പുതിയ ബിരുദ കോഴ്സുമായി ഐ.ഐ.എം കോഴിക്കോട്
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) കോഴിക്കോട് സമർഥരായ പ്ലസ് ടു വിദ്യാർഥികൾക്കായി 2025-26 അധ്യയനവർഷം കൊച്ചി കാമ്പസിൽ പുതിയ നാലു വർഷ ഫുൾടൈം ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ബി.എം.എസ്) കോഴ്സ് ആരംഭിക്കുന്നു.
പുതു തലമുറയിൽപെടുന്ന വിദ്യാർഥികളെ ആഗോളതലത്തിൽ വ്യവസായ-വാണിജ്യ മേഖലക്കാവശ്യമായ യുവ മാനേജരായി മാറ്റുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. ഒരുപക്ഷേ മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിൽ പ്രതിഭാധനരായ വിദ്യാർഥികളെ ബിസിനസ് ലീഡർഷിപ്പിലേക്ക് നയിക്കുന്ന ആദ്യ റെസിഡൻഷ്യൽ ബാച്ചിലർ പ്രോഗ്രാമായിരിക്കും ഇത്.
മൾട്ടിപ്പിൾ കരിയറിലേക്ക് വിദ്യാർഥികളെ സജ്ജരാക്കുന്ന വിധത്തിലാണ് പാഠ്യപദ്ധതി. എട്ട് സെമസ്റ്റുകളുള്ള നാല് വർഷ ബി.എം.എസ് വിത്ത് ഓണേഴ്സ് ആൻഡ് റിസർച്ച് പ്രോഗ്രാമിൽ മാനേജ്മെന്റ് മേജറായും ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈക്കോളജി ആൻഡ് ബിഹേവിയറൽ സയൻസസ്, ഫിനാൻസ് ആൻഡ് ബിഗ്ഡാറ്റ, ലിബറൽ സ്റ്റഡീസ് ഇൻ മാനേജ്മെന്റ്, മാർക്കറ്റിങ് -സെയിൽസ് ആൻഡ് ഡിജിറ്റൽ പ്രമോഷൻ എന്നീ വിഷയങ്ങളിലൊന്ന് മൈനറായും തിരഞ്ഞെടുത്ത് പഠിക്കാം.
മാനേജ്മെന്റ് മേജർ വിഭാഗത്തിൽ മാർക്കറ്റിങ് ഓർഗനൈസേഷനൽ ബിഹേവിയർ, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, ഓപറേഷൻസ് മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, ഇന്റർനാഷനൽ ബിസിനസ്, ഡിജിറ്റൽ ബിസിനസ്, റീട്ടെയിലിങ്, സർവിസ് ഓപറേഷൻസ്, എന്റർപ്രണർഷിപ്, ലീഡർഷിപ്, സസ്റ്റൈനബിലിറ്റി, ഡിസൈൻ തിങ്കിങ് മുതലായ വിഷയങ്ങൾ പഠിക്കാം.
വിശദവിവരങ്ങൾ www.iimk.ac.in ൽ ലഭിക്കും. അപേക്ഷാ ഫീസ് 4250 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിദ്യാർഥികൾക്ക് 2125 രൂപ മതി.
പ്രവേശന യോഗ്യത: ഏതെങ്കിലും സ്കീമിൽ പ്ലസ് ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ ഡിപ്ലോമ. മാർക്ക് നിബന്ധനകളില്ല. 2025 ആഗസ്റ്റ് ഒന്നിന് മുമ്പ് മാർക്ക് ലിസ്റ്റടക്കം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയണം. അക്കാദമിക് മെറിറ്റ്, എൻട്രൻസ് സ്കോർ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
വിജ്ഞാപനത്തിലെ നിർദേശപ്രകാരം ഓൺലൈനിൽ മേയ് 22 വരെ അപേക്ഷിക്കാം. തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത െഎ.ഐ.എം.കെ ബി.എം.എസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ദേശീയ തലത്തിൽ ജൂൺ 22ന് നടത്തും. വെർബൽ, ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി വിലയിരുത്തപ്പെടുന്ന രീതിയിലാവും അഭിരുചി പരീക്ഷ.
ജെ.ഇ.ഇ മെയിൻ സ്കോർ അല്ലെങ്കിൽ സാറ്റ്/ എ.സി.ടി സ്കോർ നേടിയവരെയും അഭിരുചി പരീക്ഷയിൽനിന്ന് ഒഴിവാക്കും. ടെസ്റ്റിൽ യോഗ്യത നേടുന്നവരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കി പ്രവേശനം നൽകും.
ട്യൂഷൻ ഫീസടക്കം ഏഴു ലക്ഷം രൂപയാണ് വാർഷിക ഫീസ്. ഹോസ്റ്റൽ, മെസ് ഫീസ് പുറമെ. കോഷൻ ഡെപോസിറ്റ് 25,000 രൂപ. ഫീസ് നിരക്ക് വെബ്സൈറ്റിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.