അവിടെ എസ്.എസ്.എൽ.സി പരീക്ഷ; ഇവിടെ വാർഷിക പരീക്ഷ; അധ്യാപകരെ നെട്ടോട്ടമോടിക്കും ഈ ടൈംടേബിൾ
text_fieldsതിരുവനന്തപുരം: സ്കൂൾ വാർഷിക പരീക്ഷകൾ എസ്.എസ്.എൽ.സിക്കിടയിലേക്ക് നീണ്ടത് വിദ്യാർഥികൾക്കും അധ്യാപകർക്കും ദുരിതമാകും. മാർച്ച് 31നാണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്നത്. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ട് വരെയായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപകർ തലേദിവസം തന്നെ മാതൃസ്കൂളിൽനിന്ന് വിടുതൽ വാങ്ങി ഡ്യൂട്ടിയുള്ള സ്കൂളിൽ റിപ്പോർട്ട് ചെയ്യണം. മാർച്ച് 31ന് രാവിലെ 9.45 മുതൽ 11.30 വരെ എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നുണ്ട്. ഇതേദിവസം ഉച്ചക്ക് ശേഷം ഒന്നരമുതൽ ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും വാർഷിക പരീക്ഷയും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ മറ്റൊരു സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകർ അതേദിവസം തന്നെ ഉച്ചക്കുശേഷം വാർഷിക പരീക്ഷ നടത്തിപ്പിനായി മാതൃസ്കൂളിലേക്കും ഓടണം. എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിക്ക് പോകാനായി മാർച്ച് 30ന് തന്നെ അധ്യാപകർ മാതൃസ്കൂളിൽനിന്ന് വിടുതൽ വാങ്ങേണ്ടതിനാൽ അന്നുതന്നെ ഉച്ചക്കുശേഷം മാതൃസ്കൂളിൽ ഒമ്പതാം ക്ലാസിന്റെ ഫിസിക്സ്, എട്ടാം ക്ലാസിന്റെ ഗണിതം പരീക്ഷ ഡ്യൂട്ടികളും ഇതേ അധ്യാപകർ നിർവഹിക്കേണ്ട രീതിയിലാണ് ടൈംടേബിൾ ക്രമീകരിച്ചിരിക്കുന്നത്. പൊതുപരീക്ഷകൾക്കിടയിൽ വാർഷിക പരീക്ഷ ചേർത്തുനടത്തുന്നത് ദൂരസ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകരെയായിരിക്കും കൂടുതൽ വലക്കുക.
വാർഷിക പരീക്ഷ ചില ദിവസങ്ങളിൽ രാവിലെയും ഉച്ചക്കുശേഷവും നടത്തുന്നത് വിദ്യാർഥികൾക്കും ദുരിതമാകും. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഒറ്റ പരീക്ഷ നടത്തുന്നതാണ് പതിവ്. എന്നാൽ ഇത്തവണ മാർച്ച് 26ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്ക് രാവിലെ പത്തുമുതൽ 12.45 വരെ (15 മിനിറ്റ് സമാശ്വാസ സമയം) ഇംഗ്ലീഷ് പരീക്ഷയും ഉച്ചക്കുശേഷം രണ്ട് മുതൽ 3.45 വരെ ബയോളജി പരീക്ഷയും നടത്തുന്ന രീതിയിലാണ് ടൈം ടേബിൾ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും ബുദ്ധിമുട്ട് പരിഹരിക്കുന്ന രീതിയിൽ വാർഷിക പരീക്ഷ ടൈംടേബിൾ പുനഃക്രമീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.