'ഡാൻസിങ് ഗേളി'ന് വസ്ത്രം ധരിപ്പിച്ച് എൻ.സി.ഇ.ആർ.ടി; ചരിത്ര ശിൽപത്തിൽ മാറ്റം വരുത്തിയത് വൻ വിവാദത്തിലേക്ക്
text_fieldsന്യൂഡൽഹി: സിന്ധുനദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നായ മൊഹൻജൊദാരോയിലെ 'ഡാൻസിങ് ഗേൾ' വെങ്കല ശിൽപം എൻ.സി.ഇ.ആർ.ടിയുടെ പുതിയ പാഠപുസ്തകത്തിൽ പ്രത്യക്ഷപ്പെട്ടത് വസ്ത്രം ധരിപ്പിച്ച രൂപത്തിൽ. ശിൽപത്തിന്റെ നഗ്നത മറക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രമാണ് ഒൻപതാം ക്ലാസിലെ പുതിയ കല വിദ്യാഭ്യാസ പാഠപുസ്തകമായ 'മധുരിമ'യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നടപടിക്കെതിരെ ചരിത്രകാരന്മാരും വിദഗ്ധരും രംഗത്തെത്തിയതോടെ സംഭവം വൻ വിവാദമായിരിക്കുകയാണ്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എൻ.സി.ഇ.ആർ.ടി ആദ്യമായി പുറത്തിറക്കിയ കലാ വിദ്യാഭ്യാസ പാഠപുസ്തക പരമ്പരയിലെ ഒന്നാം അധ്യായമായ 'ഹിസ്റ്ററി ഓഫ് ആർട്സ്' എന്ന ഭാഗത്താണ് ഈ എഡിറ്റ് ചെയ്ത ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥ ശിൽപത്തിൽ ദൃശ്യമായിരുന്ന ശരീരഭാഗങ്ങൾ തോളിൽ നിന്ന് താഴോട്ട് നിഴൽ ഉപയോഗിച്ച് മറയ്ക്കുകയും വസ്ത്രം ധരിച്ചിട്ടുണ്ടെന്ന തോന്നൽ ഉളവാക്കുകയും ചെയ്യുന്ന രീതിയിലാണ് പുതിയ ചിത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 25 വർഷത്തിലേറെയായി എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഈ ശിൽപത്തിന്റെ ചിത്രം കൃത്യമായി ഉപയോഗിക്കുന്നുണ്ട്. മുമ്പ് വാജ്‌പേയി സർക്കാരിന്റെ കാലത്ത് മുരളി മനോഹർ ജോഷി വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോൾ പോലും ഈ ചിത്രത്തിന്റെ യഥാർത്ഥ രൂപം തന്നെയാണ് പുസ്തകങ്ങളിൽ ഉണ്ടായിരുന്നത്. ചരിത്രത്തിലാദ്യമായാണ് ഇതിന്റെ രൂപത്തിൽ ഇത്തരമൊരു മാറ്റം വരുത്തുന്നത്.
ലോസ്റ്റ്-വാക്സ് കാസ്റ്റിങ് എന്ന പുരാതന വെങ്കല സാങ്കേതികവിദ്യയുടെ ഉത്തമ ഉദാഹരണമായി പുരാവസ്തു ഗവേഷകർ ചൂണ്ടിക്കാണിക്കുന്ന ഈ ശിൽപം നിലവിൽ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചിത്രത്തിൽ വരുത്തിയ മാറ്റം വിദ്യാർഥികളോട് ചെയ്യുന്ന അനീതിയാണെന്ന് മുൻ എൻ.സി.ഇ.ആർ.ടി പാഠപുസ്തക വികസന സമിതി അധ്യക്ഷനും പ്രശസ്ത ചരിത്രകാരനുമായ മിഷേൽ ഡാനിനോ പ്രതികരിച്ചു.
‘ചിത്രത്തിൽ വരുത്തിയ ഈ മാറ്റം വെറുമൊരു തിരുത്തലല്ല, മറിച്ച് സെൻസർഷിപ്പാണ്. വിക്ടോറിയൻ ധാർമികതയിലേക്ക് നാം മടങ്ങിപ്പോകേണ്ടതുണ്ടോ? നഗ്നതയാണ് പ്രശ്നമെങ്കിൽ കുട്ടികളെ നാഷണൽ മ്യൂസിയത്തിൽ കയറ്റാൻ കഴിയില്ലല്ലോ. അവിടെ ഇതുപോലെ നിരവധി അപ്സരസ്സുകളുടെയും ദേവതമാരുടെയും അർദ്ധനഗ്ന ശിൽപങ്ങളുണ്ട്. നിലവിലില്ലാത്ത ഒരു വ്യാജ ചരിത്രവസ്തുവിനെ സൃഷ്ടിക്കുകയാണ് എൻ.സി.ഇ.ആർ.ടി ഇവിടെ ചെയ്തിരിക്കുന്നത്’ മിഷേൽ ഡാനിനോ പറഞ്ഞു.
സിന്ധുനദീതട സംസ്കാരത്തെക്കുറിച്ചുള്ള ആറാം ക്ലാസിലെ പുസ്തകത്തിന്റെ കവർ പേജിൽ ഈ ചിത്രം വെക്കുന്നതിനെ എൻ.സി.ഇ.ആർ.ടി മുമ്പ് എതിർത്തിരുന്നതായും, നഗ്നത വിവാദമാകുമെന്ന് ഭയന്ന് ചിത്രം പുസ്തകത്തിന്റെ ഉള്ളിലെ പേജുകളിലേക്ക് മാറ്റാൻ താൻ നിർബന്ധിതനായതായും ഡാനിനോ വെളിപ്പെടുത്തി.
എന്നാൽ ചിത്രത്തിൽ മാറ്റം വരുത്തിയതിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും, ആറാം ക്ലാസിലെ സോഷ്യൽ സയൻസ് പുസ്തകത്തിൽ യഥാർത്ഥ ചിത്രം തന്നെയുണ്ടെന്നും എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് പാഠപുസ്തക നിർമാണ സമിതിയുമായി (TDT) ബന്ധപ്പെടാനാണ് അദ്ദേഹം നിർദേശിച്ചത്.
അതേസമയം, കലാ വിദ്യാഭ്യാസ പുസ്തക നിർമാണ സമിതിയുടെ തലവനായ സന്ധ്യാ പുരേച്ച വിഷയത്തിൽ ഇതുവരെ പ്രതികരണത്തിന് തയാറായിട്ടില്ല. കോടതി വ്യവഹാരങ്ങളിലെ കാലതാമസം സംബന്ധിച്ച പരാമർശങ്ങൾ എട്ടാം ക്ലാസ് പുസ്തകത്തിൽ നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് മിഷേൽ ഡാനിനോ അടുത്തിടെ സമിതിയിൽ നിന്ന് രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

