എൻ.ഐ.ടിയിൽ പുതിയ എം.ടെക് പ്രോഗ്രാമുകൾ
text_fieldsചാത്തമംഗലം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് രണ്ട് പുതിയ എം.ടെക് പ്രോഗ്രാമുകൾ തുടങ്ങുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്ട്മെൻറിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ അനലിറ്റിക്സ്, ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെൻറിൽ ഇലക്ട്രിക് വെഹിക്കിൾ എൻജിനീയറിങ് എന്നിവയാണ് പ്രോഗ്രാമുകൾ. 2023 ജൂലൈ മുതൽ പുതിയ പ്രോഗ്രാമുകൾ ആരംഭിക്കും.
1. എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ അനലിറ്റിക്സ്): സെൽഫ് ഫിനാൻസിങ് രീതിയിൽ നടത്തുന്നതാണ് ഈ എം.ടെക് പ്രോഗ്രാം. അപേക്ഷകർ എൻജിനീയറിങ്/ടെക്നോളജി/സയൻസ് എന്നിവയുടെ ഏതെങ്കിലും ശാഖയിൽ നാലുവർഷത്തെ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ സയൻസ്/
ഗണിതം/സ്റ്റാറ്റിസ്റ്റിക്സ്/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഏതെങ്കിലും ഒരു സ്ട്രീമിൽ രണ്ട്/മൂന്ന് വർഷത്തെ ബിരുദാനന്തര ബിരുദം, അംഗീകൃത സർവകലാശാലയിൽനിന്നോ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നോ GEN/GEN-EWS/OBCക്ക് കുറഞ്ഞത് 60 ശതമാനം മാർക്ക് (അല്ലെങ്കിൽ CGPA 6/10), SC/ST/PwD വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് (അല്ലെങ്കിൽ CGPA 5.5/10) നേടി പാസായിരിക്കണം. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം നടത്തുന്ന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
2. എം.ടെക് (ഇലക്ട്രിക് വെഹിക്കിൾ എൻജിനീയറിങ്): വ്യവസായങ്ങൾ/ആർ ആൻഡ് ഡി സ്ഥാപനങ്ങൾ എന്നിവ സ്പോൺസർ ചെയ്യുന്ന വർക്കിങ് പ്രഫഷനലുകൾ, സ്വയം സ്പോൺസർ ചെയ്യുന്ന വിദ്യാർഥികൾ എന്നിവർക്ക് ഇലക്ട്രിക് വെഹിക്കിൾ എൻജിനീയറിങ്ങിൽ (ഇ.വി.ഇ) എം.ടെക് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.
വ്യവസായങ്ങൾ സ്പോൺസർ ചെയ്യുന്ന വിദ്യാർഥികൾ ഇലക്ട്രിക്കൽ എൻജിനീയറിങ് /ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്/ഓട്ടോമൊബൈൽ എൻജിനീയറിങ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ (അല്ലെങ്കിൽ CGPA 5.0/10) അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂനിവേഴ്സിറ്റിയിൽ നിന്ന് B.E/ B. Tech പാസായിരിക്കണം.
പുതിയ എം.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും നിലവിലുള്ള പി.ജി പ്രോഗ്രാമുകളുടെ സ്വയം സ്പോൺസർ ചെയ്യുന്ന സീറ്റുകൾക്കും ഗേറ്റ് സ്കോർ നിർബന്ധമല്ല. അപേക്ഷ ഫീസ്: OPEN/EWS/OBC/PwD ഉദ്യോഗാർഥികൾക്ക് 1000 രൂപയും എസ്.സി/എസ്.ടി ഉദ്യോഗാർഥികൾക്ക് 500 രൂപയുമാണ്. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 മേയ് 19. കൂടുതൽ വിവരങ്ങൾക്ക് www.nitc.ac.in സന്ദർശിക്കുകയോ പ്രഫ. എ.വി. ബാബു, ചെയർപേഴ്സൻ -പി.ജി അഡ്മിഷൻ, എൻ.ഐ.ടി കോഴിക്കോട് (ഫോൺ: 0495 -2286119, 91-9446930650) ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

