നീറ്റ് മേയ് അഞ്ചിന്, ജെ.ഇ.ഇ മെയിൻ ജനുവരി 24 മുതൽ
text_fieldsന്യൂഡൽഹി: അടുത്ത വർഷത്തെ വിവിധ പ്രധാന പരീക്ഷകളുടെ തീയതി നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് -യു.ജി) മേയ് അഞ്ചിന് നടക്കും. ജെ.ഇ.ഇ മെയിൻ 2024 സെഷൻ ഒന്ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജനുവരി 24 മുതൽ ഫെബ്രുവരി ഒന്നുവരെയും സെഷൻ രണ്ട് പരീക്ഷ ഏപ്രിൽ ഒന്ന് മുതൽ 15 വരെയും നടക്കും.
രാജ്യത്തെ പ്രധാന മൂന്ന് പ്രവേശന പരീക്ഷകളുടെ തീയതി യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) പ്രഖ്യാപിച്ചു. കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി-യു.ജി) മേയ് 15 മുതൽ 31വരെ നടക്കും. ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ സി.യു.ഇ.ടി-പി.ജി മാർച്ച് 11 മുതൽ 28വരെയും നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂൺ 10 മുതൽ 21വരെയും നടക്കും.
പരീക്ഷ സമാപിച്ച് മൂന്നാഴ്ചക്കകം ഫലം പ്രഖ്യാപിക്കുമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ പറഞ്ഞു.