നീറ്റ് പി.ജി പുനഃപരീക്ഷക്കെതിരെ സുപ്രീംകോടതിയിൽ ഹരജി; 2445 വിദ്യാർഥികളുടെ പരീക്ഷക്ക് മാറ്റമില്ല
text_fieldsന്യൂഡൽഹി: നീറ്റ് പി.ജി 2026 പുനഃപരീക്ഷക്കെതിരെ സുപ്രീംകോടതിയിൽ ഹരജി. സാങ്കേതിക തകരാറിനെ തുടർന്ന് 2445 വിദ്യാർഥികൾക്കായി നിശ്ചയിച്ച പുനഃപരീക്ഷക്കെതിരെയാണ് ഹരജി.
സെപ്റ്റംബർ അഞ്ചിന് നടത്താനിരിക്കുന്ന പുനഃപരീക്ഷ സുപ്രീംകോടതിയുടെ നേരത്തെയുള്ള ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് വിഷയമെത്തിയത്. ഹരജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ നീറ്റ് സംബന്ധമായ വിഷയങ്ങൾ പരിഗണിക്കുന്ന നിയുക്ത ബെഞ്ചിന് മുമ്പാകെ ഹരജി സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിക്കുകയായിരുന്നു.
ആഗസ്റ്റ് 30നാണ് രാജ്യവ്യാപകമായി നീറ്റ് പി.ജി പരീക്ഷ നടന്നത്. 2,65,980 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,63,535 പേരുടെ പരീക്ഷ വിജയകരമായി പൂർത്തിയായതായി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. എന്നാൽ ജയ്പൂരിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിൽ ഉണ്ടായ സാങ്കേതിക തടസ്സത്തെ തുടർന്ന് 2,445 വിദ്യാർഥികൾക്ക് പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇവർക്കായി പ്രത്യേക പുനഃപരീക്ഷ നടത്താൻ എൻ.ബി.ഇ.എം.എസ് തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ അഞ്ചിന് ഉച്ച മൂന്ന് മണിക്കാണ് പുനഃപരീക്ഷ നടത്തുക.
ജയ്പൂരിലെ പരീക്ഷാകേന്ദ്രങ്ങളിലുണ്ടായ വൈദ്യുതി തടസ്സമാണ് സാങ്കേതിക പ്രശ്നത്തിന് കാരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എൻ.ബി.ഇ.എം.എസ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സാങ്കേതിക തടസ്സം നേരിട്ട വിദ്യാർഥികൾക്ക് മാത്രം പ്രത്യേകമായി വീണ്ടും പരീക്ഷ നടത്തുന്നത് സുപ്രീംകോടതിയുടെ നേരത്തെയുള്ള നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ നിയമപരമായി നിലനിൽക്കുമോ എന്നാണ് ഹരജിക്കാർ ചോദ്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

