ജോബ് @ മൾട്ടി ലെവൽ
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാഴുന്ന ഇക്കാലത്ത് ഒരു തൊഴിലിടമല്ല, ഒരേസമയം വിവിധ തൊഴിലിടങ്ങൾ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നുണ്ട്. ടെക്‌സ്റ്റ്, ചിത്രങ്ങൾ, ഗ്രാഫിക്സ്, ഓഡിയോ, വിഡിയോ, ഇൻറർ ആക്ടിവിറ്റി തുടങ്ങിയവയെല്ലാം ഒരുമിക്കുന്ന മൾട്ടിമീഡിയ രംഗം നിരവധി തൊഴിൽസാധ്യതകളുടെ കേന്ദ്രമാണ്. കലയും ശാസ്ത്രവും സാഹിത്യവും വാണിജ്യവും വ്യവസായവുമെല്ലാം ഒരുപോലെ ഇഴചേർന്ന മൾട്ടിമീഡിയയുടെ കീഴിലാണ് ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, കാർട്ടൂൺ, ഗെയിമിങ്, വെബ് ഡിസൈൻ തുടങ്ങിയ തൊഴിൽ മേഖലകളെല്ലാം.
ആനിമേറ്റർമാർക്കും വിഷ്വൽ ഇഫക്ട്സ് മേഖലയിലുള്ളവർക്കും എവിടെ തിരിഞ്ഞാലും തൊഴിലവസരങ്ങളാണ്. സിനിമ, കാര്‍ട്ടൂണ്‍, പരസ്യം, ഗെയിമിങ്, ഇ-ലേണിങ് തുടങ്ങി ഒരുപാട് മേഖലകളിൽ ഇവരെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനത്തിനും വരക്കാനുള്ള കഴിവിനും നിരീക്ഷണബുദ്ധിക്കും ഈ മേഖലയില്‍ പ്രാധാന്യമുണ്ട്. ലോകത്തെ പ്രമുഖ വിനോദവ്യവസായങ്ങൾ ആനിമേഷൻ രംഗത്തേക്ക് പ്രതിഭകളെ തേടാൻ ആദ്യം ആശ്രയിക്കുന്നത് ഇന്ത്യയെയാണ്.
കോടികളുടെ ഗെയിമിങ് മേഖല
ആയിരക്കണക്കിന് കോടികളുടെ ബിസിനസ് നടക്കുന്ന മേഖലയാണ് ഗെയിമിങ് വ്യവസായം. മികച്ച ആനിമേഷനും ഗ്രാഫിക്സുമുള്ള ഗെയിമുകൾക്ക് കമ്പ്യൂട്ടറിനെയോ പ്ലേസ്റ്റേഷനെയോ ആശ്രയിക്കേണ്ടിവരുന്ന കാലമൊക്കെ പോയി, ഇന്ന് മൊബൈല്‍ ഫോണിനുവേണ്ടി നിർമിക്കപ്പെടുന്ന ഗെയിമുകളിലും ജീവസ്സുറ്റ കഥാപാത്രങ്ങളെയും മറ്റും നിർമിച്ച് ആനിമേറ്റർമാർ ഞെട്ടിക്കുന്നുണ്ട്.
സാങ്കേതികവിദ്യയില്‍ വാസനയും പരിധിയില്ലാത്ത ഭാവനയും ക്ഷമയുമുള്ളവർക്ക് ഗെയിം നിര്‍മാണ മേഖല അനുയോജ്യമായ ഒന്നാണ്. സാങ്കേതികവിദ്യ, ശാസ്ത്രം, എൻജിനീയറിങ്, ഗണിതശാസ്ത്രം, ഡിസൈൻ, ആർട്ട്, ആനിമേഷൻ തുടങ്ങിയവയെ സംയോജിപ്പിച്ചാണ് ഓരോ ഗെയിമും വിഡിയോ ഗെയിം ഡിസൈനർമാർ നിർമിക്കുന്നത്. ഇത് ഡെവലപ്പർമാർക്ക് സമ്മാനിക്കുന്നത് കോടികളുടെ വേതനം.
