നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നീട്ടിവെക്കണമെന്ന് സംസ്ഥാനങ്ങൾ
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ നടക്കുന്ന നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നീട്ടിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങളും. രോഗവ്യാപനം രൂക്ഷമായ സമയത്ത് പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബാംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ കത്തയച്ചു.
പരീക്ഷക്കെതിരെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം നിരാഹാര സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എതിർപ്പുമായി സംസ്ഥാനങ്ങളും രംഗത്തുവരുന്നത്. ഈ സമയത്ത് പരീക്ഷ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതാകുമെന്ന് മുഖ്യമന്ത്രിമാർ കത്തിൽ വ്യക്തമാക്കി.
ഏകപക്ഷീയവും ഉദ്യോഗസ്ഥ തലത്തിലുമുള്ള തീരുമാനം കുട്ടികളുടെ ജീവന് പന്താടുന്നതിന് തുല്യമാണെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാലിന് അയച്ച കത്തില്‍ പറഞ്ഞു. വിദ്യാർഥികളുടെ ആരോഗ്യം അപകടത്തിലാക്കുന്നതാണ് തീരുമാനമെന്നും, വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും മഹാരാഷ്ട്ര ടൂറിസം മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. കോവിഡ് രോഗബാധ രൂക്ഷമായതോടെ പലയിടത്തും കണ്ടെയ്ൻമെൻറ് സോണുകളാണെന്നും പൊതുഗതാഗതം ആരംഭിച്ചിട്ടില്ലെന്നും ആദിത്യ താക്കറെ ചൂണ്ടിക്കാട്ടി. പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി തുടങ്ങിയവർ നേരത്തേ രംഗത്തുവന്നിരുന്നു. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.