്. ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശത്തെയും സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം അതത് അതോറിറ്റികൾ നിശ്ചയിച്ച സംവരണ നയങ്ങൾക്കും യോഗ്യതാ മാനദണ്ഡങ്ങൾക്കും അനുസൃതമായിട്ടായിരിക്കും. കേരളത്തിൽ സ്റ്റേറ്റ് ക്വോട്ടക്ക് കീഴിൽ ആയുഷ് ഉദ്യോഗാർഥികൾക്ക് 11 എം.ബി.ബി.എസ് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടെന്നും അനുപ്രിയ പട്ടേൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

