കലോത്സവത്തിലെ പുതിയ നിർദേശങ്ങൾ: തീരുമാനത്തിൽ നിന്ന് പിൻമാറി വിദ്യാഭ്യാസ വകുപ്പ്
text_fieldsമലപ്പുറം: സ്കൂള്‍ കലോത്സവ യൂസർ ഗൈഡിലെ പുതിയ നിർദേശങ്ങളിൽ നിന്ന് പിൻവലിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. അറബിക്, സംസ്കൃത കലോത്സവങ്ങളെ ഇല്ലാതാക്കാൻ സർക്കാർ ശ്രമം നടത്തുന്നതായി ആരോപണം ഉയർന്നിരുന്നു. തീരുമാനത്തിനെതിരെ ബുധനാഴ്ച ഡി.ഡി.ഇ ഓഫിസുകളിലേക്ക് ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും നടന്നു. ഇതിനിടെയാണ് തീരുമാനത്തിൽ നിന്ന് അധികൃതർ പിന്നാക്കം പോയിരിക്കുന്നത്.
കലോത്സവത്തോടനുബന്ധിച്ച് നടത്തുന്ന അറബിക്, സംസ്കൃത കലോത്സവം എന്നിവക്ക് സ്കൂള്‍തലത്തില്‍ ആ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത മൂന്നിനങ്ങളിലും ഗ്രൂപ്പ് തലത്തിലെ രണ്ട് ഇനങ്ങളിലും നിലവിൽ പങ്കെടുക്കാമായിരുന്നു. അറബിക് കലോത്സവം, സംസ്കൃതോത്സവം എന്നിവക്ക് പ്രത്യേക പോയന്‍റ് നൽകി ഓവറോള്‍ കൊടുക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇവ പ്രത്യേകമായി നടത്തുന്ന മത്സരങ്ങളായതിനാൽ പങ്കെടുക്കുന്നവർക്ക് ജനറല്‍ വിഭാഗത്തിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ തടസ്സമുണ്ടായിരുന്നില്ല.
ഈ വർഷം അറബിക്, സംസ്കൃതം കലോത്സവം പ്രത്യേകമായി പരിഗണിക്കേണ്ടതില്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് നിർദേശം.
ഇതോടെ അറബിക്, സംസ്കൃതം കലോത്സവങ്ങളില്‍ മൂന്നിനങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെല്ലാം ജനറല്‍ വിഭാഗങ്ങളില്‍ മത്സരിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയായി. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിൽ നിന്ന് യു ടേൺ അടിച്ചത്. ബുധനാഴ്ച ഉച്ച മുതൽ നിലവിലുള്ള രീതിയിൽ തന്നെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നുണ്ടെന്ന് കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുൽ ഹഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