ഗെയിം ഡിസൈനർ, ഗെയിം ഡെവലപ്പർ, സ്ക്രിപ്റ്റ് റൈറ്റർ, ഗെയിം ടെസ്റ്റർ, 2ഡി/3ഡി ആനിമേറ്റർ, അഡ്വർടൈസിങ് ആർട്ടിസ്റ്റ്, കാർട്ടൂണിങ് വിദഗ്ധർ, എന്റർടെയ്ൻമെൻറ് സ്പെഷലിസ്റ്റ്, വിഷ്വൽ ഇഫക്ട്സ് എക്സ‌്പർട്ട്, ഗെയിം ജേണലിസ്റ്റ്, ഇൻറർഫേസ് ആർട്ടിസ്റ്റ്, മ്യൂസിക് കമ്പോസർ, ടെക്സ്ചർ ആർട്ടിസ്റ്റ്, വോയ്സ് ആക്ടർ തുടങ്ങി അവസരങ്ങൾ ഒരുപാടുണ്ട്. അതിനു പുറമെ വിഡിയോ ഗെയിം ഡിസൈനർമാർക്ക് മൊബൈൽ ടെക്നോളജി ബിസിനസ്, വിദ്യാഭ്യാസം, അഡ്വർടൈസിങ് ആൻഡ് മാർക്കറ്റിങ്, വെബ് ഡിസൈൻ വ്യവസായങ്ങൾ എന്നിവക്കായി ഗെയിമുകൾ നിർമിക്കാനും അവസരമുണ്ട്.
സിനിമയിലുമുണ്ട് അവസരങ്ങൾ
സിനിമാരംഗവും ഇപ്പോൾ ആനിമേറ്റർമാർക്ക് അവസരങ്ങളുടെ അക്ഷയഖനിയാണ്. ഗ്രാഫിക്സ്, വിഷ്വൽ ഇഫക്ട്സ്, 3ഡി ആനിമേഷൻ തുടങ്ങി നിരവധി ഏരിയകളുണ്ട്. ചരിത്രം സൃഷ്ടിച്ച ‘അവതാർ’ പോലുള്ള സിനിമ ഇത്തരത്തിൽ ആനിമേറ്റർമാരുടെയും മറ്റും ശ്രമഫലമായാണ് എത്തിയതെന്ന് എല്ലാവർക്കും അറിയാം. വിഷ്വൽ ഇഫക്ടുകളും സി.ജി.ഐയും (കമ്പ്യൂട്ടർ-ജനറേറ്റഡ് ഇമേജറി) ആനിമേഷനും മറ്റ് 3ഡി ഘടകങ്ങളൊക്കെ വലിയ തോതിൽ സിനിമാവ്യവസായത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്.
ചിന്തിപ്പിക്കുന്ന കാർട്ടൂൺ
കാർട്ടൂൺ അത്ര സിംപ്ൾ കാര്യമല്ല. ലക്ഷങ്ങളാണ് മാസവേതനം. ഓരോ കാർട്ടൂണിന്റെയും പിന്നിൽ ആയിരക്കണക്കിന് ആനിമേറ്റർമാരുടെ കഴിവും പരിശ്രമവുമുണ്ട്. കമ്പ്യൂട്ടറിന്റെ സഹായത്താൽ കഥാപാത്രങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ജീവന്‍ പകരുകയാണ് ആനിമേറ്റര്‍. ക്രിയാത്മക ചിന്തകളെ വർണവിസ്മയമാക്കാനുള്ള കഴിവും ആ ആശയങ്ങളെ മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള മിടുക്കുമുണ്ടെങ്കിൽ ഒരുപാട് അവസരങ്ങളാണ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

