നീറ്റ്-യു.ജി: ഏപ്രിൽ ആറുവരെ അപേക്ഷിക്കാം, പരീക്ഷ മേയ് ഏഴിന്
text_fieldsതിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ് -യു.ജി) 2023ന് ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. തിങ്കളാഴ്ച രാത്രിയോടെയാണ് ഇതുസംബന്ധിച്ച് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏപ്രിൽ ആറിന് രാത്രി ഒമ്പത് വരെ https://www.nta.ac.in/, https://neet.nta.nic.in/ എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാം. നേരേത്ത വിജ്ഞാപനം ചെയ്തതുപ്രകാരം മേയ് ഏഴിന് ഉച്ചക്കുശേഷം രണ്ട് മുതൽ 5.20 വരെയാണ് നീറ്റ് പരീക്ഷ നടക്കുക.
നീറ്റ് യു.ജി; അപേക്ഷ സമർപ്പണത്തിന് ഒരുമാസം സമയം
നീറ്റ് -യു.ജി അപേക്ഷ സമർപ്പണത്തിന് അനുവദിച്ചത് ഒരുമാസം. മാർച്ച് ആറുമുതൽ ഏപ്രിൽ ആറിന് രാത്രി ഒമ്പതുവരെ https://www.nta.ac.in/, https://neet.nta.nic.in/ എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ ആറിന് രാത്രി 11.50 വരെ ഓൺലൈനായി (ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ്/യു.പി.ഐ) ഫീസടക്കാം. അപേക്ഷയിൽ തിരുത്തലിനുള്ള സമയം പിന്നീട് വെബ്സൈറ്റ് വഴി അറിയിക്കും. അപേക്ഷ ഫീസ്: ജനറൽ -1700 രൂപ. ജനറൽ -ഇ.ഡബ്ല്യു.എസ്/ഒ.ബി.സി -നോൺക്രീമിലെയർ -1600 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി/തേർഡ് ജൻഡർ -1000 രൂപ.
രാജ്യത്തിന് പുറത്തുള്ള പരീക്ഷ കേന്ദ്രങ്ങളിൽ അപേക്ഷിക്കുന്നവർ -9500 രൂപ. ബാധകമായ പ്രോസസിങ് ചാർജും ജി.എസ്.ടിയും അപേക്ഷകൻ ഒടുക്കണം. പരീക്ഷ നടത്തുന്ന നഗരങ്ങളുടെ വിവരവും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്ന തീയതിയും പിന്നീട് പ്രസിദ്ധീകരിക്കും.
മേയ് ഏഴിന് ഉച്ചക്കുശേഷം രണ്ടുമുതൽ 5.20 വരെയായി 200 മിനിറ്റായിരിക്കും പരീക്ഷ സമയം. അപേക്ഷകൾ ഓൺലൈൻ രീതിയിൽ (വെബ്സൈറ്റുകൾ: https://neet.nta.nic.in/, https://www.nta.ac.in/ ) മാത്രമേ സ്വീകരിക്കൂ. ഒരാൾ ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. അപേക്ഷയിൽ സമർപ്പിക്കുന്ന ഇ- മെയിൽ വിലാസവും മൊബൈൽ നമ്പറും അപേക്ഷകരുടേതോ രക്ഷാകർത്താക്കളുടേതോ ആയിരിക്കണം.
പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽനിന്നുള്ള അറിയിപ്പുകൾ അപേക്ഷയിൽ നൽകുന്ന ഇ- മെയിൽ, മൊബൈൽ നമ്പറുകൾ വഴി മാത്രമായിരിക്കും. അപേക്ഷ സമർപ്പണത്തിനായി ആശ്രയിക്കുന്ന കമ്പ്യൂട്ടർ സെൻററുകൾ, അക്ഷയ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ഇ- മെയിൽ വിലാസമോ മൊബൈൽ നമ്പറോ നൽകരുത്. മുഴുവൻ അപേക്ഷകരും ഓൺലൈൻ അപേക്ഷക്കൊപ്പം വിലാസം (നിലവിലുള്ളതും സ്ഥിരവുമായ വിലാസങ്ങൾ) സൂചിപ്പിക്കുന്ന രേഖ അപ്ലോഡ് ചെയ്യണം. ആധാർ കാർഡ്/സ്ഥിരതാമസക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റ്/ പാസ്പോർട്ട്/ വോട്ടർ ഐ.ഡി തുടങ്ങിയ രേഖകൾ ഇതിനായി ഉപയോഗിക്കാം. രണ്ട് രേഖകൾ ആവശ്യമായവർ ഇവ ഒറ്റ പി.ഡി.എഫ് ഫയൽ ആയാണ് സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പണത്തിന് മുമ്പായി https://neet.nta.nic.in/ എന്ന വെബ്സൈറ്റിലുള്ള വിശദമായ ഇൻഫർമേഷൻ ബുള്ളറ്റിൻ വായിച്ചിരിക്കണം. നീറ്റ് -യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 011-40759000 എന്ന നമ്പറിലോ neet@nta.ac.in എന്ന ഇ- മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. നീറ്റ് യു.ജി പരീക്ഷക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാകും. മലയാളത്തിലുള്ള ചോദ്യപേപ്പർ കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും ലഭ്യമാകുക.
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ:
കേരളത്തിൽ ആലപ്പുഴ/ ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/ മൂവാറ്റുപുഴ/ കണ്ണൂർ/ കാസർകോട്/ കൊല്ലം/ കോട്ടയം/കോഴിക്കോട്/ മലപ്പുറം/പാലക്കാട്/തിരുവനന്തപുരം/തൃശൂർ/ഇടുക്കി/പത്തനംതിട്ട/പയ്യന്നൂർ/ വയനാട് എന്നിവയായിരിക്കും പരീക്ഷ നടക്കുന്ന നഗരകേന്ദ്രങ്ങൾ. ലക്ഷദ്വീപിൽ കവരത്തിയിലായിരിക്കും പരീക്ഷ. വിദേശത്ത് കുവൈത്ത് സിറ്റി, ദുബൈ, അബൂദബി, ബാങ്കോക്ക്, കൊളംബോ, ദോഹ, കാഠ്മണ്ഡു, ക്വാലാലംപുർ, ലാഗോസ്, മനാമ, റിയാദ്, ഷാർജ, സിംഗപ്പൂർ എന്നിവിടങ്ങിലും പരീക്ഷ കേന്ദ്രങ്ങളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.