Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right1000 കോടി രൂപ! നീറ്റ്...

1000 കോടി രൂപ! നീറ്റ് ചോർച്ച, സി.ബി.എസ്.ഇ ക്രമക്കേടിൽ സർക്കാറിന് അധിക ബാധ്യത

text_fields
bookmark_border
NEET UG
cancel

ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും സി.ബി.എസ്.ഇ 12ാം ക്ലാസ് മൂല്യനിർണയത്തിലെ പാളിച്ചകളും കാരണം സർക്കാറിന് 1,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

പരീക്ഷ നടത്തിപ്പിലെ ഭരണപരമായ വീഴ്ചകളും അപാകതകളും പരിഹരിക്കുന്നതിനാണ് ഈ ഭീമമായ തുക ചെലവഴിക്കേണ്ടി വരുന്നത്. 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് നീറ്റ് യു.ജി പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ രോഷം മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച പരീക്ഷാർഥികൾക്കുള്ള റീഫണ്ട് നൽകുന്നതിന് മാത്രം 330 കോടി രൂപയോളം ചെലവുവരും.

രാജ്യവ്യാപകമായി പുതിയ പരീക്ഷ കേന്ദ്രങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി വീണ്ടും പരീക്ഷ നടത്താൻ 220 മുതൽ 330 കോടി രൂപ വരെ അധികമായി കണ്ടെത്തണം. നിയമപരമായ ചെലവുകൾ, അന്വേഷണങ്ങൾ, സാങ്കേതിക നവീകരണം എന്നിവ കൂടിയാകുമ്പോൾ നീറ്റ് വിവാദം മൂലമുള്ള ആകെ സാമ്പത്തിക ബാധ്യത 550 കോടി രൂപ കടക്കും.

സി.ബി.എസ്.ഇ പുതുതായി നടപ്പിലാക്കിയ ഓൺ-സ്ക്രീൻ മാർക്കിങ് സംവിധാനത്തിലെ പാളിച്ചകളും സർക്കാറിന് വൻതുക ബാധ്യതയാകും. മൂല്യനിർണയത്തിൽ സംശയം തോന്നി 4.04 ലക്ഷത്തിലധികം വിദ്യാർഥികളാണ് 11.31 ലക്ഷം ഉത്തരക്കടലാസുകളുടെ പകർപ്പുകൾക്കായി അപേക്ഷിച്ചത്. പ്രതിഷേധത്തെ തുടർന്ന് ഉത്തരക്കടലാസ് പകർപ്പിനും പുനർമൂല്യനിർണയത്തിനുമുള്ള ഫീസ് സി.ബി.എസ്.ഇ കുത്തനെ കുറച്ചിരുന്നു.

ഫീസിളവ് നൽകിയ വകയിൽ മാത്രം 68 കോടി രൂപ നഷ്ടമാണ്. ജീവനക്കാരുടെ അധിക വേതനവും സാങ്കേതിക സൗകര്യങ്ങളുടെ ചെലവും ഉൾപ്പെടെ സി.ബി.എസ്.ഇ വഴി സർക്കാറിനുണ്ടായ ആകെ നഷ്ടം 100 കോടി രൂപക്ക് മുകളിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മുൻകരുതൽ എടുക്കുന്നതിനുപകരം, വീഴ്ചകൾ സംഭവിച്ച ശേഷം നഷ്ടപരിഹാരം നൽകുന്ന രീതി സാമ്പത്തിക വ്യവസ്ഥക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് വിവിധ കോണുകളിൽ നിന്നും അഭിപ്രായമുയർന്നു.

നീറ്റ് ചോർച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാക്കിയത് വലിയ മാനസികാഘാതം -സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻ.ടി.എ) കൃത്യമായ ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും സുപ്രീംകോടതി.

വർഷങ്ങളായുള്ള വിദ്യാർഥികളുടെ കഠിനാധ്വാനത്തെയാണ് ഇത്തരം ചോർച്ചകൾ ഇല്ലാതാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച്, ഇതുവരെ ഇത്തരം ആരോപണങ്ങൾ നേരിട്ടിട്ടില്ലാത്ത യു.പി.എസ്.സി പോലുള്ള സ്ഥാപനങ്ങളിൽനിന്ന് എൻ.ടി.എ പാഠമുൾക്കൊള്ളണമെന്നും നിരീക്ഷിച്ചു.

പരീക്ഷ നടത്തിപ്പിലെ വീഴ്ചകൾ തടയാനും എൻ.ടി.എയുടെ പ്രവർത്തന ശേഷി ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്ന നടപടികൾ വിശദീകരിച്ച് ആറാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷ സംവിധാനം കുറ്റമറ്റതാക്കാനുള്ള നടപടികൾ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നുണ്ടെന്ന് എൻ.ടി.എക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസ് വീണ്ടും ജൂലൈ രണ്ടാംവാരം പരിഗണിക്കും.ദേശീയ പരീക്ഷ സംവിധാനത്തിലുള്ള വിശ്വാസ്യത സംരക്ഷിക്കാൻ വേണ്ടിയാണ് മേയ് മൂന്നിലെ നീറ്റ് യു.ജി റദ്ദാക്കിയതെന്ന് എൻ.ടി.എ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ചോദ്യപേപ്പർ തയാറാക്കുന്നതിലും അച്ചടിക്കുന്നതിലും സുരക്ഷ കർശനമാക്കി.

എ,ബി,സി,ഡി സീരീസുകൾക്ക് പകരം ഇനി മുതൽ ചോദ്യപേപ്പറുകളിൽ വലിയ കോഡുകളാകും ഉപയോഗിക്കുക. ഇനിമുതൽ ഇന്ത്യ പോസ്റ്റ് വഴി ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കും. അച്ചടി കേന്ദ്രങ്ങളിൽ നിന്ന് നോഡൽ ഹബ്ബുകളിലേക്കുള്ള മാറ്റത്തിന് കേന്ദ്ര സായുധ പൊലീസ് സേനയുടെ (സി.എ.പി.എഫ്) അകമ്പടിയുണ്ടാകും. പരീക്ഷ ആരംഭിക്കുന്നതിന് 45 മിനിറ്റുമുമ്പ് മാത്രമേ ചോദ്യപേപ്പറുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകൾ തുറക്കുകയുള്ളൂ.

പുനഃപരീക്ഷക്ക് ശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടാകും. ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന, നിർമിത ബുദ്ധിയുടെ സഹായത്തോടെ സി.സി.ടി.വി നിരീക്ഷണം, മൊബൈൽ ജാമറുകൾ എന്നിവ പരീക്ഷാ കേന്ദ്രങ്ങളിൽ ഉറപ്പാക്കും. അടുത്ത നീറ്റ്-യു.ജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കി മാറ്റാൻ തീരുമാനിച്ചതായും എൻ.ടി.എ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEneetexamsNEET paper leak
News Summary - NEET Leak and CBSE Irregularities: ₹1,000 Crore for Damage Control: Cost of India's Exam Crisis
Next Story