ചെന്നൈ: തമിഴിൽ നീറ്റ് എഴുതിയ വിദ്യാർഥികൾക്ക് 196 മാർക്ക് കൂടുതലായി നൽകാനും ഇൗ മാർക്കുകൂടി ഉൾപ്പെടുത്തി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണമെന്നുമുള്ള മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിെൻറ ഉത്തരവിനെതിരെ സി.ബി.എസ്.ഇ സുപ്രീംകോടതിയിലേക്ക്. അതിനിടെ മദ്രാസ് ഹൈകോടതിയിലെ ഹരജിക്കാരനായ സി.പി.എം രാജ്യസഭാംഗം ടി.കെ. രംഗരാജൻ സുപ്രീംകോടതിയിൽ ബുധനാഴ്ച തടസ്സഹരജി നൽകി.
നീറ്റ് തമിഴ് ചോദ്യപേപ്പറിലെ 49 ചോദ്യങ്ങളിൽ പിഴവുണ്ടെന്നും ഇതിെൻറ മാർക്ക് വിദ്യാർഥികൾക്ക് നൽകണമെന്നും അല്ലാത്തപക്ഷം മെഡിക്കൽ പ്രവേശനം പ്ലസ് ടു മാർക്കിെൻറ അടിസ്ഥാനത്തിൽ നടത്തണമെന്നുമാണ് രംഗരാജൻ ഹൈകോടതിയിൽ ആവശ്യപ്പെട്ടത്. തുടർന്നാണ് ജസ്റ്റിസ് സി.ടി. ശെൽവം, എ.എം. ബഷീർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് ഇറക്കിയത്. ചോദ്യക്കടലാസ് തമിഴിലേക്ക് വിവർത്തനം ചെയ്തത് ഭാഷാവിദഗ്ധരാണെന്നും പരീക്ഷ നടത്തിപ്പിെൻറ ചുമതല മാത്രമാണ് തങ്ങൾക്കുള്ളതെന്നും സി.ബി.എസ്.ഇ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. തമിഴ്നാട്ടിലെ 24,000ത്തിലധികം വിദ്യാർഥികൾക്ക് കോടതിവിധി പ്രയോജനമാവും.
ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സി.ബി.എസ്.ഇ കേന്ദ്രങ്ങൾ അറിയിച്ച സാഹചര്യത്തിൽ ടി.കെ. രംഗരാജൻ ബുധനാഴ്ച സുപ്രീംകോടതിയിൽ തടസ്സഹരജി സമർപിച്ചു. തങ്ങളുടെ വാദം കേൾക്കാതെ ഹരജിയിൽ തീർപ്പ് കൽപിക്കരുതെന്നാണ് ആവശ്യം. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികളെയാണ് സംസ്ഥാന സർക്കാർ പിന്തുണക്കുകയെന്നും ഇക്കാര്യത്തിൽ സി.ബി.എസ്.ഇ നിലപാട് സ്വീകരിച്ചശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കർ അറിയിച്ചു.
മൊത്തം 720 മാർക്കിെൻറ 180 ചോദ്യങ്ങളാണ് നീറ്റ് പരീക്ഷയിലുള്ളത്. മെഡിക്കൽ കൗൺസിലിങ് അന്തിമഘട്ടത്തിലായ നിലയിൽ കോടതിവിധി നടപടിക്രമങ്ങളെ കീഴ്മേൽമറിച്ചതായാണ് സി.ബി.എസ്.ഇ കേന്ദ്രങ്ങളുടെ നിലപാട്. അതിനിടെ നിലവിൽ മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർഥികളും കോടതിയെ സമീപിക്കാനിരിക്കയാണ്. േമയ് ആറിന് 136 നഗരങ്ങളിലായി 11 ഭാഷകളിലാണ് നീറ്റ് നടത്തിയത്.